പൊതുസ്ഥലത്ത് മാലിന്യം തള്ളി; 20,000 രൂപ പിഴയീടാക്കി കണ്ണമ്പ്ര പഞ്ചായത്ത്
text_fieldsവടക്കഞ്ചേരി: കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ മാലിന്യം തള്ളിയ രണ്ട് വ്യക്തികള്‍ക്കെതിരെ നടപടി. അലക്ഷ്യമായി മാലിന്യം തള്ളിയ ഇവരില്‍നിന്ന് 20,000 രൂപ പിഴയീടാക്കി. ഒരാള്‍ക്കെതിരെ വടക്കഞ്ചേരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊതുജനങ്ങള്‍ക്ക് മാലിന്യം തള്ളുന്നവരുടെ വിവരം പഞ്ചായത്തില്‍ അറിയിക്കാൻ ഏര്‍പ്പെടുത്തിയ വാട്സ്ആപ് നമ്പറില്‍ വന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചത്.
മാലിന്യനിര്‍മാര്‍ജനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്തില്‍ ഊര്‍ജിത പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. മാലിന്യം തള്ളുന്നവരുടെ വിവരം തെളിവുസഹിതം പഞ്ചായത്ത് ഓഫിസിലെ വാട്സ്ആപ് നമ്പറില്‍ അറിയിക്കുന്നവര്‍ക്ക് ഈടാക്കുന്ന പിഴയുടെ 25 ശതമാനം (പരമാവധി 2500 രൂപ വരെ) പാരിതോഷികവും പഞ്ചായത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുക, അലക്ഷ്യമായി കൈകാര്യം ചെയ്യുക, നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് സംഭരിക്കുക, വില്‍പ്പന നടത്തുക എന്നിവ തടയാനും പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന നടത്തി വരികയാണ്. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെയും മാലിന്യം തള്ളുന്നവര്‍ക്കെതിരെയും തുടര്‍ന്നും നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ 8301997267 നമ്പറില്‍ തെളിവ് സഹിതം പൊതുജനങ്ങൾക്ക് അറിയിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.