മഴ പെയ്താൽ റോഡുകൾ ചളിക്കുളം
text_fieldsപാലക്കാട്: മഴക്കാലമായതോടെ നഗരത്തിലെ റോഡുകളിലെ വാഹന-കാൽനട യാത്ര ദുഷ്കരമാവുന്നു. മഴക്കാലത്തിന് മുമ്പ് നഗരത്തിൽ റോഡുപണി നടത്തിയെങ്കിലും മിക്കയിടത്തും പൂർത്തിയായിട്ടില്ല. കാവിൽപ്പാടുനിന്ന് ചുണ്ണാമ്പുതറയിലേക്കുള്ള റോഡിൽ ഇ.എസ്.ഐ ആശുപത്രിയുടെ മുൻവശം തകർന്നുകിടക്കുകയാണ്. റോബിൻസൺ റോഡ്, മാർക്കറ്റ് റോഡ്, ബി.ഒ.സി റോഡ്, വി.എച്ച് റോഡ്, ഒലവക്കോട് കുടുംബ കോടതി റോഡ്, മഞ്ഞക്കുളം ടി.ബി റോഡ് എന്നിവിടങ്ങളിലൊക്കെ മഴ പെയ്താൽ യാത്ര ദുഷ്കരമാണ്.
അഴുക്കുചാൽ നവീകരണം നടത്തിയിട്ടും മിക്കയിടത്തും മഴ പെയ്താൽ മലിനജലം റോഡിലാണ്. മിക്കയിടത്തെയും അശാസ്ത്രീയ അഴുക്കുചാൽ നിർമാണമാണ് നഗരത്തെ വെള്ളത്തിലാക്കുന്നത്. കന്നാരത്തെരുവിൽ ഒരു ഭാഗത്ത് റോഡ് കോൺക്രീറ്റ് നടത്തിയെങ്കിലും മറ്റിടങ്ങളിൽ പൂർത്തിയായിട്ടില്ല. റോബിൻസൺ റോഡിൽ മഴ പെയ്താൽ വാഹന-കാൽനട യാത്ര പരിതാപകരമാണ്. മിഷ്യൻ സ്കൂളിന് മുന്നിൽനിന്നുള്ള മഞ്ഞക്കുളം റോഡിൽ രൂപപ്പെട്ട ചെറിയ കുഴി മഴ കനത്തതോടെ പാതാളമായിട്ടുണ്ട്. ഒലവക്കോട്- റെയിൽവേ സ്റ്റേഷൻ റോഡും കുഴികളും ചളിയും നിറഞ്ഞ അവസ്ഥയിലാണ്. ടി.ബി റോഡ്, വി.എച്ച് റോഡ്, നൂറണി-മേഴ്സി റോഡ് എന്നിവിടങ്ങളിലൊക്കെ ശകതമായ മഴ പെയ്താൽ മുട്ടോളം വെള്ളം ഉയരുന്ന സ്ഥിതിയാണ്.
നൂറണിയിൽനിന്നുള്ള വിത്തുണ്ണി റോഡിൽ വേനലിലും മഴക്കാലത്തും യാത്ര ദുഷ്കരമാണ്. മഞ്ഞക്കുളം മാർക്കറ്റ് റോഡിൽനിന്ന് ടൗൺ സ്റ്റാൻഡിലേക്കും മിനി പച്ചക്കറി മാർക്കറ്റിലേക്കുമുള്ള റോഡുകളെല്ലാം മഴ പെയ്തതോടെ ചളിമയമാണ്. കാലങ്ങളായി ടാറിങ് നടത്താത്തതിനാൽ മഴ പെയ്താൽ ചളി നിറയുന്നതാണ് വ്യാപാരികളെയും യാത്രക്കാരെയും വലക്കുന്നത്. അമൃത് പദ്ധതിയിലുൾപ്പെടുത്തി റോഡ് നവീകരണത്തിനും അഴുക്കുചാൽ നവീകരണത്തിനും നഗരസഭ കോടികൾ ചെലവിടുമ്പോഴും യാത്രക്കാരുടെ ദുരിതത്തിന് അറുതിയില്ല.
മഴയത്ത് ചളിക്കുളമായി
മാറിയ കാവിൽപ്പാട്-
ചുണ്ണാമ്പുതറ റോഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.