ഭീതിവിതച്ച് കാട്ടാനകൾ
text_fieldsകൊല്ലങ്കോട്: കാട്ടാനശല്യം വ്യാപകമായതോടെ പറത്തോട് പുത്തൻപാടം വാസികൾ ഭീതിയിൽ. തെന്മലയോര പ്രദേശമായ കൊട്ടക്കുറിശ്ശി, പറത്തോട്, പുത്തൻപാടം, പാമ്പിൻചിറ എന്നീ പ്രദേശങ്ങളിൽ നാല് ദിവസങ്ങളായി കാട്ടാന ശല്യം വ്യാപകമാണ്. പ്രദേശത്തെ 20ലധികം തെങ്ങുകൾ, 50ലധികം വാഴകൾ, ഒന്നര ഏക്കലധികം നെൽപ്പാടങ്ങൾ എന്നിവ കാട്ടാന നശിപ്പിച്ചു.
വൈദ്യുത വേലി തകര്ത്താണ് കാട്ടാനകൾ കൃഷിസ്ഥലത്തും ജനവാസ മേഖലയിലും എത്തിയിട്ടുള്ളത്. പറത്തോട്, പുത്തൻപാടം നഗറുകൾ കടന്ന് എത്തിയ കാട്ടാനകൾ കൊട്ടകുറിശ്ശി, പാമ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിൽ കൃഷി നാശം വിതച്ചിട്ടും വനംവകുപ്പ് നടപടിയെടുക്കുന്നില്ല എന്ന് നാട്ടുകാർ ആരോപിച്ചു. കാട്ടാനകളുടെ നിരന്തര പ്രവേശനം മൂലം നാട്ടുകാർക്ക് പുറത്തിറങ്ങാൻ കഴിയാതെ വീടുകളിൽ ഒതുങ്ങി കഴിയേണ്ട അവസ്ഥയാണെന്ന് കൊട്ടകുറുശ്ശി സ്വദേശി നരേന്ദ്രൻ പറഞ്ഞു.
പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള പൈപ്പുകൾ വരെ നശിപ്പിച്ചതിനാൽ വെള്ളം ലഭിക്കാതെ ദുരിതത്തിൽ ആയിരിക്കുകയാണ്. സന്ധ്യ കഴിയുന്നതോടെ കൂട്ടത്തോടെ എത്തുന്ന കാട്ടാനകൾ കൃഷി നശിപ്പിക്കുന്നതോടൊപ്പം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായി. കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ജനവാസ മേഖലയിൽ എത്തിയ കാട്ടാന പാമ്പൻചിറയിൽ മുത്തു റാവുത്തർ, ഗോപി എന്നിവരുടെ വീട്ടുമുറ്റത്ത് നിന്ന തെങ്ങും വാഴയും കുടിവെള്ള പൈപ്പും നശിപ്പിച്ചു. പുത്തൽ പാടത്ത് നരേന്ദ്രന്റെ നാല് തെങ്ങുകൾ, വൈദ്യുത വേലി എന്നിവയും തകർത്തു. ആനകളുടെ നിരന്തര വരവുമൂലം പാമ്പൻചിറ, കോട്ടകുറുശ്ശി, പുത്തൻപാടം, പറത്തോട് തോട്ടം തുടങ്ങിയ പ്രദേശങ്ങളിലെ 230ലധികം കുടുംബങ്ങൾ ഭീതിയിലാണ്.
അരുമണിയിൽ കാട്ടാന വിളയാട്ടം; വ്യാപക കൃഷിനാശം
മുണ്ടൂർ: വനാതിർത്തി പ്രദേശങ്ങളിൽ ഒരിടവേളക്കുശേഷം കാട്ടാനകളുടെ വിളയാട്ടം. വൻ തോതിൽ ക്യഷി നശിപ്പിച്ചു. മുണ്ടൂർ, പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളുടെ ഉൾനാടൻ ഗ്രാമീണ മേഖലയിലാണ് ഒരാഴ്ചയായി കാട്ടാന തനിച്ചും കൂട്ടായും ജനവാസ മേഖലയിൽ കറങ്ങുന്നത്. കാട്ടാനകൾ വന്ന് പോവാറുണ്ടെങ്കിലും കഴിഞ്ഞ ദിവസം കൃഷി നശിപ്പിച്ചിരുന്നില്ല. അതേസമയം, ചൊവ്വാഴ്ച പുലർച്ച പുതുപ്പരിയാരം, മുണ്ടൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ അരിമണിയിലും പരിസരങ്ങളിലും പത്തിലധികം കർഷകരുടെ കാർഷിക വിളകളാണ് നശിപ്പിച്ചത്.
തെങ്ങ്, കമുക്, വാഴ, നാടൻ വിളകൾ എന്നിവയാണ് വൻതോതിൽ നശിപ്പിച്ചത്. കല്ലടിക്കോടൻ മലമ്പ്രദേശ മേഖലയിൽനിന്ന് തുരത്തുമ്പോൾ കാട്ടാനകൾ പാലക്കാട് വനം ഡിവിഷൻ പരിധിയിൽ വരുന്ന വടക്കൻ കാട്, പുളിയംപുള്ളി, ആന വാരി വഴി അരുമണിയിലെത്തുകയാണെന്ന് കർഷകർ പരാതിപ്പെട്ടു. സമീപ പ്രദേശമായ കോർമയിലും കയ്യറയിലും നെൽപ്പാടങ്ങളിൽ തളിർ പുല്ല് വളർന്ന സമയമാണിത്. കാർഷികവൃത്തി പുനരാരംഭിച്ചതോടെ ഭൂരിഭാഗം കർഷകരും കാട്ടാനകൾ കൃഷി നശിപ്പിക്കുന്ന ആശങ്കയിലാണ്. കിടങ്ങും സൗരോർജ വേലിയും നിർമിച്ചിട്ടുണ്ടെങ്കിലും കിടങ്ങുകളിൽ മണ്ണും കല്ലും നിറഞ്ഞതും വിനയായി. തെങ്ങിൻ പട്ടകൾ ഉപയോഗിച്ച് സൗരോർജ വേലി തകർത്തും കാട്ടാനകൾ കൃഷിസ്ഥലത്ത് ഇറങ്ങുന്നത് കർഷകർക്ക് തലവേദനയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.