അഴുക്കുചാലുകളൊഴുകുന്നു; ശാപമോക്ഷം കാത്ത് കൽപാത്തിപ്പുഴ
text_fieldsകൽപാത്തി പുഴയിലേക്ക് മലിനജലം ഒഴുകുന്ന ചാൽ
പാലക്കാട്: ലക്ഷങ്ങൾ ചെലവഴിച്ച് ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ നവീകരിച്ച് നഗരസഭക്ക് കൈമാറിയ കൽപാത്തിപ്പുഴയോരം കാണാനെത്തുന്നവർ അന്തംവിടും. ആറുവർഷത്തിനിപ്പുറം തകർന്ന കൈവരികൾ മുതൽ അഴുക്കുചാലുകളും ചീഞ്ഞളിയുന്ന മാലിന്യക്കൂമ്പാരവും വരെ ഇവിടത്തെ സ്ഥിരം കാഴ്ചയായി മാറിയ സ്ഥിതി. രഥോത്സവ കാലത്ത് ഭാരതപ്പുഴയുടെ പ്രധാന പോഷക നദികളിലൊന്നായ കൽപാത്തിപ്പുഴയെ അണിയിച്ചൊരുക്കുന്നത് കളപറിക്കലിൽ മാത്രമൊതുങ്ങാറാണ് പതിവ്.
അഴുക്കൊഴുകുന്നത് പുഴയിലേക്ക്
സമീപത്തെ ഫ്ലാറ്റുകളിൽനിന്ന് മറ്റുമുള്ള മലിനജലം പുഴയിലേക്ക് ഒഴുക്കാൻ ഒരു മടിയുമില്ല. ദുർഗന്ധം വമിക്കുന്ന മലിനജലം പലയിടങ്ങളിലും പുഴയോടുചേർന്ന് കെട്ടിക്കിടക്കുന്നുമുണ്ട്.
ചിലയിടത്ത് നടപ്പാതയോട് ചേർന്ന് ചീഞ്ഞഴുകിയ മാലിന്യക്കൂനകളും കാണാം. നാല് പോഷകനദികൾ വേറെയും കൽപാത്തിക്കുണ്ട്. മിക്കയിടത്തും സ്ഥിതി സമാനമാണ്.
രാത്രി സ്ക്വാഡ് നിലച്ചു
പുഴയിൽ മാലിന്യനിക്ഷേപം വ്യാപകമായതോടെ പ്രത്യേക സ്ക്വാഡുമായി നഗരസഭ അധികൃതർ രംഗത്തെത്തിയിരുന്നു. ഇത് ഏറക്കുറെ ഫലം കണ്ട് തുടങ്ങിയപ്പോഴേക്കും ഇവയുടെ പ്രവർത്തനം നിലച്ചു. പിന്നാലെ കോവിഡ് ലോക്ഡൗൺ കൂടിയായതോടെ മാലിന്യനിേക്ഷപം തകൃതിയായതായി കൗൺസിലർ വി. ജ്യോതിമണി പറഞ്ഞു.
സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി സ്ഥാപിച്ച കൈവരികൾ പൊട്ടിപ്പൊളിഞ്ഞ് അപകടകരമായ രീതിയിൽ നടപ്പാതയിലേക്ക് തള്ളി നിൽക്കുന്നത് അപകടഭീഷണിയുയർത്തുന്നുണ്ട്. മാലിന്യ നിക്ഷേപം വ്യാപകമായതോടെ പന്നികളും തെരുവുനായകളും ഇവിടെ തമ്പടിക്കുന്നത് പതിവാണ്. ഇവിടം ലഹരി ഉപയോഗത്തിനുള്ള താവളമായി മാറിയിട്ടുണ്ടെന്നും പരിസരവാസികൾ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.