ഡിജിറ്റൽ കാലത്തും അവസാനിക്കുന്നില്ല പോത്തുവണ്ടി യുഗം
text_fieldsവടക്കഞ്ചേരി: നെല്ലറയുടെ പ്രതാപത്തിെൻറ അടയാളമായ പോത്തുവണ്ടി മലയോര മേഖലയില്‍ ഇപ്പോഴും സജീവം. കിഴക്കഞ്ചേരി സ്വദേശിയായ കുമാരനാണ് ആധുനിക സൗകര്യങ്ങള്‍ വര്‍ധിച്ച കാലത്തും പോത്തുവണ്ടി ഉപയോഗിക്കുന്നത്. ഒരുകാലത്ത് നെല്‍പാടങ്ങളില്‍നിന്ന് കൊയ്തെടുക്കുന്ന നെല്ലും വയ്ക്കോലും വീട്ടിലേക്ക് കൊണ്ടുവരാനും അങ്ങാടിയില്‍ പോകാനും മരം കടത്താനുമായി ഉപയോഗിച്ചിരുന്ന പോത്തുവണ്ടിയാണ് ഇപ്പോള്‍ പേരിന് മാത്രമായി ഉപയോഗിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്ലളവ് കണക്കാക്കുന്നതുപോലും വണ്ടിക്കണക്കിനായിരുന്നു.
ഇപ്പോള്‍ മോട്ടോര്‍ വാഹനങ്ങള്‍ സജീവമായതോടെ ഈ മേഖലക്കും തൊഴില്‍ നഷ്ടമായി. ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലായി 200ലധികം കാള, പോത്തു വണ്ടികൾ ഉണ്ടായിരുന്നു. അന്ന് അവരുടെ നേതൃത്വത്തില്‍ കാളവണ്ടി തൊഴിലാളി യൂനിയനും ഉണ്ടാക്കി സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍, ആളുകള്‍ കൂടുതലും മോട്ടോര്‍ വാഹനങ്ങളെ ആശ്രയിച്ചതോടെ മിക്കവറും കാളവണ്ടി ഒഴിവാക്കി. ഇടക്കാലത്ത് മൃഗസ്നേഹികളുടെ പരാതികള്‍ വർധിച്ചതും പോത്തുകളെ ഭാരം വലിപ്പിക്കാൻ ഉപയോഗിക്കുന്നതിന് നിയന്ത്രണം വന്നതും തൊഴില്‍ മേഖലക്ക് ഭീഷണിയായതായി കുമാരന് പറയുന്നു. ഇതോടെയാണ് മിക്കവരും പോത്തുവണ്ടി ഒഴിവാക്കിയത്. ചിലയിടങ്ങളില്‍ വീട്ടില്‍ ചന്തത്തിനും മറ്റു ചിലയിടങ്ങളിലും പുരാവസ്തുപോലെ സൂക്ഷിക്കാനുമാണ് ഇപ്പോള്‍ വണ്ടി ഉപയോഗിക്കുന്നത്.
പാലക്കാട് മാര്‍ക്കറ്റില്‍നിന്ന് സാധനങ്ങള്‍ കൊണ്ടുവന്ന് മലയോര മേഖയിലെ കടകളിലേക്ക് പോത്തുവണ്ടിയില്‍ സാധനങ്ങള്‍ കൊണ്ടുവന്നിരുന്നു.
ഇപ്പോള്‍ കിഴക്കഞ്ചേരി സ്വദേശിയായ കുമാരെൻറ പക്കല്‍ മാത്രമാണ് താലൂക്കില്‍ പോത്തുവണ്ടിയുള്ളത്്. അത്യാവശ്യം മരം കടത്തുന്നതിനും ചെറു സാധനങ്ങള്‍ കടത്തുന്നതിനും മാത്രാമായാണ് ഇപ്പോള്‍ പോത്തുവണ്ടി ഉപയോഗിക്കുന്നത്. 35 വര്‍ഷത്തിലധികമായി ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നതിനാല്‍ ഉപേക്ഷിക്കാന്‍ കഴിയാത്തതിനാലാണ് വരുമാനം കുറവാണെങ്കിലും ഈ തൊഴിലില്‍ പിടിച്ചുനില്‍ക്കുന്നതെന്ന് കുമാരന് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.