വനം വകുപ്പ് നടപടികൾ പാളുന്നു; കാട്ടാനകളൊഴിയാതെ കൃഷിയിടങ്ങൾ
text_fieldsനെന്മാറ: കരിമ്പാറ കൽച്ചാടിയിൽ കാട്ടാനക്കൂട്ടം ഇറങ്ങി കൃഷിനാശം വരുത്തി. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം എൽദോസ് പണ്ടിക്കൂടി, അബ്ബാസ് ഒറവഞ്ചിറ, എസ്. എ. ജംഷീദ് ഹസൻ, ആർ. വേണുഗോപാലൻ എന്നിവരുടെ കൃഷിയിടങ്ങളിലെ കാമുക്, റബ്ബർ, കുരുമുളക്, കുരുമുളക് താങ്ങു വൃക്ഷങ്ങൾ, ഫലവൃക്ഷങ്ങൾ, തേക്ക്, തുടങ്ങി നിരവധി മരങ്ങൾ കുത്തി മറിച്ചും ചവിട്ടിയും നശിപ്പിച്ചു.
കച്ചാടി പൂളക്കാട് ഭാഗത്തുനിന്നും വകുപ്പിന്റെ സൗരോർജ വൈദ്യുത വേലി തകർത്ത് കൃഷിയിടങ്ങളിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടം വ്യാപക നാശം വരുത്തിയശേഷം കൽച്ചാടി - ഒലിപ്പാറ കനാൽ വരെ വന്നശേഷം തിരികെ പുഴ കടന്ന് കൽച്ചാടി പഴയ ചെക്ക് ഡാം ഭാഗത്ത് കൂടെയാണ് കാട്ടാനക്കൂട്ടം വനത്തിലേക്ക് മടങ്ങി പോയിരിക്കുന്നത്. രാവിലെ ആറു മണിയോടെ പ്രദേശത്ത് റബ്ബർ മരങ്ങൾ ടാപ്പിങ്ങിന് എത്തിയ തൊഴിലാളികൾ ആനപിണ്ഡത്തിന്റെയും ആനയുടെയും രൂക്ഷഗന്ധം തോട്ടങ്ങളിൽ അനുഭവപ്പെട്ടതോടെയാണ് കാട്ടാനയുടെ സാന്നിധ്യം അറിയുന്നത് അകലെ വനമേഖലയിൽ കാട്ടാനകളുടെ ശബ്ദം കേട്ടെങ്കിലും തൊഴിലാളികൾ ആരും കാട്ടാനക്കൂട്ടത്തെ നേരിൽ കണ്ടില്ല.
തുടർന്ന് തൊഴിലാളികൾ സംയുക്തമായി തോട്ടങ്ങളിൽ പരിശോധിച്ചപ്പോഴാണ് വ്യാപകമായ നാശം ശ്രദ്ധയിൽപ്പെടുന്നത്. കൽച്ചാടി പുഴയുടെ തീരത്തും വനമേഖലയോട് ചേർന്നുമുള്ള സൗരോർജ വൈദ്യുത വേലിയുടെ കാലുകളും കമ്പികളും നിരവധി സ്ഥലങ്ങളിൽ കാട്ടാനക്കൂട്ടം ചവിട്ടി വളയ്ക്കുകയും കമ്പികൾ ചവിട്ടി താഴ്ത്തുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി കാട്ടാന കൃഷിയിടങ്ങളിൽ എത്തുന്നത് മേഖലയിലെ കർഷകരെ ദുരിതത്തിലാക്കുന്നു.
ശല്യക്കാരായ ആനകളെ കുങ്കിയാനകളെ ഉപയോഗിച്ചും കാട്ടാന കൂട്ടത്തെ കൊണ്ടുവരുന്ന മോഴയാനയെ പ്രദേശത്തു നിന്നും പിടിച്ചു മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു. പടക്കവുമായി ഇടയ്ക്കിടെ വനം വകുപ്പ് മേഖലയിൽ എത്തി പടക്കം പൊട്ടിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തുന്നതല്ലാതെ കാട്ടാനകളെ ഉൾവനത്തിൽ എത്തിക്കാനുള്ള ശാശ്വത നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കർഷകർ പരാതിപ്പെട്ടു.
പ്രദേശത്തെ സൗരോർജ വേലിയുടെ പ്രവർത്തനവും കാര്യക്ഷമമല്ല. തുടർച്ചയായി രണ്ടാഴ്ചയോളമായി അടുത്തടുത്ത അയിലൂർ, വണ്ടാഴി പഞ്ചായത്തിലെ മലയോര മേഖലകളിൽ തൊഴിലാളികളുടെ ജീവനു വരെ ഭീതി ഉളവാക്കുന്ന രീതിയിൽ കാട്ടാനകൾ അക്രമ സ്വഭാവം കാണിക്കാൻ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.