കാട്ടുകൊമ്പനെ പൂട്ടണം; രണ്ടാഴ്ചക്കിടെ അരക്കോടിയുടെ വിളനാശം
text_fieldsകല്ലടിക്കോട്: മലമ്പ്രദേശ ജനജീവിതം ഭീതിയിലാഴ്ത്തിയ കാട്ടുകൊമ്പനെ പൂട്ടണമെന്ന് കർഷകർ. കരിമ്പയിലെ മലയോരഗ്രാമങ്ങളിലെ ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ കാട്ടുകൊമ്പനെ പിടികൂടി കല്ലടിക്കോടൻ വനമേഖലയിൽനിന്ന് മാറ്റണമെന്ന ആവശ്യവുമായി കർഷക സംഘടനകളും നാട്ടുകരുടെ കൂട്ടായ്മയായ ജനകീയ പ്രതിരോധ സമിതിയും രംഗത്തെത്തി.
രണ്ടാഴ്ചക്കിടെ അരകോടിയിൽപരം രൂപയുടെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. പ്രധാനമായും കരിമ്പ ഗ്രാമപഞ്ചായത്തിലെ മൂന്നേക്കർ, മരുതംകട്, വാക്കോട് തുടങ്ങിയ പ്രദേശങ്ങളിൽ കാട്ടാനകൾ ജനങ്ങളുടെ സമാധാന ജീവിതത്തിന് ഭീഷണി സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം രൂപവത്കരിച്ച ജനകീയ പ്രതിരോധ സമിതി കാട്ടുകൊമ്പനെ പിടികൂടാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കണമെന്ന് ഉന്നയിച്ച് കരിമ്പ പഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകി. വെള്ളിയാഴ്ച ചേരാനിരിക്കുന്ന കരിമ്പ പഞ്ചായത്ത് ഭരണസമിതി യോഗം കാട്ടാന പ്രശ്നം ചർച്ച ചെയ്യും. ഇതേ പ്രശ്നം ഉന്നയിച്ച് കലക്ടർ, വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർക്ക് നിവേദനം സമർപ്പിക്കും.
അതേസമയം തെങ്ങ്, കമുക്, റബർ എന്നിവയുടെ തൈ നശിപ്പിക്കുന്ന കാട്ടുകൊമ്പൻ തൈ കൊമ്പൻ എന്ന കാട്ടാനയാണെന്ന് മലയോര കർഷകർ പറയുന്നു. കാർഷിക വിളകളായ തൈകളാണ് ഈ കാട്ടാനക്ക് ഏറെ ഇഷ്ടം. തൈ കൊമ്പന്റെ ആക്രമണത്തിൽ രണ്ട് ടാപ്പിങ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു.
ദുർബല പ്രതിരോധ സംവിധാനങ്ങളും സേനയുടെ ആൾബലക്ഷാമവും മേഖലയിലെ ഇടകലർന്ന ഭൂപ്രകൃതിയും കാട്ടാന പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.