വായിച്ചു തീരാത്ത വി.ടി.
text_fieldsപട്ടാമ്പി: ഒന്നര ദിവസം മതി സാമാന്യം വലിയ പുസ്തകം നാരായണന് വായിച്ച് തീർക്കാൻ. അങ്ങിനെ വായിച്ചുതീർത്ത് വീട്ടിലെ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നത് നാലായിരത്തിലേറെ പുസ്തകങ്ങളാണ്. കൊടുമുണ്ട വടക്കത്തൊടി നാരായണൻ എന്ന വി.ടി. നാരായണൻ മാഷാണ് ജീവിതം വായിച്ചു തീർക്കുന്ന ഈ അപൂർവ വ്യക്തി. അധ്യാപകനും പത്രപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായി വിപുല സൗഹൃദ വലയത്തിനുടമയാണ് കൊടുമുണ്ടക്കാരുടെ വി.ടി. മാഷ്.
ചരിത്ര പുസ്തകങ്ങൾ, കമ്യൂണിസ്റ്റ് സാഹിത്യം, നോവൽ, കഥ, കവിത എന്നിവ ഇദ്ദേഹത്തിന്റെ സമ്പാദ്യമാണ്. കൂടാതെ കമ്യൂണിസ്റ്റ് പാർട്ടിസാഹിത്യം, പഴയ സോവിയറ്റ് പുസ്തകങ്ങൾ, മാർക്സിസ്റ്റ് റിവ്യൂ പതിപ്പുകൾ, മാധ്യമം, ചന്ദ്രിക, ദേശാഭിമാനി, ജനയുഗം, കഥ, കുങ്കുമം, മനോരമ ആഴ്ചപ്പതിപ്പുകൾ എന്നിവയടങ്ങുന്ന വലിയ ശേഖരവും ഇദ്ദേഹത്തിന്റെ പക്കലുണ്ട്.
എൻ.ഇ. ബാലറാം, സി.അച്യുതമേനോൻ, കെ. ദാമോദരൻ ഇവരുടെ സമ്പൂർണ കൃതികളും സ്വകാര്യ സമ്പാദ്യമാണ്. കൊടുമുണ്ട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ദീർഘകാലം മലയാളം അധ്യാപകനായിരുന്ന വി.ടി.നാരായണൻ 1996 ലാണ് ഔദ്യോഗിക ജീവിതത്തിന് വിരാമമിട്ടത്. രാവിലെ അഞ്ചിന് എഴുന്നേറ്റ് അര മണിക്കൂർ ടി.വിയിൽ വാർത്ത കാണും. പിന്നെ പത്രവായന. പ്രഭാത കൃത്യങ്ങൾക്കു ശേഷം പുസ്തക വായന. പുതിയ പുസ്തകങ്ങളും വായനയുടെ പട്ടികയിലുണ്ട്.
പട്ടാമ്പി ഗവ.സംസ്കൃത കോളജ് മലയാളം അധ്യാപകനായ മരുമകൻ എം.ആർ.അനിൽകുമാറിലൂടെയാണ് പുതിയ പുസ്തകങ്ങളിലേക്ക് കടക്കുന്നത്. കെ.കെ. കൊച്ചിന്റെ ‘ദളിതൻ’പുസ്തകമാണ് അവസാനമായി വായിച്ചു തീർത്തതെന്ന് നാരായണൻ മാഷ് പറയുന്നു. വായിക്കാനാണോ ഈ മനുഷ്യൻ ജീവിക്കുന്നതെന്ന് തോന്നിയിട്ടുണ്ടെന്ന് മകനും അധ്യാപകനുമായ സോമൻ പറയുന്നു. റിട്ട. അധ്യാപിക ശോഭനയാണ് ഭാര്യ. മകൾ സോയയും കവയിത്രി കൂടിയായ മരുമകൾ ലിസിയും അധ്യാപികമാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.