ധോണി കീഴടക്കി പുലി, ചെന്നായ, കാട്ടാന...വന്യമൃഗങ്ങൾ നാട്ടിലിറങ്ങിയാൽ നാട്ടുകാർ എന്തുചെയ്യും?
text_fieldsഅകത്തേത്തറ: ധോണി ജനവാസ മേഖലയിൽ കാട്ടാന, പുലി, ചെന്നായ എന്നിവയുടെ ശല്യം അസഹ്യമായി. ജനവാസ മേഖല വന്യമൃഗ ഭീതിയിൽ. ധോണിക്കടുത്ത് മായാപുരത്ത് ബാലൻ നായരുടെ മകൾ ജയശ്രീയുടെ വീടിന് സമീപം പുലി എത്തി. വീട്ട് വളപ്പിലെ കൂട് തകർത്ത് കോഴിയെ പിടിച്ചു കൊണ്ടുപോയി.
ഒന്നിലധികം കോഴികളുള്ള കൂടാണ് പൊളിച്ചത്. ഒരു കോഴിയെ മാത്രം പിടിച്ചുകൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 12.30നാണ് സംഭവം. സി.സി.ടി.വിയിൽ പുലി കോഴിയെ പിടികൂടുന്ന ദൃശ്യങ്ങളുണ്ട്. ശനിയാഴ്ച രാവിലെ വനപാലകരും ദ്രുത പ്രതികരണ സേനയും സംഭവസ്ഥലം സന്ദർശിച്ചു. പുലിയുടെ സാനിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിൽ പിടികൂടാൻ സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞതായി അകത്തേത്തറ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. മോഹനൻ പറഞ്ഞു.
കഴിഞ്ഞദിവസം ഈ സ്ഥലത്തിനടുത്ത് കാടിറങ്ങിയ ചെന്നായക്കൂട്ടം വിദ്യാർഥിയെ പിന്തുടർന്ന് ആക്രമിക്കാനൊരുങ്ങിയിരുന്നു. ട്യൂഷൻ കഴിഞ്ഞ് വൈകീട്ട് ആറിന് വീട്ടിലേക്ക് മടങ്ങുന്ന പത്താം ക്ലാസുകാരനാണ് ചെന്നായയുടെ ആക്രമണത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്. കുട്ടി തൊട്ടടുത്ത വീട്ടിലേക്ക് ഓടി കയറുകയായിരുന്നു. ഒരാഴ്ച മുമ്പ് ധോണിയിലും പരിസര പ്രദേശങ്ങളിലും കാട്ടാനക്കൂട്ടം ഇറങ്ങി കൃഷി നശിപ്പിച്ചിരുന്നു.
പുലി വളർത്തുനായെ പിടികൂടി
കാഞ്ഞിരപ്പുഴ: പുലി വളർത്തുനായെ പിടികൂടി. കാഞ്ഞിരപ്പുഴ കാഞ്ഞിരം പൂഞ്ചോലക്കടുത്ത് മാന്തോണിയിലാണ് സംഭവം. അവിഞ്ഞിപ്പാടം വടിവേലുവിന്റെ വളർത്തുനായെയാണ് പുലി പിടിച്ചത്.
വെള്ളിയാഴ്ച രാത്രിയിലാണ് നായുടെ കരച്ചിൽ കേട്ടതോടെ ഉടമ സംഭവമറിയുന്നത്. നാട്ടുകാർ വനപാലകരെ വിവരമറിയിച്ചു. മണ്ണാർക്കാട് ദ്രുത പ്രതികരണ സേന സംഭവസ്ഥലത്തെത്തി. പുലിയുടെ നീക്കങ്ങൾ അറിയുന്നതിന് നിരീക്ഷണ കാമറ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.