വിധിയറിയാൻ...
text_fieldsപാലക്കാട്: ലോക്സഭക്ക് വേണ്ടി വോട്ടുകുത്തി വിധിയെഴുതിയശേഷം 39 ദിവസം നീണ്ട കാത്തിരിപ്പ് ഇന്ന് തീരുന്നു. രാവിലെ എട്ടോടെ പോളിങ് സ്റ്റേഷനുകളിൽ പോളിങ് ബാലറ്റുകൾ എണ്ണിത്തുടങ്ങും. ഗവ. വിക്ടോറിയ കോളജ് പുതിയ േബ്ലാക്കിലാണ് പാലക്കാട് ലോക്സഭ മണ്ഡലത്തിലുള്‍പ്പെട്ട പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് നിയമസഭ മണ്ഡലങ്ങളിലെ 1329 പോളിങ് സ്റ്റേഷനുകളിലേത് എണ്ണുക.
ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍, ചേലക്കര, കുന്നംകുളം, വടക്കഞ്ചേരി നിയമസഭ മണ്ഡലങ്ങളിലെ 1156 പോളിങ് സ്റ്റേഷനുകളിലേത് പഴയ ബ്ലോക്കിലും എണ്ണും. പാലക്കാട് പത്തും ആലത്തൂര്‍ അഞ്ചും സ്ഥാനാർഥികളാണുള്ളത്. രാവിലെ എട്ടിന് പോസ്റ്റല്‍ ബാലറ്റുകളാവും ആദ്യം എണ്ണിത്തുടങ്ങുക.
തുടര്‍ന്ന് സ്ഥാനാർഥികളെയോ സ്ഥാനാർഥി പ്രതിനിധികളെയോ സാക്ഷിയാക്കി സ്ട്രോങ് റൂമുകളുടെ സീലിങ് നീക്കി വോട്ടിങ് മെഷീനുകള്‍ വോട്ടെണ്ണല്‍ ഹാളുകളിലെത്തിച്ച് മേശകളില്‍ സജ്ജീകരിച്ച് 8.30 മുതല്‍ എണ്ണാന്‍ തുടങ്ങും. പാലക്കാട് ലോക്സഭ മണ്ഡലത്തിന്റെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ക്കായി ഏഴ് വോട്ടെണ്ണല്‍ ഹാളുകളാണുള്ളത്. ഓരോ വോട്ടെണ്ണല്‍ ഹാളിലും 14 മേശകള്‍ വീതം മൊത്തം 98 മേശകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിന്റെ ഏഴ് നിയമസഭാ മണ്ഡലങ്ങള്‍ക്കായി 11 കൗണ്ടിങ് ഹാളുകളിലായി 91 മേശകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ വോട്ടെണ്ണല്‍ ഹാളിലും ആദ്യത്തെ മേശ വിവിപാറ്റ് കൗണ്ടിങ് ബൂത്തായി വേര്‍തിരിച്ച് സജ്ജീകരിക്കും. അവക്കകത്തായിരിക്കും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക. ഓരോ നിയമസഭ മണ്ഡലത്തിലും നറുക്കിട്ടെടുക്കുന്ന അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവിപാറ്റ് മെഷീനുകളിലുള്ള സ്ലിപ്പുകള്‍ വിവിപാറ്റ് കൗണ്ടിങ് ബൂത്തില്‍ എണ്ണും.
പോസ്റ്റല്‍ ബാലറ്റ്, ഇ.വി.എം, പിന്നെ വിവിപാറ്റ് സ്ലിപ് എന്നിങ്ങനെയാണ് എണ്ണുന്നതിനുള്ള ക്രമം. ഏതെങ്കിലും കാരണവശാല്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ നീണ്ടുപോകുന്ന പക്ഷം ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ നിര്‍ത്തിവെച്ച് പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ പൂര്‍ത്തിയായ ശേഷം മാത്രമാവും ഇ.വി.എമ്മിന്റെ അവസാന റൗണ്ട് വോട്ടെണ്ണല്‍ പുനരാരംഭിക്കുക. ഓരോ ടേബിളിനുമായി കൗണ്ടിങ് സൂപ്പര്‍വൈസര്‍, അസിസ്റ്റന്റ് എന്നിവര്‍ക്കുപുറമെ മൈക്രോ ഒബ്സര്‍വര്‍മാരെയും നിയോഗിക്കും.
ഓരോ ഹാളിനും അതത് മണ്ഡലങ്ങളിലെ അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് ചുമതലയുണ്ടാകും. വോട്ടെണ്ണല്‍ പ്രക്രിയ പൂര്‍ണമായും വിഡിയോ ചിത്രീകരണം നടത്തും. വോട്ടെണ്ണല്‍ ഫലം തത്സമയം അറിയാന്‍ അതോറിറ്റി ലെറ്ററുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പി.ആര്.ഡിയുടെ മേല്‍നോട്ടത്തില്‍ മീഡിയ സെന്ററും സജ്ജീകരിച്ചിട്ടുണ്ട്.
പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, അയ്യപുരം ഗവ. എല്‍.പി സ്കൂളുകള്‍ക്ക് ഇന്ന് അവധി
പാലക്കാട്: വോട്ടെണ്ണല്‍ കേന്ദ്രമായ വിക്ടോറിയ കോളജിന്റെ 100 മീറ്റര്‍ പരിധി നിയന്ത്രിത മേഖലയായതിനാല്‍ 100 മീറ്റര്‍ പരിധിയില്‍ വരുന്ന പി.എം.ജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. എല്‍.പി സ്കൂള്‍ അയ്യപുരം എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജനപ്രാതിനിധ്യ നിയമം 1951 പ്രകാരവും മറ്റ് നിയമങ്ങളുടെ അടിസ്ഥാനത്തിലും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ച് ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ല കലക്ടര്‍ ഉത്തരവിട്ടു.
പാലക്കാട്-ആലത്തൂര്‍ ലോക്സഭ മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ വോട്ടെടുപ്പിനുശേഷം വിക്ടോറിയ കോളജിലെ പുതിയ അക്കാദമിക്ക് കെട്ടിടത്തിലെ സ്ട്രോങ് റൂമുകളിലും പഴയ അക്കാദമിക്ക് ബ്ലോക്കുകളിലെ സ്ട്രോങ് റൂമുകളിലുമായി ത്രിതല സുരക്ഷ സംവിധാനത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പാലക്കാട് ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ വിക്ടോറിയ കോളജിലെ പുതിയ ലൈബ്രറി കോംപ്ലക്സിന്റെ താഴത്തെയും ഒന്നാമത്തെയും നിലകളിലും ആലത്തൂര്‍ ലോക്സഭ മണ്ഡലത്തിലെ വോട്ടെണ്ണല്‍ പഴയ അക്കാദമിക്ക് ബ്ലോക്കുകളിലുമായാണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.