മഴപെയ്താൽ സുൽത്താൻപേട്ട ജങ്ഷനിലെ നടപ്പാത വെള്ളത്തിൽ
text_fieldsപാലക്കാട്: നഗരത്തിലെ തിരക്കേറിയ സുൽത്താൻപേട്ട ജങ്ഷനിലെ നടപ്പാത മഴ പെയ്താൽ വെള്ളത്തിലാകുന്നത് കാൽനടയാത്രക്കാർക്ക് ദുരിതമാകുന്നു.
ജി.ബി റോഡിൽ നിന്നും എച്ച്.പി.ഒ റോഡിലേക്ക് തിരിയുന്ന ഭാഗത്തെ നടപ്പാതയിലാണ് ഈ അവസ്ഥ. അടുത്തിടെ നടപ്പാതയിൽ കാൽനടയാത്രക്കാരുടെ സുരക്ഷിതത്വത്തിന് ബാരിക്കേഡും സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ മഴയിൽ നടപ്പാത വെള്ളത്തിലാകുന്നതോടെ കാൽനട യാത്രക്കാർ റോഡിലേക്ക് ഇറങ്ങി നടക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. വാഹനങ്ങൾ തലങ്ങും വിലങ്ങും പോകുന്ന തിരക്കേറിയ ജങ്ഷനിൽ കാൽനട യാത്രക്കാർ റോഡിൽ ഇറങ്ങി നടക്കുന്നത് ഇവിടെ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് തലവേദനയുണ്ടാക്കുന്നുണ്ട്.
ജിബി റോഡിൽ സുൽത്താൻപേട്ട ജങ്ഷൻ മുതൽ റെയിൽവേ സ്റ്റേഷൻ റോഡ് വരെ ഭാഗത്ത് നടപ്പാത വീതികൂട്ടി നവീകരണം നടത്തുന്നുണ്ട്. പ്രവർത്തികൾ പൂർത്തിയാകുന്നതോടെ ഈ ഭാഗത്തും കാൽനട യാത്രക്കാരുടെ സുരക്ഷിതത്വത്തിന് നഗരസഭ ബാരിക്കേഡുകൾ സ്ഥാപിക്കുന്നുണ്ട്.
സുൽത്താൻപേട്ട ജങ്ഷനിൽ അഴുക്കുചാലുകളുടെ നവീകരണവും സ്റ്റേഡിയം റോഡ് വീതി കൂട്ടലും നടത്തിയ ശേഷം ഇവിടെയുണ്ടായിരുന്ന ബാരിക്കേഡുകൾ പുനസ്ഥാപിച്ചിരുന്നില്ല.
സ്റ്റേഡിയം റോഡ്, ജിബി റോഡ്, കോർട്ട് റോഡ് എന്നിവിടങ്ങളിൽ അടുത്തകാലത്താണ് ബാരിക്കേഡുകൾ സ്ഥാപിച്ചെങ്കിലും വെള്ളക്കെട്ട് പ്രശ്നമായി നിൽക്കുകയാണ്. നിലവിൽ വെള്ളം കെട്ടി നിൽക്കുന്ന നടപ്പാത കോൺക്രീറ്റ് ചെയ്ത് ഉയർത്തുകയാണെങ്കിൽ ഒരു പരിധിവരെ പ്രശ്നത്തിന്പരിഹാരമാകും. ജിബി റോഡിലെ നടപ്പാത നവീകരണം പൂർത്തിയാക്കുന്നതിനൊപ്പം എച്ച് പി ഒ റോഡിലേക്ക് തിരിയുന്ന നടപ്പാതയിലെ വെള്ളക്കെട്ടിനും പരിഹാരം കാണണമെന്ന കാൽനടയാത്രക്കാരുടെയും പ്രദേശത്തെ വ്യാപാരികളുടെയും ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.