ഇരുട്ടിലും പ്രകാശിച്ച് വിക്ടോറിയൻ ഓർമകൾ
text_fieldsപാലക്കാട്: മൂന്നും നാലും പതിറ്റാണ്ടുകൾക്ക് ശേഷം അവർ പഴയ സതീർഥ്യരുടെ കൈ മുറുകെ പിടിച്ചു. ആ കൈകളുടെ ചൂടറിഞ്ഞപ്പോൾ അവർ പേരുകൾ ഉറക്കെ പറഞ്ഞു. അവരുടെ സൗഹൃദച്ചിരികൾക്ക് മുകളിൽ വൻ മരമായി വിക്ടോറിയ കോളജ് തണലൊരുക്കിനിന്നു.
അപൂർവ സംഗമത്തിനായിരുന്നു ശനിയാഴ്ച പാലക്കാട് വിക്ടോറിയ കോളജ് വേദിയായത്. 70 കൾ മുതൽ കോളജിൽ പഠിച്ചിറങ്ങിയ കാഴ്ച പരിമിതരുടെ സംഗമം. ‘ഓർമ’എന്ന അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പായിരുന്നു സംഘാടകർ. സംഘാടകരെ പോലും അതിശയിപ്പിച്ചാണ് സമീപ ജില്ലകളിൽ നിന്നുപോലും തങ്ങളുടെ പഴയ കലാലയത്തിന്റെ ചൂരും ചൂടുമറിയാൻ പൂർവവിദ്യാർഥികളെത്തിയത്. അവർ പരരസ്പരം പരിചയപ്പെടുത്തി.
ചിലർ പാട്ടുപാടി, മിമിക്രി കാട്ടി. താനെവിടെയെത്തിയെന്ന് അവർ പങ്കുവെച്ചു. ചിലർ വിങ്ങിപ്പൊട്ടി. അവരുടെ അകക്കണ്ണിന്റെ ഓർമകളിൽ വിക്ടോറിയ കോളജ് എന്ന കലാലയം വൻവൃക്ഷമായി പടർന്ന് പന്തലിച്ച് കിടപ്പുണ്ടായിരുന്നു. സൗഹൃദങ്ങൾ ചേർത്ത് വെച്ച് വാനത്തോളം വളർന്നുപോയ ഒരു വൻമരം.
ഗ്രേറ്റ് വിക്ടോറിയൻ
കൽപാത്തി സ്വദേശി രാമനാഥനായിരുന്നു വിക്ടോറിയൻമാരിൽ സീനിയർ.65 വയസ്സായി. 74-79 വർഷം ബി.എ ഇക്കണോമിക്സ് ആയിരുന്നു. കലാലയത്തിലെ ആദ്യ നാളുകൾ ബുദ്ധിമുട്ടായിരുന്നെങ്കിലും പിന്നീട് ഹൃദയത്തോട് ചേർന്നുപോയെന്ന് അദ്ദേഹം പറയുന്നു. കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡിൽ നിന്ന് വിരമിച്ച് കൽപാത്തി ശിവപുരി കോളനിയിൽ കുടുംബവുമൊത്ത് താമസിക്കുന്നു.
27 കാരൻ മുതൽ 67 കാരൻ വരെ
ആൺപെൺ ഭേദമില്ലാതെ അവർ സൗഹൃദം പങ്കുവെച്ചു. ലോട്ടറി വിൽപനക്കാർ മുതൽ പ്രധാനാധ്യാപകർ വരെ അവരിലുണ്ടായിരുന്നു. കരുവാരകുണ്ടിൽ നിന്നെത്തിയ ഉണ്ണികൃഷ്ണൻ മുതൽ പാലക്കാട് സിവിൽസ്റ്റേഷനിലെ ബാങ്ക് ജീവനക്കാരൻ 33കാരൻ രാജേഷ് വരെ കൂട്ടായ്മയിൽ പങ്കുചേർന്നു. 27നും 67നും ഇടയിലെ 70 പേരാണ് കോളജിലെത്തിയത്. സംഗമത്തിന് ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് ജില്ല പ്രസിഡന്റ് ചന്ദ്രമോഹൻ, സെക്രട്ടറി ശെരീഫ് എന്നിവർ നേതൃത്വം നൽകി.
ചേർന്നുനിന്ന് അപൂർവ ത്രയങ്ങൾ
ഹനീഫ, ബാലകൃഷ്ണൻ, ഗോപാലൻ... അപൂർവ സൗഹൃദത്തിന്റെ പേരുകളായിരുന്നു ഇവർ. 1982-87 കാലഘത്തിൽ ചരിത്ര ക്ലാസുകളിൽ അവർ പരസ്പരം കണ്ണുകളായി. കോളജ് ചരിത്രത്തിൽ ക്ലാസിലും ഹോസ്റ്റലിലും പഠിക്കുന്ന ആദ്യ കാഴ്ച പരിമിതരായിരുന്നു ഇവർ. സന്തോഷത്തിലും സന്താപത്തിലും അവർ ഒത്തുചേർന്ന അഞ്ച് വർഷങ്ങൾ മറക്കാനാവില്ലെന്ന് ഒരേ സ്വരത്തിൽ പറയുന്നു.
ഹനീഫ പിന്നീട് അധ്യാപകനായി. ബാലകൃഷ്ണൻ വി.എസ്.എസ്.സിയിലും ഗോപാലൻ വിദ്യഭ്യാസ വകുപ്പിലും ജോലി നോക്കി വിരമിച്ചു. ഇവർ ചേർന്ന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ സ്നേഹസ്പർശം എന്ന പേരിൽ കൂട്ടായ്മയും രൂപവത്കരിച്ചു. ആ സൗഹൃദം ഇപ്പോഴും തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.