ഗ്യാപിട്ടില്ല മാസ്കിട്ടു വോട്ടിട്ടു
text_fieldsമുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിക്കാതെയും ബൂത്തുകൾ. രാവിലെ പോളിങ് ബൂത്തുകള്‍ക്ക് മുന്നില്‍ കനത്ത തിരക്ക് ആയിരുന്നു. പല ബൂത്തുകള്‍ക്ക് മുന്നിലും വോട്ടർമാർ തിങ്ങിനിറഞ്ഞു.
തച്ചമ്പാറ
തച്ചമ്പാറ: നാലു വാർഡുകൾക്ക് ഒരുസ്ഥലത്ത് ബൂത്ത് ഒരുക്കിയത് ജനങ്ങൾക്ക് ബുദ്ധിമുട്ടായി. ഒപ്പം, കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാൻ വോട്ടർമാർക്കോ അധികൃതർക്കോ കഴിഞ്ഞതുമില്ല. തച്ചമ്പാറ പഞ്ചായത്തിലെ മുതുകുറുശ്ശി കെ.വി.എ.എൽ.പി സ്കൂളിൽ മൂന്ന്, നാല്, അഞ്ച്, ആറ് വാർഡുകളിലെ ബൂത്തുകളാണ് ഒരുക്കിയത്.
ഓരോ വാർഡിലും രണ്ടു ബൂത്തുകൾ വീതമാണ് ഉണ്ടായിരുന്നത്. ഓരോ വാർഡിലും ആയിരത്തി അഞ്ഞൂറോളം വോട്ടുകളുമുണ്ട്. ഒരു വാർഡിലെ വോട്ടർമാർക്ക് മാത്രമാണ് ഇവിടെ നിൽക്കാൻ സൗകര്യമുള്ളൂ. കാര്യമായി ഗ്രൗണ്ട് സൗകര്യമില്ലാത്ത ഇവിടെ ഒരേപോലെ നാലു വരികളിൽ ആളുകളെ നിർത്തുകയാണ് ചെയ്തത്.
സ്കൂളിൽനിന്ന് വരി റോഡിൽവരെ എത്തുകയുണ്ടായി. പോളിങ് പ്രക്രിയ വളരെ മന്ദഗതിയിലുമായതോടെ സ്കൂൾ മുറ്റം ഉത്സവപ്പറമ്പിന് സമാനവുമായി. സാമൂഹിക അകലം പാലിക്കാൻ ആർക്കും കഴിഞ്ഞതുമില്ല. തെക്കുംപുറം മുതൽ പിച്ചളമുണ്ട വരെയുള്ളവർക്ക് ഇവിടെ വന്ന് വോട്ടുചെയ്യൽ വളരെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയുണ്ടായി. അംഗൻവാടി, മദ്റസ, ഹാൾപോലുള്ളവ ഉണ്ടെങ്കിലും അധികൃതർ എല്ലാ ബൂത്തുകളും ഒരുമിച്ചാക്കുകയായിരുന്നു.
കപ്പൂര്‍
ആനക്കര: കപ്പൂര്‍ പഞ്ചായത്തിലെ 18ാം വാര്‍ഡിലെ വെള്ളാളൂര്‍ എം.എം.ജെ.ബി സ്കൂളിലെ ബൂത്ത് ഉള്‍പ്പെടെ പലയിടത്തും ഒരു സാമൂഹിക അകലവും പാലിക്കാത്ത തിരക്ക് അനുഭവപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥര്‍ പലവട്ടം മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇത് പലപ്പോഴും പാലിക്കപ്പെട്ടില്ല. വോട്ടര്‍മാര്‍ക്ക് നില്‍ക്കുന്നതിനുള്ള അകലം രേഖപ്പെടുത്തിയിരുന്നങ്കിലും പാലിക്കാതെയാണ് വരിനിന്നിരുന്നത്.
മണ്ണൂർ, മങ്കര, ലക്കിടി പേരൂർ
പത്തിരിപ്പാല: മണ്ണൂർ, മങ്കര, ലക്കിടിപേരൂരിൽ നടന്ന തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമാധാനപരം. തിരക്കുള്ള മിക്ക പോളിങ് കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡം പാലിക്കാതെയായിരുന്നു വോട്ടർമാരുടെ വരി. ചില പോളിങ് സ്റ്റേഷനുകളിൽ രാവിലെ വോട്ടർമാരുടെ എണ്ണം കുറവായിരുന്നു.
പത്തിനുശേഷം വോട്ടർമാരുടെ തിരക്ക് വർധിച്ചു. മണ്ണൂർ പഞ്ചായത്തിലെ ഒന്നാം വാർഡിലെ മുളക് പറമ്പ് ബൂത്തിലൊന്നിൽ രാവിലെ തിരക്കുണ്ടായി. രണ്ടാം വാർഡിലെ എ.എം.ജെ.ബി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ രണ്ടെണ്ണത്തിൽ പതിവിൽ കൂടുതൽ വോട്ടർമാരുടെ തിരക്കുണ്ടായി.
മണ്ണൂർ യു.പി സ്കൂളിലെ മൂന്ന്, അഞ്ച്, 10, വാർഡുകളിലെ പോളിങ് സ്റ്റേഷനിൽ ഫ്ലക്സ് നീക്കുന്നതിനെപ്പറ്റി ചെറിയ പ്രതിഷേധം ഉണ്ടായതൊഴിച്ചാൽ എല്ലാം സമാധാനപരം.
ലക്കിടിപേരൂർ പഞ്ചായത്തിലെ പേരൂർ യു.പി സ്കൂളിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലും അകലം പാലിക്കാതെയുള്ള വോട്ടർമാരുടെ നീണ്ട ക്യൂ കാണാമായിരുന്നു. ലക്കിടിപേരൂർ പഞ്ചായത്തിലും പോളിങ് സമാധാനപരം. പേരൂർ യു.പി സ്കൂളിലെ മൂന്ന് പോളിങ് സ്റ്റേഷനുകളിലും വൻ തിരക്ക് അനുഭവപ്പെട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് വോട്ടർമാരുടെ നീണ്ട നിര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.