ശുചിമുറികൾ ഇല്ല; വെട്ടിലായി വടക്കഞ്ചേരി
text_fieldsവടക്കഞ്ചേരി: നഗരമധ്യത്തിൽ എത്തുന്നവർക്ക് പ്രാഥമിക കർത്തവ്യങ്ങൾക്ക് സൗകര്യമില്ലാത്തത് ദുരിതമായി. ശങ്ക തീർക്കണമെങ്കിൽ ബസ് സ്റ്റാൻഡിലോ സുനിതാ മുക്കിലുള്ള പഞ്ചായത്ത് പാർക്കിങ് സ്ഥലത്തോ പോകണം. ഇവിടങ്ങളിൽ വൈകുന്നേരം ആറു കഴിഞ്ഞാൽ വിജനമാകും. പണം കൊടുത്ത് ഉപയോഗിക്കുന്ന കേന്ദ്രമാണെങ്കിലും ദുർഗന്ധവും വൃത്തിഹീനവുമാണ് ഇവിടം. ലക്ഷങ്ങൾ മുടക്കി ടി.ബിയുടെ മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ കൊട്ടിഘോഷിച്ച് ഇ- ടോയ്ലറ്റ് എന്ന പേരിൽ ശുചിമുറി ഉണ്ടാക്കിയെങ്കിലും അകത്തുകയറിയാൽ ഇറങ്ങാൻ കഴിയാതെ ആളുകൾ കുടുങ്ങുക പതിവായപ്പോൾ അത് പൊളിച്ചുനീക്കി പുതിയത് നിർമിച്ചു. പക്ഷേ, തുറന്നു കൊടുത്തിട്ടില്ല.
പഴയ പഞ്ചായത്ത് കല്യാണമണ്ഡപം പൊളിച്ചുകളയുന്നതിന് മുമ്പ് മതിലിനോട് ചേർന്ന് ശുചിമുറി ഉണ്ടായിരുന്നു. പുതുക്കി പണിത കല്യാണമണ്ഡപത്തിന്റെ മുൻവശത്ത് ശുചിമുറി സൗകര്യമൊരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കല്യാണമണ്ഡപത്തിന് സമീപം ശുചിമുറി സൗകര്യം ലഭിച്ചാൽ ടൗണിലെത്തുന്നവർക്ക് ഒരു കിലോമീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിനെ ആശ്രയിക്കേണ്ടി വരില്ല. ദീർഘദൂരയാത്ര കഴിഞ്ഞ് തൃശൂർ, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന യാത്രക്കാർ ടൗണിൽ ബസിറങ്ങിയാൽ ഇപ്പോൾ ശുചിമുറി സൗകര്യം ഇല്ലാത്തതിനാൽ ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.