ഞാവളിൻകടവ് മേൽപാലം എന്ന് വരും?
text_fieldsപത്തിരിപ്പാല: ഒറ്റപ്പാലം, ആലത്തൂർ താലൂക്കുകളെ ബന്ധിപ്പിക്കുന്ന അതിർകാട് ഞാവളിൻകടവിൽ ഭാരതപ്പുഴക്ക് കുറുകെ മേൽപാലം നിർമിക്കാനുള്ള നടപടികൾ എങ്ങുമെത്തിയില്ല. 15 വർഷം മുമ്പ് തുക വകയിരുത്തി പ്രാഥമിക നടപടികൾ ആരംഭിച്ചിരുന്നെങ്കിലും പാലം നിർമാണത്തിനുവേണ്ട നടപടികളൊന്നും ആയിട്ടില്ല. ആദ്യഘട്ടത്തിൽ കൃഷിസ്ഥലം വിട്ടുനൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുകയും കേസ് കോടതി വരെയെത്തുകയും ചെയ്തു. എന്നാൽ, പിന്നീട് അധികാരികൾ കർഷകരുമായി നടത്തിയ ചർച്ചയിൽ പ്രശ്നം തീരുകയും ചെയ്തു. ഇതേ തുടർന്ന് കൃഷിസ്ഥലം സർവേ നടത്തലും മണ്ണ് പരിശോധനയും നടന്നതല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ല.
കോങ്ങാട്, കേരളശേരി അമ്പലപാറ, മണ്ണൂർ, ലക്കിടി പേരൂർ, പത്തിരിപ്പാല പ്രദേശങ്ങളിലെ യാത്രക്കാർക്ക് പെരുങ്ങോട്ടുകുർശി, കോട്ടായി, കുഴൽമന്ദം എന്നിവിടങ്ങളിലേക്ക് എത്താനുള്ള എളുപ്പവഴിയാണ്. നിരവധി കച്ചവടക്കാരും വിദ്യാർഥികളും ഇപ്പോഴും ഈ വഴിനടന്നുവരുന്നുണ്ട്. പത്തിരിപ്പാല ടൗണിൽനിന്ന് മൂന്ന് കിലോമീറ്റർ നടന്നാൽ പെരുങ്ങോട്ടുകുർശിയിലെത്താം. ഇരുചക്ര വാഹനങ്ങളിലാണങ്കിൽ അഞ്ച് മിനിറ്റ് മതി. നിലവിൽ ഇരുചക്രവാഹനങ്ങൾ മാത്രം കഷ്ടിച്ചാണ് മറുഭാഗം കടക്കുന്നത്.
പുഴക്ക് കുറുകെയുള്ള നടപ്പാതയിലൂടെ സാഹസികമായി വേണം പെരുങ്ങോട്ടുകുർശിയിലെത്താൻ. പുഴയിൽ വെള്ളം കൂടിയാൽ പിന്നെ ആർക്കും യാത്ര ചെയ്യാനാകാത്ത അവസ്ഥയാണ്. ഇതേ തുടർന്ന് 15 കിലോമീറ്റർ ചുറ്റി വരേണ്ട അവസ്ഥയാണ്. പുഴക്ക് മുകളിലൂടെ മേൽപാലം വേണമെന്നത് ജനങ്ങളുടെ കാലങ്ങളായുള്ള ആവശ്യങ്ങളിലൊന്നാണ്. പുഴക്ക് മറുവശത്തുള്ളവർ പുഴ കടന്നിട്ടാണ് മൃതദേഹം പള്ളിയിൽ എത്തിച്ച് സംസ്കരിക്കുന്നത്.
മേൽപാലവുമായി ബന്ധപ്പെട്ട് എം.എൽ.എ ഇക്കാര്യം നിയമസഭയിൽ ഉന്നയിച്ചിരുന്നെങ്കിലും വ്യക്തമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ല. 15 വർഷത്തോളമായി പാലത്തിന് വേണ്ടി കാത്തിരിപ്പ് തുടരുകയാണ്. ഒറ്റപ്പാലം എം.എൽ.എ ഇടപെട്ട് നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.