പന്തലാംപാടത്ത് വളർത്തുമൃഗങ്ങൾക്ക് നേരെ പേപ്പട്ടി ആക്രമണം
text_fieldsവടക്കഞ്ചേരി: പന്നിയങ്കര പന്തലാംപാടത്ത് പേവിഷബാധയേറ്റ തെരുവുനായ് നിരവധി വളർത്തുമൃഗങ്ങളെ കടിച്ച് പരിക്കേൽപിച്ചു. മേരിമാതാ ഹയർസെക്കൻഡറി സ്കൂളിന് പിറകിലായി താമസിക്കുന്ന ദേവസ്യ ജോസഫിന്റെ രണ്ട് ആടുകൾക്കും ഭവദാസന്റെ പശുക്കുട്ടി, സമീപത്തെ വീടുകളിലെ താറാവ്, നായ്ക്കുട്ടികൾ എന്നിവക്കും കടിയേറ്റിട്ടുണ്ട്. വിദ്യാർഥിയായ കിരൺ നിജു, വീട്ടമ്മ സൂസി എന്നിവരെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞു മാറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഇവരുടെ വസ്ത്രങ്ങൾ മാത്രമാണ് കീറിയത്.
പേവിഷ ബാധയേറ്റ തെരുവുനായെ നാട്ടുകാർ സമീപത്തെ പറമ്പുകളിൽ തിരഞ്ഞതിനെ തുടർന്ന് ചത്ത നിലയിൽ കണ്ടെത്തി. തുടർന്ന് മണ്ണുത്തി വെറ്ററിനറി ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ പേവിഷ ബാധ സ്ഥിരീകരിച്ചതോടെ നാട്ടുകാർ പരിഭ്രാന്തരായി. കടിയേറ്റ വളർത്തുമൃഗങ്ങൾക്ക് കണ്ണമ്പ്ര മൃഗാശുപത്രിയിൽനിന്ന് ഡോക്ടറെത്തി പരിശോധന നടത്തി വാക്സിൻ നൽകി.
ആക്രമണശ്രമം നേരിട്ടവർ ആശുപത്രികളിലെത്തി വാക്സിനെടുത്തു. സംഭവം നടന്ന വീടുകൾ കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് എം. സുമതി, വൈസ് പ്രസിഡന്റ് കെ.ആർ. മുരളി, അംഗങ്ങളായ കെ. ചന്ദ്രശേഖരൻ, കെ. അബ്ദുൽ ഷുക്കൂർ എന്നിവർ സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.