വെള്ളാരംകടവിൽ കാട്ടാന ശല്യം രൂക്ഷം; നാട്ടുകാർ ഭീതിയിൽ
text_fieldsമുതലമട: കാട്ടാനശല്യം വർധിച്ചതോടെ കർഷകരും നാട്ടുകാരും ഭീതിയിൽ. കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് കാട്ടാനകൾ വെള്ളാരംകടവിലെ ജനവാസ മേഖലയിൽ എത്തിയത്. വെള്ളാരംകടവ് ചാപ്പക്കാട് പ്രധാന റോഡ് കടന്ന് ഹയറുന്നീസയുടെ പറമ്പിൽ എത്തി 20ലധികം തെങ്ങുകളാണ് നശിപ്പിച്ചത്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രദേശത്ത് കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. വനം വകുപ്പ് പടക്കം പൊട്ടിച്ച് വിരട്ടിഓടിക്കുന്നുണ്ടെങ്കിലും വീണ്ടും തിരിച്ചെത്തുകയാണ്.
ഇടവിട്ടുള്ള മഴയും വനംവകുപ്പ് നടപടികൾ ഫലവത്താകാത്തതുമാണ് വെള്ളാരം മേഖലയിൽ കാട്ടാനകൾ വർധിക്കാൻ ഇടയാക്കിയത്. കുടുംബങ്ങൾ വസിക്കുന്ന വെള്ളാരംകടവ് മേഖലയിൽ മൂന്നിലധികം നഗറുകളുമുണ്ട്. ആയതിനാൽ കാട്ടാനകളെ വനാന്തരത്തിലേക്ക് എത്തിക്കാൻ വനംവകുപ്പ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, കാട്ടാനകളെ ഓടിക്കാൻ ഓപ്പറേഷനുകൾ നടത്തുന്നുണ്ടെന്ന് കൊല്ലങ്കോട് റേഞ്ച് ഓഫിസർ കെ. പ്രമോദ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ചപ്പക്കാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ വിരട്ടി ഓടിക്കാൻ 20ലധികം വരുന്ന വനംവകുപ്പിന്റെ സംഘം ആറുമണിക്കൂർ പ്രത്യേക ഓപറേഷൻ നടത്തിയതായി റേഞ്ച് ഓഫിസർ പറഞ്ഞു. തുടർന്നും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടാകുമെന്നും നാട്ടുകാർ ഭീതിയിലാകരുതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.