ഓടകളുടെ ശുചീകരണം: തദ്ദേശ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും രണ്ടുതട്ടിൽ
text_fieldsമുതലമട: തകർന്നതും മാലിന്യം നിറഞ്ഞതുമായ ഓടകൾ കൈകാര്യം ചെയ്യുന്നതിൽ രണ്ടു തട്ടിലാണ് തദ്ദേശഭരണ സ്ഥാപനങ്ങളും പൊതുമരാമത്ത് വകുപ്പും. കൊല്ലങ്കോട്, കൊടുവായൂർ, പുതുനഗരം, മുതലമട എന്നീ പഞ്ചായത്തുകളിലാണ് പൊതുമരാമത്ത് വകുപ്പ് ഓടകളെ അവഗണിക്കുന്നത്. പാലക്കാട് -മീനാക്ഷിപുരം, മംഗലം -ഗോവിന്ദാപുരം എന്നീ റോഡുകളുടെ വശങ്ങളിലെ ഓടകൾ തകർന്നും സ്ലാബുകൾ സ്ഥാപിക്കാതെയും മാലിന്യം നിറഞ്ഞും അപകടങ്ങൾക്ക് വഴിവെക്കുബോൾ പഞ്ചായത്തുകളുടെ അഭ്യർഥനകൾ പൊതുമരാമത്ത് വകുപ്പ് അവഗണിക്കുന്നു എന്നാണ് ആക്ഷേപം.
കൊടുവായൂർ ടൗണിൽ ഓടകളിൽ കൃത്യമായി സ്ലാബുകൾ സ്ഥാപിക്കാത്തതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും മാലിന്യം നിറഞ്ഞ് മലിനജലം റോഡിൽ ഒഴുകുന്നതും പതിവാണ്.
പുതുനഗരം പഞ്ചായത്തിൽ കൊടുവായൂർ, കൊല്ലങ്കോട്, ചിറ്റൂർ റോഡുകളുടെ വശങ്ങളിലെ ഓടകൾ മാലിന്യം നിറഞ്ഞും സ്ലാബ് തകർന്നും നിരവധി പരാതികൾ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നൽകിയതോടെ പഞ്ചായത്ത് കഴിഞ്ഞ വർഷം ഓടകളുടെ ഒരു ഭാഗത്തുള്ള മാലിന്യം നീക്കിയിരുന്നു. എന്നാൽ, തുടർനടപടിയുണ്ടായില്ല.
ഓടകൾ പൂർണമായും തകർന്ന കൊടുവായൂർ റോഡിൽ അറ്റകുറ്റപ്പണികൾ പോലും പൊതുമരാമത്ത് വകുപ്പ് നടത്തുന്നില്ലെന്ന് വ്യാപാരികൾ പറഞ്ഞു. കൊല്ലങ്കോട്ടിൽ ഓടകളിൽ മണ്ണ് നിറഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിനിൽക്കാറുണ്ടെങ്കിലും ഒരനക്കവും പൊതുമരാമത്ത് -പഞ്ചായത്തിെൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.