കഞ്ചിക്കോട്ട് മാലിന്യ സംസ്കരണ പ്ലാന്റ് ഒരുങ്ങുന്നു
text_fieldsപാലക്കാട്: ജില്ലയിലെ മാലിന്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി കഞ്ചിക്കോട് മാലിന്യ സംസ്കരണ പ്ലാന്റ് വരുന്നു. ദിനംപ്രതി 200 ടണ്‍ ജൈവ-അജൈവ മാലിന്യം സംസ്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്ലാന്റാണ് പുതുശ്ശേരി പഞ്ചായത്തിലെ കഞ്ചിക്കോട് വ്യവസായ മേഖലയില്‍ ഒരുങ്ങുന്നത്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ജില്ലയിലെ മാലിന്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കഞ്ചിക്കോട് പുതിയ വ്യവസായ വികസന മേഖലയിലെ 11.5 ഏക്കര്‍ സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുക. ജില്ലയിലെ ഏഴ് നഗരസഭയുടെയും 22 ഗ്രാമപഞ്ചായത്തുകളുടെയും മാലിന്യം ഇവിടെ സംസ്കരിക്കാന്‍ സാധിക്കും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് (കെ.എസ്.ഐ.ഡി.സി) പ്ലാന്റിന്റെ നടത്തിപ്പ് ചുമതല.
ബ്ലൂ പ്ലാനറ്റ് എന്‍വയണ്‍മെന്റ് സൊല്യൂഷന്‍സ് കമ്പനിയാണ് സാങ്കേതിക സംവിധാനം ഒരുക്കുന്നത്. 18 മാസത്തിനകം പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ പാലക്കാട് ഉള്‍പ്പെടെ നഗരസഭകള്‍ക്ക് മാലിന്യ സംസ്കരണത്തില്‍ വലിയ തുക ലാഭിക്കാനാകും. നിലവില്‍ വന്‍ തുക നല്‍കിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാലിന്യ സംസ്കരണം നടത്തുന്നത്.
പദ്ധതി പ്രകാരം ഒരു ടണ്‍ മാലിന്യം ശേഖരിക്കാന്‍ 3500 രൂപ കമ്പനിക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കലക്ഷന്‍ തുക നല്‍കണം. ഈ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കും. പാലക്കാട് നഗരസഭ ദിനംപ്രതി കുറഞ്ഞത് 35 മുതല്‍ 38.16 ടണ്‍ വരെ മാലിന്യം നല്‍കുമെന്ന് സെക്രട്ടറി അറിയിച്ചു.
നിലവില്‍ ഹരിത കര്‍മസേന മാലിന്യം ശേഖരിക്കുന്നത് അജൈവ മാലിന്യത്തെ 14 ഓളം വിഭാഗങ്ങളായി തരം തിരിച്ചാണ്. എന്നാല്‍, പുതിയ പദ്ധതി പ്രകാരം ജൈവം, അജൈവം എന്നിങ്ങനെ രണ്ട് തരം തിരിവ് മാത്രമേ ആവശ്യമുള്ളൂ.
കഞ്ചിക്കോട് പ്ലാന്റില്‍ സംസ്കരിക്കുന്ന മാലിന്യത്തില്‍നിന്ന് വൈദ്യുതി ഉല്പാദനമാണ് കമ്പനി ലക്ഷ്യമിടുന്നത്. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണമായതിനാല്‍ പ്ലാന്റ്മൂലം പ്രദേശത്തിനോ പ്രദേശവാസികള്‍ക്കോ ഒരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.