വേസ്റ്റ് ലാൻഡ് ഫില്ലിങ് പ്രോജക്ട് ജലമലിനീകരണത്തിന് ഇടയാക്കുമെന്ന് ആശങ്ക
text_fieldsപാലക്കാട്: മലമ്പുഴ ഡാമിനോട് ചേർന്ന് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വേസ്റ്റ് ലാൻഡ് ഫില്ലിങ് പ്രോജക്ട് ജലമലിനീകരണത്തിന് ഇടയാക്കുമെന്ന് പാലക്കാട് താലൂക്ക് വികസന സമിതി യോഗത്തിൽ ആശങ്ക ഉയർന്നു.
പാരിസ്ഥിതിക ആഘാതപഠനവും സാമൂഹിക ആഘാത പഠനവും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ടു പോകുന്നതെന്നത് ആശങ്ക ഇരട്ടിയാക്കുന്നതായി സമിതി കൺവീനർ ബോബൻ മാട്ടുമന്ത യോഗത്തിൽ പറഞ്ഞു. ഡാമിനോട് ചേർന്ന് 39 ഏക്കർ സ്ഥലത്ത് ഏകദേശം 460 കോടി രൂപ ചെലവിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയാണ് വേസ്റ്റ് ലാൻഡ് ഫില്ലിങ് പ്രോജക്ട്. കേരളത്തിലെ മാലിന്യം മലമ്പുഴയിലെത്തിച്ച് കുഴിച്ചുമൂടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ ആദ്യ പദ്ധതി കൂടിയാണിത്. മലമ്പുഴ ഡാമിൽനിന്ന് വെറും 200 മീറ്റർ ദൂരത്താണ് പദ്ധതിപ്രദേശം. പാലക്കാട് നഗരസഭയുടെയും സമീപത്തെ ഏഴു പഞ്ചായത്തുകളുടെയും പ്രധാന കുടിവെള്ള സ്രോതസ്സാണ് മലമ്പുഴ ഡാം. പദ്ധതി നടപ്പായാൽ ജലം മലിനീകരിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് പറയുന്നു. പദ്ധതി സംബന്ധിച്ച് ലഭ്യമായ വിവരങ്ങൾ പരസ്യപ്പെടുത്താൻ ജില്ല ഭരണകൂടം തയാറാവണമെന്നും വിഷയം കലക്ടറുടെ ശ്രദ്ധയിലെത്തിക്കാൻ താലൂക്ക് വികസന സമിതിയുടെ ഇടപെടൽ ഉണ്ടാവണമെന്നും ബോബൻ മാട്ടുമന്ത യോഗത്തിൽ ആവശ്യപ്പെട്ടു.
ജില്ല ആശുപത്രിക്ക് മുന്നിലെ പാർക്കിങ്ങിന് പിഴയീടാക്കുന്ന നടപടിക്ക് പകരം ബദൽ സാധ്യത പരിശോധിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. തിരക്കില്ലാത്ത സമയത്തെങ്കിലും സുത്താൻപേട്ട സിഗ്നലിൽനിന്ന് വാഹനങ്ങൾ നേരിട്ട് കടത്തിവിടാനുള്ള സാധ്യത പരിശോധിക്കണം.
റോബിൻസൺ, മാർക്കറ്റ്, സിവിൽ ഫയർ സ്റ്റേഷൻ റോഡിലെ കുഴികൾ അടിയന്തരമായി നികത്താൻ നടപടി ഉണ്ടാവണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വി.കെ. ശ്രീകണ്ഠൻ എം.പിയുടെ പ്രതിനിധി പ്രകാശ് കാഴ്ചപറമ്പിൽ, എൻ.സി.പി.എസ് പ്രതിനിധി കബീർ വെണ്ണക്കര, ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ഉബൈദുല്ല, ആർ.എം.പി.ഐ പ്രതിനിധി ജയൻ മമ്പറം, ആർ.ജെ.ഡി പ്രതിനിധി ശിവദാസൻ, ഭൂരേഖ തഹസിൽദാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.