കോടികളുടെ വിസ തട്ടിപ്പ്: മുഖ്യകണ്ണി അറസ്റ്റിൽ
text_fieldsപാലക്കാട്: യൂറോപ്യൻ രാജ്യങ്ങളിലേക്കും മറ്റും ഉയർന്ന ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണി അറസ്റ്റിൽ. പാലക്കാട് ചക്കാന്തറ മുക്കാമിയിൽ താമസിക്കുന്ന ദൃശ്യൻ കനോലി എന്ന ദൃശ്യനാണ് (33) പാലക്കാട് സൗത്ത് പൊലീസിന്റെ പിടിയിലായത്. വിസക്ക് വേണ്ടി യുവാക്കളിൽ നിന്ന് അഞ്ച് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ തട്ടിയെടുത്ത് ജോലി നൽകാതെ കബളിപ്പിക്കുന്ന സംഘത്തിലെ അംഗമാണ് ഇയാൾ. മറ്റ് പ്രതികൾ ഒളിവിലാണ്. തൊഴിലവസരങ്ങളുണ്ടെന്ന് സോഷ്യൽ മീഡിയയിലൂടെയും സുഹൃത്തുക്കൾ മുഖേനയും പ്രചരിപ്പിച്ചാണ് തട്ടിപ്പ്.
പാലക്കാട്, തൃശൂർ, അങ്കമാലി, ആലുവ, കൊച്ചി, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിൽപ്പെട്ട ദൃശ്യൻ പാലക്കാട്ട് തന്നെ പല പേരുകളിൽ വിവിധ സ്ഥാപനങ്ങൾ നടത്തി നൂറിലധികം പേരെ ചതിച്ചതായി പരാതികളുണ്ട്. ആലത്തൂർ സ്വദേശി സനൂഷിൽ നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സനൂഷിനൊപ്പം പണം നൽകിയ 20 ഓളം പേർക്ക് മൂന്നര മുതൽ അഞ്ച് ലക്ഷം വരെ നഷ്ടപ്പെട്ടു.
പ്രതിക്ക് വേണ്ടി വ്യാജ കരാർ തയാറാക്കുന്ന സംഘത്തെക്കുറിച്ചും ഉദ്യോഗാർഥികളെ വ്യാജ ഇന്റർവ്യൂവും മെഡിക്കൽ പരിശോധനയും നടത്തുന്ന സംഘത്തെക്കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. അങ്കമാലി, ചാലക്കുടി, ആലുവ കേന്ദ്രീകരിച്ചുള്ള ഏജന്റുമാർ പ്രതികൾക്കായി പ്രവർത്തിക്കുന്നതായാണ് വിവരം. പാലക്കാട് കാടാങ്കോട് വിങ്സ്, യു.കെ കാൾ ഇൻ എന്നീ പേരുകളിലും കൊടുമ്പിൽ മെർജ് എജുക്കേഷൻ എന്ന പേരിലും പ്രതികൾ സ്ഥാപനങ്ങൾ നടത്തിയിരുന്നതായി പറയുന്നു. ജില്ല പൊലീസ് മേധാവി ആർ. ആനന്ദ് , എ.എസ്.പി അശ്വതി ജിജി എന്നിവരുടെ നിരീക്ഷണത്തിൽ പാലക്കാട് സൗത്ത് ഇൻസ്പെക്ടർ ആദം ഖാൻ എ.എസ്.ഐ സി. ഐശ്വര്യ, കെ.ജെ. പ്രവീൺ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പാലക്കാട് സി.ജെ.എം കോടതി മുമ്പാകെ ഹാജരാക്കി മലമ്പുഴ ജയിലിൽ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.