റോഡ് തകർച്ച: സഞ്ചരിക്കാൻ ഗതികെട്ട് യാത്രക്കാർ; എണ്ണിത്തീർക്കാനാവാതെ കുഴികൾ നിറഞ്ഞ് സംസ്ഥാനപാത
text_fieldsവടക്കഞ്ചേരി: മഴക്കാലം തുടങ്ങിയതോടെ മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതിൽ വലിയ കുഴികള്‍ രൂപപ്പെട്ടു. മംഗലം പാലം മുതൽ ചിറ്റിലഞ്ചേരി വരെയുള്ള ഭാഗത്താണ് കുഴികൾ കൂടുതലുള്ളത്. ഇവിടെ ഇരുചക്ര വാഹന യാത്രികർ അപകടത്തില്‍പെടുന്നത് പതിവാണ്. ജൂൺ ആദ്യവാരത്തിൽ കുഴികൾ അടച്ച കുഴികൾ വൻ ഗർത്തങ്ങളായി രൂപപ്പെട്ടു. മംഗലം പാലത്തിനടുത്ത് സ്ഥിരം അപകടമേഖലയായ ബൈപാസിന്റെ മുന്നില്‍ കിടങ്ങു കണക്കെയുള്ള കുഴിയാണുള്ളത്. കൂടാതെ മിനി ഇൻഡസ്ട്രിയുടെ അടുത്തും നിരവധി കുഴികളുണ്ട്.
ഇതിനടുത്ത് റോഡിലെ കള്‍വർട്ട് ഏത് സമയവും തകർന്ന് വീഴാമെന്ന സ്ഥിതിയിലാണിപ്പോള്‍. കള്‍വർട്ടിന്റെ പകുതിഭാഗം ഈയടുത്ത് വാർപ്പ് കഴിഞ്ഞിരുന്നു. ശേഷിച്ച ഭാഗമാണ് അപകടാവസ്ഥയിലുള്ളത്. പണികള്‍ മഴക്കാലമാകാൻ കാത്തുനിന്നതാണ് ദുരിതത്തിനിടയാക്കിയത്. മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം അപകടക്കുഴികളുടെ ആഴവും പരപ്പും കൂടി നാട്ടുകാർ ഇവിടെ അപകട മുന്നറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. റോഡ് ദേശീയപാത നിലവാരത്തിൽ നാലുവരി പാതയാക്കി വികസിപ്പിക്കും എന്നൊക്കെ പറഞ്ഞ് വർഷങ്ങളായി നല്ല രീതിയിലുള്ള റീടാറിങ് നടന്നിട്ടില്ല. താൽക്കാലികമായ കുഴിയടക്കല്‍ മാത്രമാണ് വർഷങ്ങളായി ഇവിടെ നടക്കുന്നത്. ഡ്രൈനേജ് സംവിധാനത്തിന്റെ പോരായ്മയാണ് പാതയുടെ തകർച്ചയുടെ കാരണം.
യാത്രക്കാരെ വെള്ളത്തിൽ മുക്കി എം.എൽ.എ റോഡിലെ വെള്ളക്കെട്ട്
പാലക്കാട്: മഴക്കാലമായാൽ റോഡരികിലെ വെള്ളക്കെട്ട് വാഹന- കാൽനടയാത്രക്കാർക്ക് ദുരിതം തീർക്കുന്നു. അഴുക്കുചാലുകൾ അടഞ്ഞതും മഴ പെയ്താൽ വെള്ളം ഒഴുകിപ്പോകാൻ സംവിധാനമില്ലാത്തതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. മഴ പെയ്തുകഴിഞ്ഞാലും ദിവസങ്ങളോളം വെള്ളംകെട്ടി നിൽക്കുന്നതും പ്രദേശവാസികൾക്കും യാത്രക്കാർക്കും ദുരിതമാകുന്നുണ്ട്. പാലക്കാട് കോട്ടായി റോഡിലെ അത്താലൂരിനും പുളിയംപറമ്പിനും ഇടയിലുള്ള എം.എൽ.എ റോഡ് ജങ്ഷനിൽ ഇത്തരത്തിൽ വെള്ളം കെട്ടിനിൽക്കുന്നത് കാലങ്ങളായി പ്രദേശത്തുള്ള സ്ഥാപനങ്ങൾക്കും കാൽനടയാത്രക്കാർക്കും വിനയാകുന്നുണ്ട്. ഇരുവശത്തും അഴുക്കുചാലുകൾ ഉണ്ടെങ്കിലും റോഡിന് കുറുകെയുള്ള കലുങ്ക് അടഞ്ഞതാണ് നിലവിലെ സ്ഥിതിക്ക് കാരണം. ഇതുമൂലം അത്താലൂരിൽനിന്നും എം.എൽ.എ റോഡിലേക്ക് തിരിയുന്നിടത്ത് ദിവസങ്ങളായി വെള്ളം കെട്ടിനിൽക്കുകയാണ്. സമീപത്തെ കടകളിലേക്ക് വെള്ളം തെറിക്കുന്നതു മൂലം കച്ചവട സ്ഥാപനങ്ങൾ കടക്കുമുന്നിൽ വീപ്പ നിരത്തി താൽക്കാലിക പരിഹാരം കാണുകയാണ്.
അഴുക്കുചാലിലെ തടസ്സങ്ങൾ നീക്കാത്തിടത്തോളം റോഡിലെ വെള്ളക്കെട്ടിന് പരിഹാരമാകില്ലെന്നാണ് സമീപവാസികൾ പറയുന്നത്. പഞ്ചായത്ത് അധികൃതർ ഇടപ്പെട്ട് അഴുക്കുചാലുകൾ നവീകരിക്കണമെന്നാവശ്യം ശക്തമാകുകയാണ്.
അഴുക്കുചാൽ മൂടിയില്ല; യാത്രക്കാർക്ക് അപകട ഭീഷണി
പത്തിരിപ്പാല: ടൗണിലെ മൂടാത്ത അഴുക്കുചാൽ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു. സംസ്ഥാന പാതയിലെ തിരക്കേറിയ സ്ഥലത്തുള്ള കനാൽ പാലത്തിന്റെ മുകളിലെ അഴുക്കുചാലാണ് 20 വർഷത്തിലേറെയായി മൂടാതെ കിടക്കുന്നത്. മലേഷ്യൻ കമ്പനി റോഡ് നിർമിക്കുമ്പോഴുള്ള അഴുക്കുചാലാണിത്. ഒന്നര മീറ്റർ താഴ്ചയിലും 15 മീറ്റർ നീളത്തിലുമാണ് മൂടാതെ കിടക്കുന്നത്. കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും വലിയ ഭീഷണിയായിട്ടുണ്ട്. കൂടാതെ കൊതുകുശല്യവും രൂക്ഷമായി.
മാലിന്യത്തിന്റെ കേന്ദ്രമായി അഴുക്കുചാൽ മാറി. നഗരിപുറത്തുനിന്നും വരുന്ന കനാൽ റോഡ് സംസ്ഥാന പാതയിൽ എത്തിപ്പെടുന്നതും ഇതിന് സമീപത്താണ്. ഈ വഴി വരുന്ന വാഹനങ്ങൾ അപകടത്തിൽ പെടാനും സാധ്യതയേറെയാണ്. തുറന്ന് കിടക്കുന്ന അഴുക്കുചാൽ മൂടാൻ പൊതുമരാമത്ത് നടപടിയെടുക്കണമെന്നാണ് ആവശ്യം.
കുനിശ്ശേരി പനയംപാറ റോഡ് തകർന്നു
ആലത്തൂർ: കുനിശ്ശേരി പനയംപാറ റോഡ് സഞ്ചാരയോഗ്യമല്ലാതായി. നരിപ്പൊറ്റ-കുനിശ്ശേരി റോഡിൽ ആശുപത്രി ഭാഗത്തുനിന്ന് പോകുന്നതാണ് പനയംപാറ റോഡ്. ടാറും മെറ്റലുമിളകി തകർന്ന് കുഴികളായി ഗതാഗത യോഗ്യമല്ലാത്ത അവസ്ഥയിലായിരുന്ന റോഡ് മഴ പെയ്തപ്പോൾ ചെളിക്കുളമായി മാറി. എരിമയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന റോഡ് ഭാഗം നന്നാക്കി സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.