റേഷൻ മട്ടയരിയിൽ കലർപ്പ് വ്യാപകമെന്ന്
text_fieldsപാലക്കാട്: റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന മട്ടയരിയിൽ കലർപ്പെന്ന്. സപ്ലൈകോ കർഷകരിൽനിന്ന് താങ്ങുവിലക്ക് സംഭരിക്കുന്ന നെല്ല് അരിയാക്കി വിതരണം ചെയ്യുന്നത് റേഷൻകടകളിലൂടെയാണ്. കർഷകരിൽനിന്ന് സംഭരിക്കുന്ന നെല്ല് സംസ്കരിച്ച് ക്വിന്‍റലിന് 64 കിലോ അരിയാണ് സപ്ലൈകോക്ക് നൽകേണ്ടത്. ഇതിനാവശ്യമായ കൈകാര്യ ചെലവും സപ്ലൈകോ മില്ലുകൾക്ക് നൽകുന്നുണ്ട്. എന്നാൽ, റേഷൻകടകളിലൂടെ വിതരണം ചെയ്യുന്ന സി.എം.ആർ മട്ടയരിയുടെ ഗുണമേന്മയെക്കുറിച്ച് ഒരിടവേളക്കു ശേഷം പരാതി വ്യാപകമാവുകയാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്ന് ലഭിക്കുന്ന അരിയിൽ തവിടെണ്ണയോടൊപ്പം നിറം ചേർത്ത് മട്ടയരിയെന്ന വ്യാജേന റേഷൻകടകളിലൂടെ വിതരണത്തിന് എത്തിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മില്ലുകൾ സംഭരിച്ച നെല്ല് അരിയാക്കി റേഷൻ കടകളിലേക്ക് എത്തുന്നതിനു മുമ്പ് നടത്തുന്ന റാൻഡം പരിശോധന അധികൃതർ അട്ടിമറിക്കുകയാണെന്ന് കർഷകർ പറയുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെ സ്വകാര്യ മില്ലുകൾ വൻതോതിൽ മട്ട നെല്ല് ഇറക്കുമതി ചെയ്യുന്നുണ്ട്. പാലക്കാടൻ മട്ട ഉയർന്ന വിലക്ക് മറിച്ചുവിറ്റ ശേഷം ഗുണമേന്മ കുറഞ്ഞ അന്തർസംസ്ഥാന നെല്ലിനങ്ങൾ പാലക്കാടൻ മട്ടയെന്ന വ്യാജേന സൈപ്ലകോക്ക് കൈമാറിയാണ് തട്ടിപ്പെന്നാണ് പരാതി. എല്ലാ വർഷവും സംഭരണസമയത്ത് ഈ പരാതിയുയരുമെങ്കിലും തട്ടിപ്പിന് കൂട്ടുനിൽക്കുന്ന സൈപ്ലകോ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധനകളടക്കം അട്ടിമറിച്ച് മില്ലുടമകളെ സംരക്ഷിക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.