നിർധന കുടുംബത്തിന് വീടുവെക്കാൻ ഭൂമി നൽകി അധ്യാപക ദമ്പതികൾ
text_fieldsവടക്കഞ്ചേരി (പാലക്കാട്): നിർധന കുടുംബത്തിന് വീടുവെക്കാൻ ഏഴര സെന്‍റ് സ്ഥലം സംഭാവന നൽകി റിട്ട. അധ്യാപകദമ്പതികൾ മാതൃകയാകുന്നു. വടക്കഞ്ചേരി മുടപ്പല്ലൂർ പന്തപ്പറമ്പ് വെളുത്താക്കൽ വി. രാജശേഖരൻ -പി. സരസ്വതി ദമ്പതികളാണ് ലക്ഷങ്ങൾ നൽകി വാങ്ങിയ 58.5 സെന്‍റ് സ്ഥലത്തുനിന്ന് ഏഴര സെന്റ് സി.പി.എം മുടപ്പല്ലൂർ ലോക്കൽ കമ്മിറ്റിക്ക് കൈമാറിയത്. ഇവിടെ മൂന്ന് കുടുംബങ്ങൾക്ക് ലോക്കൽ കമ്മിറ്റി വീടൊരുക്കും.
ലൈഫ് പദ്ധതിയിൽ വീട് കിട്ടാൻ സാങ്കേതിക തടസ്സമുള്ള രണ്ട് കുടുംബങ്ങൾക്കായുള്ള വീടിന് ശനിയാഴ്ച തറക്കല്ലിട്ടു. കല്ലിടൽ ചടങ്ങിൽത്തന്നെ നാട്ടുകാരിൽനിന്ന് സംഭാവനയായി രണ്ടര ലക്ഷം രൂപ ലഭിച്ചു. ബാക്കി രണ്ടര സെന്‍റ് സ്ഥലം ലൈഫിൽ വീട് അനുവദിച്ചുകിട്ടിയ മറ്റൊരു കുടുംബത്തിന് നൽകും.
ആലത്തൂർ എ.എസ്.എം.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകനാണ് വി. രാജശേഖരൻ. ഭാര്യ പി. സരസ്വതി ചിറ്റിലഞ്ചേരി പി.കെ.എം.എ യു.പി സ്കൂൾ പ്രധാനാധ്യാപികയായി കഴിഞ്ഞവർഷമാണ് വിരമിച്ചത്. 2010ലെ സംസ്ഥാന അധ്യാപക അവാർഡ് ജേതാവാണ് രാജശേഖരൻ. വീടുകളുടെ തറക്കല്ലിടൽ കർമം സി.പി.എം ജില്ല സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം സി.കെ. രാജേന്ദ്രൻ എന്നിവർ ചേർന്ന് നിർവഹിച്ചു.
ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശി അധ്യക്ഷനായി. ആർ. ഗംഗാധരൻ, ആർ. ശശികുമാർ, വി. രാജശേഖരൻ, പി. ഗംഗാധരൻ, ഡോ. ലോനപ്പൻ എന്നിവർ സംസാരിച്ചു. അധ്യാപക ദമ്പതിമാരെ ചടങ്ങിൽ ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.