കാട്ടാനകൾ ഇടച്ചിറ ജങ്ഷന് സമീപമെത്തി
text_fieldsകൊല്ലങ്കോട്: കാട്ടാനകൾ ഇടച്ചിറ ജങ്ഷന് സമീപമെത്തിയതോടെ പ്രതിഷേധവുമായി നാട്ടുകാർ. ഇടച്ചിറ മുനീശ്വരൻ ക്ഷേത്രത്തിനടുത്താണ് ഞായറാഴ്ച രാവിലെ മൂന്ന് കൊമ്പന്മാർ എത്തിയത്. കള്ളിയമ്പാറ, വേലാങ്കാട്, തേക്കിൻചിറ, പറയമ്പള്ളം, അഞ്ഞനംചിറ ജനവാസമേഖലയിലൂടെ ശനിയാഴ്ച രാത്രിയിലാണ് കാട്ടാനകൾ കടന്ന് ഞായറാഴ്ച രാവിലെ 7.30ന് ഇടച്ചിറ മുനീശ്വര ക്ഷേത്രത്തിനടുത്ത് എത്തിയത്. മൂന്ന് ആനകളെ കണ്ട നാട്ടുകാർ വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥരെത്തി നാട്ടുകാരോടൊപ്പം ചേർന്ന് ആനകളെ വിരട്ടിയോടിച്ചു. ജനവാസ മേഖലയിൽ പതിവായി കാട്ടാനകൾ എത്തുമ്പോൾ വനം വകുപ്പ് പടക്കം പൊട്ടിച്ച് ഓടിക്കുകയല്ലാതെ മറ്റു പ്രവർത്തനങ്ങളൊന്നും ചെയ്യാറില്ലെന്ന് നാട്ടുകാർ പറഞ്ഞു. മൂന്ന് കൊമ്പനാനകൾ സ്ഥിരമായി കൃഷിനാശം വരുത്തുന്നതിനാൽ കുങ്കിയാനകളെ ഉപയോഗിച്ച് പിടികൂടി വനാന്തരത്തിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തൂക്കുവൈദ്യുതിവേലി നിർമാണം ആരംഭിച്ചു
കൊല്ലങ്കോട്: കാട്ടാനകളെ നിയന്ത്രിക്കാൻ തൂക്കുവൈദ്യുതിവേലി നിർമാണം ആരംഭിച്ചു. നബാർഡിന്റെ സഹായത്താൽ 80 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് മുതലമട കള്ളിയമ്പാറ പ്രദേശത്തും എലവഞ്ചേരി അടിവാരം പ്രദേശത്തുമായി ഒമ്പത് കി.മീ. തൂക്കുവൈദ്യുതിവേലി നിർമിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ 1.5 കോടി രൂപ വകയിരുത്തിയാൽ 13 കി.മീ. തൂക്കുവൈദ്യുതിവേലി നിർമിക്കാൻ സാധിക്കും. എന്നാൽ, മുതലമട പഞ്ചായത്ത് മാത്രമാണ് ആകെ 20 ലക്ഷത്തിൽ 10 ലക്ഷം രൂപ തൂക്കുവൈദ്യുതിവേലിക്കായി വകയിരുത്തിയത്. ശേഷിക്കുന്ന തുക ഉടൻ അനുവദിക്കുമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് കൽപന ദേവി പറഞ്ഞു.
ജില്ല പഞ്ചായത്ത് 50 ലക്ഷം, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം, കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് അഞ്ച് ലക്ഷം എന്നിങ്ങനെ തുക വകയിരുത്തേണ്ടതുണ്ട്. 56 കി.മീ. വന അതിർത്തി പങ്കിടുന്ന കൊല്ലങ്കോട് റേഞ്ചിലെ എല്ലാ പ്രദേശത്തും തൂക്കുവൈദ്യുതിവേലി നിർമിക്കണമെന്നാണ് കർഷകരുടെയും മലയോരവാസികളായ നാട്ടുകാരുടെയും ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.