സപ്ലൈകോ നെല്ല് സംഭരണത്തിൽ ഇത്തവണയും വിജിലൻസ് ഇടപെടൽ
text_fieldsപാലക്കാട്: സപ്ലൈകോ നെല്ല് സംഭരണത്തിൽ ഇത്തവണയും വിജിലൻസ് ഇടപെടൽ. സംഭരണം ആരംഭിച്ച പടിഞ്ഞാറൻ മേഖലകളായ ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലാണ് സപ്ലൈകോ വിജിലൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
വിജിലൻസ് ഓഫിസർ ശബരിനാഥിന്റെ നേതൃത്വത്തിൽ പാഡിമാർക്കറ്റിങ് ഓഫിസർമാരായ ബി. ജഗന്നിവാസ്, റിസ സൈമണൻ എന്നിവരാണ് പരിശോധനക്കെത്തിയത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വ്യാപക അപാകതകൾ പരിശോധനയിൽ കണ്ടെത്തി.
തിരുമിറ്റക്കോട്, നെല്ലായ മേഖലകളിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. ചിലയിടത്ത് പഴയ നെല്ല് കണ്ടെത്തി. ഒരു ചാക്കിൽ 55 കിലോ വരെ പാടുള്ളൂവെങ്കിലും 80 കിലോ വരെ കണ്ടെത്തി. 2022, 2017 വർഷങ്ങളിലും ജില്ലയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയിരുന്നു. ചിലയിടങ്ങളിൽ 1000 ചാക്കുവരെ നെല്ല് ഒന്നിച്ച് സൂക്ഷിച്ചതായും കണ്ടെത്തിയിരുന്നു.
മുൻവർഷങ്ങളിലെ അന്വേഷണം എങ്ങുമെത്തിയില്ല
പാലക്കാട്: സപ്ലൈകോ കർഷകരിൽനിന്ന് താങ്ങുവിലയ്ക്ക് നെല്ല് സംഭരിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ വർഷങ്ങളിലെ വിജിലൻസ് അന്വേഷണം ഫയലിൽ ഒതുങ്ങി. ഒരു വിഭാഗം ജീവനക്കാരുടെ താൽപര്യമാണ് ഇതിന് കാരണമെന്ന് ആക്ഷേപമുണ്ട്. 2022ൽ സപ്ലൈകോ വിജിലൻസ് എസ്.പി സി.എസ്. ഷാഹുൽഹമീദിന്റെ നേതൃത്വത്തിൽ നടന്ന തുടർച്ചയായ പരിശോധനയിൽ വലിയ അഴിമതി കണ്ടെത്തിയിരുന്നു.
സംഭരണത്തിലെ അഴിമതി വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകിയെങ്കിലും നടപടിയുണ്ടായില്ല. 2017ലും നെല്ല് സംഭരണത്തിലെ അഴിമതിയെക്കുറിച്ച് അന്വേഷണം തുടങ്ങിയിരുന്നു. സപ്ലൈകോയിലെ ഒരു വിഭാഗം ജിവനക്കാർ നെല്ല് സംഭരണത്തിൽ കാലതാമസം വരുത്തുകയും മില്ലുടമകളുടെ ഏജൻറുമാരുമായി ഒത്തുകളിക്കുകയും ചെയ്തുവെന്നാണ് അന്നത്തെ ആരോപണം. ജീവനക്കാർ യഥാസമയം ഫീൽഡിൽ പോകുന്നതിൽ വീഴ്ചയുള്ളതായും കണ്ടെത്തി.
പാഡി മാർക്കിറ്റിങ് ഓഫിസറുടെ കൈവശമുള്ള പി.ആർ.എസ് ഷീറ്റ് അടിക്കുന്ന യന്ത്രം സ്വകാര്യ നെല്ല് ഏജൻറുമാർ ഉപയോഗിക്കുന്നതായും അന്നത്തെ അന്വേഷണത്തിൽ കണ്ടെത്തി. അന്നും അന്വേഷണം പാതിയിൽ ഒതുങ്ങി.
നെല്ല് സംഭരണ ക്രമക്കേടുകൾ കുടുതലും നടക്കുന്നത് പാലക്കാടാണെന്ന് വിജിലൻസ് കണ്ടത്തിയിരുന്നു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന നെല്ലിന്റെ 60 ശതമാനവും പാലക്കാട്ടുനിന്നാണ്. ഗുണമേന്മയും ഈർപ്പം കുറവും പാലക്കാടൻ നെല്ലിനാണ്. മാത്രമല്ല പാലക്കാടൻ മട്ടയെന്ന ബ്രാൻറഡ് അരിക്ക് മാർക്കറ്റിൽ ഉയർന്ന വിലയും ആവശ്യക്കാർ ഏറെയുമാണ്. ഇത് മുന്നിൽക്കണ്ട് സംസ്ഥാനത്തെ എല്ലാ സ്വകാര്യ മില്ലുടമകൾക്കും പാലക്കാടൻ നെല്ല് വാങ്ങുന്നതിൽ അതീവ താൽപര്യരാണ്.
സപ്ലൈകോ പാഡി വിഭാഗത്തിൽ ഒരോ സീസണിലും മറ്റ് വകുപ്പുകളിൽനിന്നുള്ള ജീവനക്കാരെ നിയമിച്ചാണ് സംഭരണം നടത്തുന്നത്. കുറ്റക്കാർ മാതൃവകുപ്പിൽ തിരികെ പോകുന്നതോടെ അന്വേഷണവും ഒതുങ്ങാറാണ് പതിവ്. സപ്ലൈകോ വിജിലൻസിന് സ്വതന്ത്രമായി നാഥനില്ലാത്തത് സംശയസ്പദമാണെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.