കാട്ടാനകൾ ജനവാസ മേഖലയിലെ കൃഷി നശിപ്പിച്ചു
text_fieldsകൊല്ലങ്കോട്: കാട്ടാനകൾ ജനവാസ മേഖലയിലെത്തി വാഴയും തെങ്ങും നശിപ്പിച്ചു. മൂന്ന് കാട്ടാനകളാണ് തേക്കിൻചിറ കളത്തിൽ സഹദേവന്റെ 250 വാഴകളും 120 തെങ്ങുകളും നശിപ്പിച്ചത്. സഹദേവന്റെ വീടിന് പുറകുവശത്ത് വരെ എത്തിയാണ് കായ്ഫലമുള്ള തെങ്ങുകൾ നശിപ്പിച്ചത്. ആദ്യമായാണ് ഇത്തരത്തിലുള്ള വലിയ കൃഷിനാശം ഉണ്ടാകന്നുതെന്ന് സഹദേവൻ പറഞ്ഞു. വീടിന് തൊട്ടടുത്ത് വരെ കൊമ്പൻമാർ എത്തിയതിനാൽ രാത്രി ഭീതിയോടെയാണ് കഴിയുന്നതെന്ന് കർഷക അവാർഡ് ജേതാവ് കൂടിയായ സഹദേവൻ പറഞ്ഞു.
അയൽവാസി സുരേഷിന്റെ കായ്ഫലമുള്ള തെങ്ങുകളും കാട്ടാന നശിപ്പിച്ചു. ചുക്രിയാൽ, ചീളക്കാട് വനാതിർത്തിയിലെ സൗരോർജ വേലി തകർത്താണ് ആനകൾ എത്തിയത്. റേഞ്ച് ഓഫിസർ കെ. പ്രമോദ്, സെക്ഷൻ ഫോറസ്റ്റർ പി.എസ്. മണിയൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ആനകളെ വനാന്തരത്തിൽ വിടാനുള്ള ശ്രമം ചൊവ്വാഴ്ച രാത്രിയും തുടരുകയാണ്.
സമരത്തിനിറങ്ങുമെന്ന് കർഷക സംരക്ഷണ സമിതി
കൊല്ലങ്കോട്: തൂക്കു സൗരോർജ വേലി അടിയന്തിരമായി സ്ഥാപിച്ചില്ലെങ്കിൽ സമരത്തിനിറങ്ങുമെന്ന് കർഷക സംരക്ഷണ സമിതി. ജില്ല പഞ്ചായത്തിന്റെ 50 ലക്ഷവും കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്, കൊല്ലങ്കോട്, മുതലമട ഗ്രാമപഞ്ചായത്തുകൾ വകയിരുത്തുന്ന ഫണ്ടുകളും ഉപയോഗപ്പെടുത്തി തൂക്കുവേലി ഉടൻ സ്ഥാപിക്കണമെന്ന് കർഷക സംരക്ഷണ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
കാട്ടാനകൾ നശിപ്പിച്ച സഹദേവന്റെ കൃഷിയിടങ്ങൾ സംഘം സന്ദർശിച്ചു. മുതലമട പഞ്ചായത്ത് പ്രസിഡന്റ് എം. കൽപന ദേവി, പഞ്ചായത്ത് അംഗങ്ങളായ രജനി, വിനേഷ്, കർഷക സംരക്ഷണ സമിതി ചെയർമാൻ സി. വിജയൻ, കൺവീനർ സി. പ്രഭാകരൻ, കെ. ചിദംബരൻകുട്ടി, കെ. ശിവാനന്ദൻ, സുനിൽകുമാർ തുടങ്ങിയവരാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.