സുഗന്ധപൂരിതമായി ഉദ്യാനറാണി; പുഷ്പമേളയിൽ സന്ദർശക പ്രവാഹം
text_fieldsപാലക്കാട്: കേരളത്തിന്റെ വൃന്ദാവനത്തെ സുഗന്ധ പൂരിതവും വർണശബളവുമാക്കി പുഷ്പമേള. ആറുനാൾ നീളുന്ന മേള 28ന് സമാപിക്കുമ്പോൾ ഉദ്യാനത്തിലേക്ക് സന്ദർശക പ്രവാഹം. സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് പുഷ്പങ്ങളാണ് ഉദ്യാനത്തിലൊരുക്കിയത്. പ്രത്യേകതരം ഫ്ലവർബഡ്സ്, വിവിധ തരം പൂക്കൾ ഉൾപ്പെടുത്തിയ ഗാർഡൻ ഓർക്കിഡ് ഫാം എന്നിവയുമുണ്ട്.
കൂടാതെ മലമ്പുഴ ഉദ്യാനത്തിലെ തൊഴിലാളികൾ നട്ടുവളർത്തിയ ഓർക്കിഡ് നാടൻ പൂക്കളും പ്രദർശനത്തിലുണ്ട്. വിവിധ നിറങ്ങളിലുള്ള ചെണ്ടുമല്ലി, സീനിയ, ഡെൽസിയ, കോസ്മോസ്, ഡാലിയ, സാൽവിയ, ജമന്തി, വാടാമല്ലി, വിവിധ തരം റോസ് പൂക്കൾ തുടങ്ങി അമ്പതോളം വൈവിധ്യമാർന്ന പുഷ്പങ്ങളുടെ കലവറ തന്നെയുണ്ട്.
സന്ദർശകരെ ആകർഷിപ്പിക്കാനായി ഉദ്യാനത്തിന്റെ മുന്നിൽ ഓർക്കിഡും മറ്റു ഭാഗങ്ങളിൽ നാടൻ പൂക്കളുമാണ് സജ്ജമാക്കിയത്. മേളക്ക് വേണ്ടി കഴിഞ്ഞ ഒക്ടോബർ മുതൽ നട്ടുവളർത്തിയ പൂക്കളാണ് ഒരുക്കിയത്.
മലമ്പുഴ ആശ്രമം സ്കൂൾ, ധോണി ലീഡ് കോളജ്, മുണ്ടൂർ യുവക്ഷേത്ര, ചിറ്റൂർ ഗവ. കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുപതോളം വിദ്യാർഥികൾ ഒരുക്കിയ ചുമർചിത്രങ്ങളുമുണ്ട്. സ്വകാര്യ നഴ്സറികളിലെ പൂക്കളുടെ പ്രദർശനവും വിൽപനയും ഇവിടെയുണ്ട്.
ഹരിതചട്ടം പാലിച്ചുള്ള മേളയിൽ പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളുമെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ പാട്ട് പാടാൻ പാട്ടുപ്പുരയുമുണ്ട്. ജലസേചന വകുപ്പും ഡി.ടി.പി.സിയും ചേർന്നൊരുക്കുന്ന മേള ഇതിനോടകം ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.