വാളയാർ-വടക്കഞ്ചേരി ദേശീയപാത 544; അടിപ്പാത നിർമാണം തുടങ്ങി
text_fieldsപാലക്കാട്: വാളയാർ -വടക്കഞ്ചേരി ദേശീയപാത 544ൽ ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തിയ ഇടങ്ങളിൽ അടിപ്പാതകൾ നിർമിക്കുന്നതിന്റെ പണി ആരംഭിച്ചു. കുഴൽമന്ദം, കാഴ്ചപറമ്പ്, ആലത്തൂർ സ്വാതി ജങ്ഷൻ എന്നിവിടങ്ങളിലാണ് നിർമാണം ആരംഭിച്ചത്. കുഴൽമന്ദത്ത് നിലവിലുള്ള റോഡ് കുഴിച്ചുള്ള പ്രവൃത്തികളും കാഴ്ചപ്പറമ്പ് ജങ്ഷനിലും ആലത്തൂർ സ്വാതി ജങ്ഷനിലും സർവിസ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. കുഴൽമന്ദം ജങ്ഷനിൽ നിലവിലെ ദേശീയപാത പൊളിച്ച് അടിപ്പാതയും അതിനുമുകളിൽ മേൽപാതയും നിർമിക്കും. കോട്ടായി -കൊടുവായൂർ റോഡുകളെ ബന്ധിപ്പിച്ച് 4.5 മീറ്റർ ഉയരത്തിലും 28 മീറ്റർ നീളത്തിലുമാണ് കോൺക്രീറ്റ് അടിപ്പാത നിർമിക്കുക. ജങ്ഷനിൽനിന്ന് ഇരുഭാഗത്തേക്കും 500 മീറ്റർ ദൂരം പിന്നിട്ട് അവസാനിക്കുന്ന ആകൃതിയിലാണ് മേൽപാത നിർമാണം. അടിപ്പാതയും അതിനു മുകളിൽ ഉയരത്തിൽ മേൽപാതയുമാണ് നിർമിക്കുന്നത്. ഇതോടെ ജങ്ഷനിൽ സിഗ്നൽ സംവിധാനം ഒഴിവാകും. ദേശീയപാതയിലെ വാഹനങ്ങൾ മുകളിലൂടെയും മറ്റു വാഹനങ്ങൾ അടിപ്പാതയിലൂടെയും കടന്നുപോകും. വെള്ളക്കെട്ട് ഒഴിവാക്കാൻ സർവിസ് റോഡിനേക്കാൾ ഉയർത്തിയാകും അടിപ്പാത നിർമാണം.
വാഹനങ്ങൾ സർവിസ് റോഡ് വഴി കടത്തിവിട്ടാണ് ഇപ്പോൾ പ്രവൃത്തികൾ നടക്കുന്നത്. കുഴൽമന്ദത്തെ പോലെ അടിപ്പാതയും മുകളിലൂടെ ദേശീയപാതയും എന്ന രീതിതന്നെയാണ് കാഴ്ചപ്പറമ്പ് ജങ്ഷനിലുമുള്ളത്. ഇവിടെ സർവിസ് റോഡുകൾ ഇല്ലാത്തതിനാൽ അതിനുള്ള ക്രമീകരണം ഏർപ്പെടുത്തിയ ശേഷമാകും റോഡ് പൊളിക്കൽ. ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത നിർമാണത്തിന് മുന്നോടിയായി സർവിസ് റോഡിന്റെ പണി പുരോഗമിക്കുകയാണ്. വാനൂർ ജങ്ഷൻ വരെയുള്ള പാതയുടെ നിർമാണ പ്രവൃത്തികളാണ് നടത്തുന്നത്. ജില്ലയിൽ കാഴ്ചപ്പറമ്പ് ജങ്ഷൻ, കുഴൽമന്ദം, ആലത്തൂർ സ്വാതി, തൃശൂരിലെ വാണിയമ്പാറ, മുടിക്കോട്, കല്ലിടുക്ക്, ആമ്പല്ലൂർ, കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിലാണ് അടിപ്പാതകൾ നിർമിക്കാൻ തീരുമാനിച്ചിട്ടുള്ളത്. 383 കോടി ചെലവ് വരും. പി.എസ്.ടി എൻജിനീയറിങ് ആൻഡ് കൺസ്ട്രക്ഷൻസ് കമ്പനിക്കാണ് നിർമാണ ചുമതല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.