വെസ്റ്റ് നൈൽ പനി; പാലക്കാട് ജില്ലയിൽ ജാഗ്രത നിർദേശം
text_fieldsപാലക്കാട്: ജില്ലയിലെ മുണ്ടൂരിൽ ഉണ്ടായ പനി മരണം വെസ്റ്റ് നൈൽ പനിയാണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയിൽ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേർന്ന് വിവിധ വകുപ്പുകളുടെ യോഗം സംഘടിപ്പിക്കാനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും ആരോഗ്യ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ടതില്ലെങ്കിലും ജാഗ്രത പുലർത്തണം. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണം.
ജപ്പാന് ജ്വരത്തിന് സമാനമായ രോഗ ലക്ഷണങ്ങളോടെയാണ് വെസ്റ്റ് നൈല്‍ പനിയും കാണാറുള്ളത്. എന്നാല്‍ ജപ്പാന് ജ്വരത്തെ പോലെ രോഗം ഗുരുതരമാകാറില്ല. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കാതെ നോക്കണം.
എന്താണ് വെസ്റ്റ് നൈല്‍?
ക്യൂലക്സ് കൊതുക് പരത്തുന്ന ഒരു പകര്‍ച്ചവ്യാധിയാണ് വെസ്റ്റ് നൈല്‍. ജപ്പാന് ജ്വരം പോലെ അപകടകരമല്ല. ജപ്പാന് ജ്വരം സാധാരണ 18 വയസിന് താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കില്‍ വൈസ്റ്റ് നൈല്‍ പനി മുതിര്‍ന്നവരിലാണ് കാണുന്നത്. രണ്ടും കൊതുകുവഴി പകരുന്ന രോഗമാണ്. ജപ്പാന് ജ്വരത്തിന് വാക്സിന് ലഭ്യമാണ്.
രോഗപ്പകര്‍ച്ച
ഒരു പകർച്ചാരോഗമാണിത്. തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റൽ, ഓർമ നഷ്ടപ്പെടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗബാധയുണ്ടായ മിക്കവരിലും പലപ്പോഴും ലക്ഷണങ്ങൾ പ്രകടമായി അനുഭവപ്പെടാറില്ല. 20 ശതമാനത്തോളം പേർക്ക് പനി, തലവേദന, ഛർദ്ദി, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണാം. ഒരു ശതമാനം ആളുകളിൽ മസ്തിഷ്ക വീക്കം, മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാവാം. വെസ്റ്റ് നൈൽ വൈറസ് മൂലമുണ്ടാകുന്ന ഈ രോഗം രക്തപരിശോധനയിലൂടെ കണ്ടെത്താം. വെസ്റ്റ് നൈൽ പനിക്ക് പ്രത്യേക വാക്സിനുകളോ ആൻറിവൈറസ് ചികിത്സകളോ ഇല്ല. പനിക്കും മറ്റു ലക്ഷണങ്ങൾക്കുമുള്ള മരുന്നുകൾ ഉപയോഗിക്കാറുണ്ട്. കൊതുക് വഴിയാണ് പകരുന്നതെന്നതിനാൽ കൊതുകിന്റെ ഉറവിട നശീകരണം, ഫോഗിങ്, സ്പ്രേയിങ് എന്നിവക്കാണ് പ്രാധാന്യം നൽകേണ്ടത്. വെസ്റ്റ് നൈൽ പരത്തുന്ന ക്യൂലക്സ് വിഭാഗത്തിൽപ്പെട്ട കൊതുകൾ മലിന ജലത്തിൽ വളരുന്നതിനാൽ മലിനജലം കെട്ടി നിൽക്കുന്ന സാഹചര്യങ്ങൾ ഇല്ലാതാക്കാനും ശ്രദ്ധിക്കണം. ഇതോടൊപ്പം ഓടകൾ, സെപ്റ്റിക് ടാങ്ക്, ബെന്റ് പൈപ്പ് എന്നിവയുടെ ചോർച്ചകൾ ഇല്ലാതാക്കുകയും വേണം. അണുബാധയുള്ള പക്ഷികളിൽ നിന്നും കൊതുകുകൾ വഴിയാണ് രോഗം മനുഷ്യരിലെത്തുന്നത്. മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം. കേരളത്തിൽ 2011ൽ ആലപ്പുഴയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. 2019 മാർച്ചിൽ വെസ്റ്റ് നൈൽ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആറു വയസ്സുകാരൻ മരിച്ചിരുന്നു.
രോഗലക്ഷണങ്ങള്‍
തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. രോഗബാധയുണ്ടായ ഭൂരിപക്ഷം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല. ചിലര്‍ക്ക് പനി, തലവേദന, ഛര്‍ദ്ദി, ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. ഒരു ശതമാനം ആളുകളില്‍ തലച്ചോറിനെ ബാധിക്കുന്നതുമൂലം ബോധക്ഷയവും ചിലപ്പോള്‍ മരണം വരെയും സംഭവിക്കാം. എന്നാല്‍ ജപ്പാന് ജ്വരത്തെ അപേക്ഷിച്ച് താരതമ്യേന മരണ നിരക്ക് കുറവാണ്.
പനി ബാധിതർ നിരീക്ഷണത്തിൽ; പ്രതിരോധ പ്രവർത്തനം തുടങ്ങി
മുണ്ടൂർ: കാഞ്ഞിക്കുളം തെക്കുംകരയിലും പരിസരത്തും പനിബാധിതർ ആരോഗ്യ വകുപ്പിന്റെ നീരീക്ഷണത്തിൽ. വെസ്റ്റ് നൈൽ പനി ബാധിച്ച് കാഞ്ഞിക്കുളം സ്വദേശി സുകുമാരൻ മരിച്ച പശ്ചാത്തലത്തിലാണ് ആരോഗ്യ വകുപ്പ് രോഗം സ്ഥീരികരിച്ച പ്രദേശം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്.പനി, തലവേദന, അപസ്മാരം സമാന ലക്ഷണങ്ങൾക്ക് ചികിത്സ തേടണം. മരിച്ചയാളുടെ സമ്പർക്ക പട്ടികയിലുള്ളവരുടെയും സമീപത്തുള്ള പനി ബാധിതരുടെയും രക്തം ശേഖരിച്ച് വേർതിരിച്ചെടുത്ത സെറം വിദഗ്ധ പരിശോധനക്ക് അയക്കും. കൊതുകിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്ന പ്രവൃത്തി തുടങ്ങി. കൂടാതെ പരിസരങ്ങളിലെ ഉറവിടങ്ങളിൽനിന്ന് ശേഖരിച്ച ലാർവ പരിശോധിച്ച് രോഗം പരത്തുന്ന കൊതുകിന്റെ സാന്നിധ്യം നിർമാർജന പ്രവർത്തനം ത്വരിതപ്പെടുത്തും. മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലും കൊതുകു നിർമാർജ്ജനം നടത്താൻ ആരോഗ്യ പ്രവർത്തകരും സന്നദ്ധ പ്രവർത്തകരും രംഗത്തിറങ്ങി. പനിബാധിതരെ നീരീക്ഷിച്ച് സൗകര്യങ്ങൾ ക്രമീകരിക്കാനും രോഗവ്യാപനം തടയാനും പ്രവർത്തനങ്ങൾ ഏകോപിക്കാൻ വെള്ളിയാഴ്ച ജനപ്രതിനിധികളുടെ യോഗം വിളിച്ചു. ജില്ല സർവലൈൻസ് ഓഫിസർ ഡോ. ഗീതു മറിയം ജോസ്, ഇ. സഞ്ജീവനി നോഡൽ ഓഫിസർ ഡോ. രാജലക്ഷ്മി, മലേറിയ ഓഫിസർ ദാമോധരൻ, മുണ്ടൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ശൈലജ, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, ആരോഗ്യ സേനാംഗങ്ങൾ, ഡി.വി.സി യൂനിറ്റ് ഫീൽഡ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
പ്രതിരോധവും ചികിത്സയും
വെസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്സിനോ ലഭ്യമല്ലാത്തതിനാല്‍ രോഗലക്ഷണങ്ങള്ക്കനുസരിച്ച ചികിത്സയും പ്രതിരോധവുമാണ് പ്രധാനം. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതുകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ത്തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.