വടക്കഞ്ചേരി സപ്ലൈകോ സൂപ്പർ മാർക്കറ്റിലെ മോഷണം: രണ്ടുപേർ അറസ്റ്റിൽ
text_fieldsവടക്കഞ്ചേരി: ബസ് സ്റ്റാൻഡിലെ സപ്പൈകോ സൂപ്പർമാർക്കറ്റ് രണ്ട് തവണ കുത്തിത്തുറന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് രണ്ടുപേരെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വണ്ടാഴി കിഴക്കേത്തറ കുളത്തിങ്കൽ വീട്ടിൽ ഹരിദാസ് (29), മലമ്പുഴ കണയങ്കാവ് കടുക്കാക്കുന്നം സന്തോഷ് (35) എന്നിവരാണ് അറസ്റ്റിലായത്. 2023 മാർച്ച് 11നും ജൂൺ 26നുമാണ് സപ്ലൈകോ സൂപ്പർമാർക്കറ്റിൽ മോഷണം നടന്നത്.
ആദ്യം 2.88 ലക്ഷം രൂപയും പിന്നീട് 1500 രൂപയുമാണ് നഷ്ടപ്പെട്ടത്. മാനേജറുടെ കാബിനിലെ മിനിലോക്കറിൽ സൂക്ഷിച്ച പണമാണ് കവർന്നത്. പഴുതടച്ച നിലയിൽ അതിവിദഗ്ധമായാണ് മോഷണം ആസൂത്രണം ചെയ്തത്. ഹരിദാസാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിന് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്കാണ് കേസിന് വഴിത്തിരിവായത്. 2022 ഡിസംബറിൽ നെന്മാറയിൽനിന്ന് മോഷ്ടിച്ച ബൈക്ക് ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.
പാലക്കാട് ചന്ദ്ര നഗറിൽ ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന് 65,000 രൂപ കവർന്നതും ഇവർ തന്നെയാണെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതികളെ ചിറ്റൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ആലത്തൂർ ഡിവൈ.എസ്.പി ആർ.അശോകൻ, വടക്കഞ്ചേരി സി.ഐ കെ.പി. ബെന്നി, എസ്.ഐ ജീഷ്മോൻ വർഗീസ്, കൊല്ലങ്കോട് എസ്.ഐ സുജിത്ത്, ഗ്രേഡ് എസ്.ഐമാരായ കെ. പ്രസന്നൻ, സന്തോഷ്കുമാർ, എ.എസ്.ഐമാരായ ആർ. ദേവദാസ്, ആർ. അനന്ദകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ. പ്രദീഷ്, റഷീദ്, സിവിൽ പൊലീസ് ഓഫിസർമാരായ റിനു മോഹൻ, വിനു, ഡ്രൈവർ ഇൻഷാദ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ.കെ. കൃഷ്ണദാസ്, ബ്ലസൻജോസ്, ദിലീപ് ഡി നായർ, ദിലീപ്കുമാർ, യു. സൂരജ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വീട് കയറി അക്രമം; ഒരാൾ കൂടി അറസ്റ്റിൽ
ചെർപ്പുളശ്ശേരി: മഞ്ചക്കല്ലിൽ വീട് ആക്രമിച്ച്, വാടകക്ക് താമസിക്കുന്നയാളെ പരിക്കേൽപ്പിച്ച കേസിലെ നാലാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. നെല്ലായ പട്ടിശ്ശിരി കടുമുടി വീട്ടിൽ മുഹമ്മദ് മുനീറിനെയാണ് (22) ഇൻസ്പെക്ടർ ടി. ശശികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. നാലു പ്രതികളുള്ള കേസിൽ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി ചരൽ ഫൈസൽ ഒളിവിലാണ്. ഇയാൾക്കായുള്ള അന്വേഷണം തുടരുന്നു. 2023 ഒക്ടോബർ 13ന് മഞ്ചക്കൽ ഫാത്തിമ ക്വാർട്ടേഴ്സിലെ താമസക്കാരനായ ജെ.സി.ബി ഡ്രൈവർ തമിഴ്നാട് സ്വദേശി അജിതിനെയാണ് ഇരുമ്പുവടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. വീടിനകത്തെ സാധന സാമഗ്രികളും ജനലും വാതിലുകളും അടിച്ചു തകർക്കുകയും ചെയ്തിരുന്നു.
ജെ.സി.ബി നടത്തിപ്പുകാർ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് കാരണമായത്. അറസ്റ്റിലായ നാലാം പ്രതി മുഹമ്മദ് മുനീർ ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ ഏഴും തൃശൂരിൽ രണ്ടും മഞ്ചേരിയിൽ ഒരു കേസിലും പ്രതിയാണെന്നും മഞ്ചേരിയിലെ കേസിൽ ജാമ്യം ലംഘിച്ച് ഒളിവിൽ കഴിയുന്നതിനിടെയാണ് ചെർപ്പുളശ്ശേരിയിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് അറിയിച്ചു. ഒറ്റപ്പാലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എസ്.ഐ മാരായ ഡി. ഷബീബ് റഹ്മാൻ, പി.കെ. ബൈജു, സിവിൽ പൊലീസ് ഓഫിസർമാരായ ടി.എസ്. അരുൺ, പി.എസ്. ശ്രീജീഷ്, കെ. മുഹമ്മദ് ഷൻഫീർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
കാപ്പ ചുമത്തി നാട് കടത്തി
ഒറ്റപ്പാലം: നിരവധി കേസുകളിലെ പ്രതിയെ കാപ്പ നിയമ പ്രകാരം നാടുകടത്തി. ഒറ്റപ്പാലം അകലൂർ പള്ളത്തൊടി വീട്ടിൽ രതീഷിനെയാണ് (പ്രഭു -34) ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി നാടുകടത്തിയത്.
ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ ശിപാർശയിൽ തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ജനറൽ എസ്. അജിത ബീഗത്തിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ആറ് മാസത്തേക്കാണ് വിലക്ക്. ഉത്തരവ് ലംഘിച്ചാൽ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
ജില്ല പൊലീസ് മേധാവിക്ക് വേണ്ടി ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.സുജിത് തുടർ നടപടികൾ സ്വീകരിച്ചു. 2023ൽ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആകലരിലുണ്ടായ നരഹത്യശ്രമ കേസിൽ പ്രതിയായതിനെ തുടർന്നാണ് കാപ്പ നടപടികൾ സ്വീകരിച്ചത്. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നും എം.സുജിത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.