ഈ ടീച്ചർക്ക് അംഗൻവാടിയിലെത്താൻ ആനക്കൂട്ടത്തെ ഭയക്കണം
text_fieldsവടക്കഞ്ചേരി: ആനക്കൂട്ടങ്ങള്‍ വിഹരിക്കുന്ന വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ അംഗന്‍വാടി ടീച്ചർക്ക് ഒരു ദിവസം കോളനിയിലേക്കും തിരിച്ച് വീട്ടിലേക്കുമായി യാത്ര ചെയ്യേണ്ടത് 52 കിലോമീറ്റര്‍. വണ്ടാഴി പാലമുക്കിലുള്ളയാളെയാണ് ഇപ്പോള്‍ പ്രമോഷനോടെ മംഗലംഡാം കടപ്പാറക്കടുത്തുള്ള തളികക്കല്ലില്‍ ടീച്ചറായി നിയമിച്ചത്.
10 വര്‍ഷമായി അംഗൻവാടിയില്‍ ഹെല്‍പറായി സേവനം ചെയ്തിരുന്ന ഇവരെ പ്രമോഷന് നല്കി അയച്ചിട്ടുള്ളത് ദുര്‍ഘട വഴികള്‍ താണ്ടിയെത്തേണ്ട മലമുകളിലെ തളികക്കല്ലിലേക്ക്. ടീച്ചറുടെ (വർക്കർ) നിയമന വ്യവസ്ഥ പ്രകാരം ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങള്‍ തിരക്കണം. എന്നാൽ, ഇത് പ്രായോഗികമല്ല. പാലമുക്കില്നിന്ന് വണ്ടാഴിയിലെത്തി അവിടെ നിന്നും മംഗലംഡാം വഴി പൊന്‍കണ്ടം കടപ്പാറയെത്തണം.
കടപ്പാറയില്‍ നിന്ന് അഞ്ച് കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കാട്ടുവഴികളും ആളൊഴിഞ്ഞ വനപ്രദേശത്തുകൂടി നടന്നു വേണം കോളനിയിലെത്താന്‍. രാവിലെ പുറപ്പെട്ടെങ്കിലേ ഉച്ചയോടെ കോളനിയിലെത്തൂ. നേരമിരുട്ടുംമുമ്പ് തിരിച്ചെത്തുകയുംവേണം. ഏറെ സാഹസികവും ഭീതിജനകവുമായ ജോലിയാകും ദിവസവും കോളനിയില്‍ പോയി തിരിച്ചെത്തുക എന്നത്. അംഗൻവാടിയിലേക്ക് വര്‍ക്കറെ നിയമിക്കുേമ്പാള് സീനിയോറിറ്റി, യോഗ്യത, പരിചയം, പ്രമോഷന്, ആശ്രിത നിയമനം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ഐ.സി.ഡി.എസ് വണ്ടാഴി സൂപ്പര്‍വൈസര്‍ സുധ പറഞ്ഞു.
ഇത്രയും ദൂരം യാത്ര ചെയ്ത് കാട്ടിനുള്ളിലെ കോളനിയില്‍ പോയി സേവനം ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണം തന്നെയാണ്. കോളനിയില്‍ തന്നെ എസ്.എസ്.എല്‍.സി കഴിഞ്ഞവര്‍ 10 പേരുണ്ട്. ബിരുദ വിദ്യാര്‍ഥികളുമുണ്ട്. തങ്ങള്‍ക്കിടയില്‍ നിന്നു തന്നെ യോഗ്യതയുള്ള ഒരാളെയെടുത്ത് ടീച്ചറായി സ്ഥിര നിയമനം നല്‍കണമെന്നാണ് കോളനിക്കാരുടെ ആവശ്യം. കുട്ടികള്‍ക്കും വീടുകളിലേക്കുമുള്ള പോഷകാഹാര വിതരണവും സുഗമമാകാനും പ്രദേശവാസികളുടെ നിയമനത്തിലൂടെ സാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.