വിഷുവും റമദാനും പ്രതീക്ഷയോടെ വിപണി
text_fieldsപാലക്കാട്: വിഷുവിനൊപ്പം റമദാനും കൂടി എത്തുന്നതോടെ പുതുപ്രതീക്ഷയിലാണ് വിപണി. കോവിഡ് കൊണ്ടുവന്ന മാന്ദ്യത്തിൽനിന്ന് കരകയറുന്ന വിപണി വിഷുവിനെയും റമദാനെയും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. കോവിഡ് തീർത്ത പ്രതിസന്ധിക്ക് അൽപം അയവ് വന്നതോടെ പടക്കം, പച്ചക്കറി, പഴം, വസ്ത്രം വിപണികളിൽ ഉണർവ്.
വിലകാത്ത് പച്ചക്കറി വിപണി
വിഷു അടുത്തതോടെ പച്ചക്കറി വ്യാപാരത്തിൽ ഉണർവ് പ്രകടമാണ്. കഴിഞ്ഞ വർഷത്തെ സാമ്പത്തിക നഷ്ടം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ. തമിഴ്നാട്ടിൽനിന്നാണ് മിക്ക പച്ചക്കറികളുമെത്തുന്നത്. കണിവെള്ളരി തമിഴ്നാട്ടിൽനിന്നും നാട്ടിൻപുറങ്ങളിൽനിന്നും എത്തുന്നുണ്ട്. പുറത്തുനിന്ന് എത്തുന്നവക്ക് കിലോക്ക് 20 രൂപ മുതലാണ് വില. നാട്ടിലേതിന് 25 രൂപയും. പൊതുവിൽ പച്ചക്കറിക്ക് വില കുറവാണെന്ന് പാലക്കാട് വലിയങ്ങാടിയിൽ വ്യാപാരം നടത്തുന്ന ഗഫൂർ പറയുന്നു. തക്കാളിക്ക് ഗുണനിലവാരമനുസരിച്ച് 11 മുതൽ 30 വരെയും വലിയ ഉള്ളിക്ക് 20, മത്തൻ 10, എളവൻ എട്ടുമുതൽ 12 വരെ, കാബേജ് 15, പയർ 35, ഉരുളക്കിഴങ്ങ് 22 എന്നിങ്ങനെയാണ് മൊത്തവിപണിയിൽ കിലോക്ക് വില.
വിഷുവിന് ദിവസങ്ങൾ ബാക്കിനിൽക്കെ വില ഉയരുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ. പഴവിപണിയും പ്രതീക്ഷയിലാണ്. ഒരുമാസത്തിനിടെ മിക്ക പഴങ്ങൾക്കും 20 മുതൽ 100 രൂപവരെ ഉയർന്നതായി വ്യാപാരികൾ പറയുന്നു. നോമ്പുകാലം തുടങ്ങുന്നതോടെ വില ഇനിയും ഉയർന്നേക്കുമെന്നുറപ്പ്.
പ്രതീക്ഷയുടെ പടക്ക വിപണി
വിഷുവിന് പടക്കമെന്ന ശീലം മലയാളികൾ മറന്ന കാലമാണ് കടന്നുപോയത്. ഇക്കുറി ദിവസങ്ങൾ മുമ്പുതന്നെ പടക്ക വിപണിയും ഫാൻസി, ചൈനീസ് പടക്കങ്ങളുമായി സജീവമാണ്. കോവിഡുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രങ്ങൾ വരുന്നുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് ജില്ലയിലെ പടക്ക വ്യാപാരശാലകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. ഒരുദിവസം ചുരുങ്ങിയത് 50,000 മുതൽ ഒന്നര ലക്ഷം രൂപയുടെ കച്ചവടം ഒരു സ്ഥാപനത്തിൽ ലഭിക്കുന്നതായി വ്യാപാരികൾ പറയുന്നു.
വിഷു സീസൺ കഴിയുന്നതോടെ ജില്ലയിൽ മാത്രം 30 കോടി രൂപയുടെ കച്ചവടമാണ് നടക്കുക. വിഷുവിനു മുമ്പായി തെരഞ്ഞെടുപ്പുകൂടി വന്നതോടെ സ്ഥാനാർഥി സ്വീകരണങ്ങൾക്കുൾപ്പെടെ പടക്കങ്ങളും പൂത്തിരികളും ആവശ്യം വന്നു. കോവിഡിലെ തിരിച്ചടി മറികടക്കാൻ വിൽപന മത്സരമാക്കുകയാണ് വ്യാപാരികൾ.
കുതിക്കാനൊരുങ്ങി കോഴി വില
ഇൗസ്റ്ററിന് ഉയർന്ന കോഴി വില റമദാൻ പ്രതീക്ഷിച്ച് മുന്നോട്ട് തന്നെയാണ്. 145 മുതൽ 175 വരെയാണ് നിലവിൽ വില. ബോൺലെസ് ആവുേമ്പാൾ ഇത് 205 ആവും. നോമ്പിനോടനുബന്ധിച്ച് ആവശ്യമായ ഇറച്ചി എത്തിക്കാനുള്ള സജ്ജീകരണങ്ങളൊരുക്കുന്ന തിരക്കിലാണ് വ്യാപാരികൾ. മട്ടനടക്കം ഇറച്ചികൾക്കും വിലയുയർന്നിട്ടുണ്ട്.
കരുത്തുനേടി സ്വർണം, വസ്ത്രവിപണി
കോവിഡ് അപഹരിച്ച ഉത്സവ സീസൺ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് വിപുലമായ ഒരുക്കങ്ങളാണ് ജ്വല്ലറികളിലും വസ്ത്ര വിപണിയിലും നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനോടൊപ്പം ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ ഷോപ്പിങ് സാധ്യമാക്കുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഒരുക്കുന്നതെന്ന് പാലക്കാട് എം.കെ സിൽക്സ് ഉടമ ഹനീഫ 'മാധ്യമ' ത്തോട് പറഞ്ഞു. സ്വർണാഭരണ വിപണിയിലും കാര്യമായ ഉണർവുണ്ട്. മിക്ക തുണിക്കടകളും ജ്വല്ലറികളും വിഷുവും പെരുന്നാളുമൊക്കെ മുന്നിൽക്കണ്ട് ഒാഫറുകളുമായാണ് ഉപഭോക്താക്കളിലേക്കെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.