കൃഷിഭൂമി വനം വകുപ്പ് വീണ്ടും അളക്കുന്നു; പിടിച്ചെടുത്ത് കൃഷിക്കാരെ ഇറക്കിവിടാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്ന് നാട്ടുകാർ
text_fieldsവടക്കഞ്ചേരി: ഇരട്ടക്കുളം ചീകോട്ടിൽ ദേശീയപാതയോരത്ത് ജണ്ടകെട്ടി തിരിച്ച സ്വകാര്യ കൃഷിഭൂമി വീണ്ടും അളക്കാൻ വനം വകുപ്പ്. ആധാരങ്ങളും പട്ടയമുൾപ്പെടെയുള്ള രേഖകളുള്ള സ്വകാര്യ ഭൂമിയിലെ വീടുകൾക്ക് നടുവിലൂടെയാണ് വനം വകുപ്പിെൻറ പുതിയ അതിർത്തി നിർണയം.
വെള്ളിയാഴ്ച വൈകീട്ടാണ് വീടുകളിരിക്കുന്ന സ്ഥലം വനഭൂമിയിൽ ഉൾപ്പെട്ടതാണെന്ന് കാണിച്ച് അളന്ന് കുറ്റിയടിച്ചത്. ഇതോടെ നാല് വീടുകൾ പൂർണമായും രണ്ട് വീടുകൾ ഭാഗികമായും വനാതിർത്തിക്കുള്ളിൽ ആയി. എതിർപ്പുമായി സ്ഥല ഉടമകളും വീട്ടുകാരും എത്തിയെങ്കിലും വകവെക്കാതെയായിരുന്നു അളക്കൽ. ഒമ്പത് പേർക്കാണ് ചീകോട്ടിൽ വനാതിർത്തിയോട് ചേർന്ന് ഭൂമിയുള്ളത്.
1995ൽ ഈ ഭാഗത്ത് വനാതിർത്തി നിർണയിച്ച് വനംവകുപ്പ് ജണ്ടയിട്ടിരുന്നു. അന്ന് അതിർത്തി നിർണയിച്ചപ്പോൾ എല്ലാവരുടെയും കൃഷിഭൂമി വനാതിർത്തിക്കുള്ളിൽപെട്ടു.
പട്ടയവും കരമടച്ചതിെൻറ രേഖകളും ആധാരങ്ങളും കാണിച്ചെങ്കിലും ഇതൊന്നും പരിഗണിക്കാതെ വനംവകുപ്പ് ജണ്ടകെട്ടുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. ഒരിക്കൽ അതിർത്തി നിർണയിച്ച് ജണ്ടയിട്ട ഭാഗത്തെ അളവുകൾ എങ്ങനെയാണ് മാറി വീടിനു നടുവിലൂടെയായതെന്നാണ് വീട്ടുകാരുടെ ചോദ്യം.
ഘട്ടം ഘട്ടമായി ഭൂമി പിടിച്ചെടുത്ത് കൃഷിക്കാരെ ഇറക്കിവിടാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. കുറേ വീട്ടുകാർക്ക് 2005ൽ സംയുക്ത പരിശോധന നടത്തിയിരുന്നു.
വനം വകുപ്പ് അളന്നുതിരിച്ച ഭൂമി സ്വകാര്യ വ്യക്തികളുടേതാണെന്ന് സംയുക്ത പരിശോധനയിൽ വ്യക്തമായി തെളിഞ്ഞിട്ടുള്ളതാണ്.
നിയമപ്രകാരം 1977ന് മുമ്പ് കൈവശം വെച്ചുവരുന്ന വനഭൂമിയുടെ അവകാശം കൈവശക്കാരനാണ്. 2005ൽ നടന്ന വനം-റവന്യൂ-സർവേ സംഘം നടത്തിയ സംയുക്ത പരിശോധനയിൽ ചീകോട്ടിലെ ഭൂമി 1977ന് മുമ്പ് കൈവശംവെച്ച് വരുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്.
എന്നാൽ, വീണ്ടും വനം വകുപ്പ് എതിർത്തതോടെ ഇവിടെയുള്ളവർക്ക് സ്ഥലത്തിന് നികുതി അടക്കാൻ പോലും സാധിക്കുന്നില്ല. സ്വകാര്യ വ്യക്തികളുടെ കൈവശ ഭൂമിയിൽ റബർ, കശുമാവ്, പ്ലാവ്, മറ്റു വൃക്ഷങ്ങൾ തുടങ്ങിയവയാണുള്ളത്. 1990 മുതൽ ടാപ്പിങ് നടത്തുന്നതാണ് റബർ മരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.