പാണ്ടിക്കാറ്റിൽ ജലാശയങ്ങൾ വറ്റുന്നു; വരൾച്ച തൊട്ടു മുന്നിൽ
text_fieldsവാളയാർ: ചുരം കടന്നെത്തുന്ന വരണ്ട പാണ്ടിക്കാറ്റിൽ ജില്ലയുടെ കിഴക്കൻ മേഖല വരണ്ടുണങ്ങുന്നു. വീശിയടിക്കുന്ന ചുടുകാറ്റിലും പൊള്ളുന്ന വെയിലിലും തോടുകളും കുളങ്ങളും മറ്റു ജലാശയങ്ങളും വറ്റിവരണ്ട് കഴിഞ്ഞു. വേനലവസാനിക്കാൻ മാസങ്ങൾ ഇനിയും ബാക്കിയുണ്ടെന്നിരിക്കെ കൂടിവരുന്ന ചൂടിന്റെ കാഠിന്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്.
പാലക്കാടിന്റെ നെല്ലറയായ ചിറ്റൂർ ഫർക്കയിലെ നെൽകൃഷി, ആളിയാർ വെള്ളം കിട്ടാതായതോടെ കടുത്ത വരൾച്ചയെ നേരിടുകയാണ്. ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷിയാണ് ജലദൗർലഭ്യം മൂലം നാശത്തിലെത്തിയത്. വാളയാർ ഡാമിലും കഞ്ചിക്കോട് പ്രദേശത്തെ ആരക്കമട, വലിയേരി, ചെല്ലങ്കാവ് ജലാശയങ്ങൾ ഏതാണ്ട് പൂർണമായി വറ്റിവരണ്ട നിലയിലാണ്. ഒന്നാം പുഴയും രണ്ടാം പുഴയും നീർച്ചാലുകളായി.
ചിറ്റൂർ പുഴയുടെ സ്ഥിതിയും മറിച്ചല്ല. ഭാരതപ്പുഴയുടെ പ്രധാന കൈവഴികളായ ഇവ വറ്റിവരണ്ടതോടെ ഭാരതപ്പുഴയിലെ നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പട്ടാമ്പിയിൽ പോലും ഭാരതപ്പുഴ നീർച്ചാലായ കാഴ്ചയാണുള്ളത്. പുഴവെള്ളം വറ്റിയതോടെ സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റി.
ജില്ലയുടെ കിഴക്കൻ മേഖലകളിൽ പല ഭാഗത്തും കിലോമീറ്ററുകൾ യാത്ര ചെയ്താണ് നാട്ടുകാർ കുടിവെള്ളം ശേഖരിക്കുന്നത്. കഞ്ചിക്കോട് വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന ഒമ്പതോളം വിദേശ മദ്യനിർമാണ കമ്പനികളും എം.സി.എല്ലും ആട്ടക്കമ്പനികളും കൂടി പ്രതിദിനം ലക്ഷക്കണക്കിന് ലിറ്റർ ഭൂഗർഭജലമാണ് ഊറ്റുന്നത്.
ഇതുമൂലമാണ് നാട്ടുകാർ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിച്ചിരുന്ന മിക്ക കുഴൽക്കിണറുകളിലെയും വെള്ളം വറ്റിയതെന്നാണ് ആരോപണം. ലക്ഷങ്ങൾ മുടക്കി കൃഷിയാവശ്യത്തിന് കുഴൽക്കിണർ കുഴിച്ച പല കർഷകരും ത്രിശങ്കുവിലാണ്. 47 കിലോമീറ്റർ വീതിയിലുള്ള പാലക്കാട് ചുരം വഴിയിലെ ഏതാണ്ടെല്ലാ പ്രദേശങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ്.
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിഭാഗക്കാർ താമസിക്കുന്ന കോളനികളും ചേരികളും ഈ പ്രദേശങ്ങളിലാണ്. അതത് പ്രദേശങ്ങളിലെ പഞ്ചായത്തുകൾ അടിയന്തരമായി കുടിവെള്ള വിതരണം നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നടുപ്പതി, ആട്ടയാമ്പതി, ചെല്ലങ്കാവ് ആദിവാസി കോളനികൾ നേരിടുന്നത് കടുത്ത കുടിവെള്ളക്ഷാമമാണ്.
ജില്ലയുടെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് വാളയാർ, കഞ്ചിക്കോട് ഭാഗത്ത് ചൂട് കൂടുതലാണ്. സമീപ മലയിലെ ചെങ്കുത്തായ വൻപാറകൾ ചുട്ടുപഴുത്തുണ്ടാകുന്ന ആവിക്കാറ്റ് ജനവാസപ്രദേശങ്ങളിലേക്ക് വീശിയടിക്കുന്നതാണ് കാരണം. ദേശീയ പാതയിലൂടെയുള്ള യാത്ര ഉച്ചയോടെ കരിന്തിരി കത്തുന്ന അവസ്ഥയിലാണ്. ടു വീലർ യാത്രക്കാരെയാണ് ഇതേറെ ബാധിക്കുന്നത്. നിർജലീകരണം മൂലം പലരും കുഴഞ്ഞുവീണ സംഭവങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.