പച്ചക്കറിക്ക് തീവില; ഹോട്ടൽ മേഖല തകർച്ചയിൽ
text_fieldsപാലക്കാട്: പച്ചക്കറി വിലയുടെ വൻ വർധനവിൽ ഹോട്ടൽ മേഖല തകർച്ചയിൽ. രണ്ടാഴ്ചക്കിടെ പല ഇനങ്ങൾക്കും പത്തു മുതൽ 40 രൂപ വരെ വർധിച്ചിട്ടുണ്ട്. വിലക്കയറ്റത്തിൽ മുന്നിൽ നിൽക്കുന്നത് ബീൻസും തക്കാളിയുമാണ്. ബീൻസിന് കിലോക്ക് 140 രൂപയാണ് വില. പത്തുദിവസം മുമ്പ് 90 രൂപയായിരുന്നു.
കിലോക്ക് 50 രൂപയുണ്ടായിരുന്ന തക്കാളിക്ക് 80 രൂപയായി. കാരറ്റ് 80, ബീറ്റ്റൂട്ട് 50, കാബേജ് 50, ചേന 90, ചെറുനാരങ്ങ 140, ഇഞ്ചി 240, വെളുത്തുള്ളി 220 എന്നിങ്ങനെയാണ് മൊത്തവിലയിൽ ഹോട്ടലുകൾക്ക് ലഭിക്കുന്നത്.
കോലാർ, മൈസൂരു, ഹൊസൂർ എന്നിവിടങ്ങളിൽനിന്നാണ് പ്രധാനമായും കേരള മാർക്കറ്റിലേക്ക് തക്കാളിയെത്തുന്നത്. ഇവിടങ്ങളിൽനിന്നുള്ള തക്കാളിവരവ് കുറഞ്ഞതാണ് വില കൂടാൻ കാരണമായി പച്ചക്കറി വ്യാപാരികൾ പറയുന്നത്. ഈ സ്ഥലങ്ങളിൽനിന്നു തക്കാളി വരുന്നത് കുറയുമ്പോൾ മുൻകാലങ്ങളിൽ മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് തക്കാളി ഇവിടേക്ക് എത്തുമായിരുന്നു. ഇത്തവണ നാസിക്കിൽനിന്നുള്ള വരവും കുറഞ്ഞു.
ചിക്കൻ, ബീഫ്, മട്ടൻ എന്നിവയുടെ വില വർധനവ്മൂലം നഷ്ടത്തിലായ ഹോട്ടൽ വ്യവസായത്തിന്റെ തകർച്ച പച്ചക്കറിയുടെ വിലവർധനവോടെ പൂർത്തിയായതായി ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ പറഞ്ഞു.
പച്ചക്കറി ചിക്കൻ വില വർധനവ്മൂലം ഹോട്ടൽ വ്യവസായം തകർച്ചയിലാണ്. വിലവർധനക്കനുസരിച്ച് ഉൽപന്നങ്ങൾക്ക് വില വർധിപ്പിച്ചാൽ സാമ്പത്തിക മാന്ദ്യത്തിൽ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയില്ല.
ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റംമൂലം ഇതിനോടകം സർക്കാർ സഹായത്തോടെ ആരംഭിച്ച കുടുംബശ്രീ ഹോട്ടലുകൾ ഉൾപ്പെടെയുള്ളവ അടച്ചുപൂട്ടി. ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പുകൾ ഇടപെട്ട് സംസ്ഥാനത്തിന് ആവശ്യമായ പച്ചക്കറികളും ഇറച്ചിക്കോഴി ഉൾപ്പെടെയുള്ള മാംസ വസ്തുക്കളും ദൗർബല്യമില്ലാതെ വിപണിയിൽ എത്തിച്ച് ഭക്ഷ്യവസ്തുക്കളുടെ വില കയറ്റം നിയന്ത്രിക്കണമെന്നും കെ.എച്ച്.ആർ.എ ഭാരവാഹികൾ ആവശ്യപ്പെട്ടു.
വിലക്കയറ്റത്തെ കുറിച്ച് ചർച്ച ചെയ്യാൻ പാലക്കാട് ചേർന്ന കെ.എച്ച്.ആർ.എ. ഭാരവാഹികളുടെ യോഗത്തിൽ ജില്ല പ്രസിഡന്റ് എൻ.എം.ആർ. റസാക്ക്, ജില്ല സെക്രട്ടറി ഫസൽ റഹ്മാൻ, ജില്ലാ ട്രഷറർ അപ്പാരു, സംസ്ഥാന സെക്രട്ടറി ഷിനോജ് റഹ്മാൻ, എം. കുഞ്ചപ്പൻ, എ. സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.