കാറ്റും മഴയും കരിമ്പയിൽ വ്യാപക കൃഷിനാശം
text_fieldsകല്ലടിക്കോട്: കാറ്റിലും മഴയിലും കരിമ്പ ഗ്രാമപഞ്ചായത്തിലെ ഉൾനാടൻ ഗ്രാമീണ മേഖലയിൽ കനത്ത കൃഷിനാശം. കാർഷിക വിളകളും മരങ്ങളും കാറ്റിൽ നിലംപൊത്തി. ചിലയിടങ്ങളിൽ വൈദ്യുതി ലൈനുകൾക്ക് മുകളിൽ മരക്കൊമ്പ് പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു. കരിമ്പ, പനയമ്പാടം, പാലളം, കാരൂക്ക്, വെട്ടം, മമ്പറം, നീലാല എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ ഏറെയും. വാഴ, പച്ചക്കറി, കുരുമുളക്, റബർ എന്നിവയും നശിച്ചവയിൽ ഉൾപ്പെടും.
കരിമ്പ പടിഞ്ഞാറ്റേടത്ത് ബിജുവിന്റെ ഒരേക്കർ സ്ഥലത്തെ പടവലം കൃഷിയും പന്തലും പൂർണമായും കാറ്റിൽ നിലംപൊത്തി. ഏകദേശം 500 കിലോഗ്രാം പടവലം വരെ വിളവെടുത്തിരുന്ന കൃഷിയിടമാണിത്. കരിമ്പ പള്ളിപ്പടി കാരൂക്കിൽ പാടശേഖരത്ത് 800ലധികം കുലക്കാറായ വാഴകളും നിലംപൊത്തി.
കരിമ്പ പൊരിയാനി സെയ്തലവി, കരിമ്പ കാരൂക്കിൽ രാജൻ എന്നിവരുടെ 500ലധികം മൂപ്പെത്തിയ വാഴ, കരിമ്പ പനങ്കാമൂട്ടിൽ രാജന്റെ മൂന്ന് വർഷം പഴക്കമുള്ള നാല് റബർ മരങ്ങൾ എന്നിവയും കാറ്റിൽ പൊട്ടിവീണു. കരിമ്പ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാമചന്ദ്രൻ, പി.ജി. വത്സൻ, ഹസ്സൻകുട്ടി തുടങ്ങിയവർ കൃഷിസ്ഥലം സന്ദർശിച്ചു. വിള നശിച്ചവർക്ക് ഉടൻ നഷ്ടപരിഹാരം നൽകണമെന്ന് ജനപ്രതിനിധികളും കർഷകരും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.