മോഴയാനയുടെ പരാക്രമം; ഭീതിയിലായി മലയോര മേഖല
text_fieldsനെന്മാറ: വീണ്ടും കോപ്പൻകുളമ്പിൽ കൃഷിയിടങ്ങൾ മോഴയാന നശിപ്പിച്ചു. പശുത്തൊഴുത്ത് തകർത്തു. ആനയെ തുരത്താൻ എത്തിയവർക്കുനേരെ ആന അക്രമാസക്തനായി. പുഞ്ചേരിയിലും ചള്ളയിലും തെങ്ങുകൾ കുത്തിമറിച്ചിട്ടു. പോത്തുണ്ടി, തിരുവഴിയാട് വനം സെക്ഷനുകൾക്ക് കീഴിലാണ് മോഴയാന സ്ഥിരമായി എത്തുന്നത്. മോഴയാന വീട്ടുവളപ്പിലും കൃഷിയിടങ്ങളിലും വ്യാപക നാശം വരുത്തി. ബുധനാഴ്ച രാവിലെ കരിമ്പാറ, വടക്കൻ ചിറയിലെ ജോർജിന്റെ തൊഴുത്ത് തകർത്തു പശുവിനു മുകളിലേക്ക് തള്ളിയിട്ടു. വിറളിപൂണ്ട പശു കയർ പൊട്ടിച്ച് ഓടി.
കോപ്പൻ കുളമ്പ് റോഷി ജോണിയുടെ 30ഓളം വാഴകൾ, മോഹന കൃഷ്ണന്റെ ഫലവൃക്ഷങ്ങൾ എന്നിവ നശിപ്പിച്ചു. മോഹന കൃഷ്ണന്റെ വീട്ടുവളപ്പിൽ ഇത് മൂന്നാം തവണയാണ് കഴിഞ്ഞ 15 ദിവസത്തിനിടെ കാട്ടാന എത്തി കൃഷിനാശം വരുത്തുന്നത്. വനമേഖലയിൽനിന്ന് രണ്ട് കിലോമീറ്ററിലേറെ അകലെയുള്ള ജനവാസ സ്ഥലമാണ് കോപ്പൻകുളമ്പ്. ബുധനാഴ്ച രാവിലെ അഞ്ചരയോടെയാണ് മോഴയാന കൃഷിയിടത്തിൽ കൃഷിനാശം തുടരുന്നത് ടാപ്പിങ് തൊഴിലാളികൾ കാണുന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് രാവിലെ ആറരയോടെ വനം വാച്ചർമാർ പടക്കവുമായി എത്തിയാണ് ആനയെ വീട്ടുവിളപ്പുകളിൽനിന്ന് തുരുത്തിയത്. ഇതിനിടെ വടക്കൻചിറ തടികുളങ്ങര ജോർജിന്റെ വീട്ടുവളപ്പിലെ പശുത്തൊഴുത്ത് ആന തള്ളി തകർത്തിട്ടു. തുടർന്ന് വടക്കഞ്ചിറ ടി.പി. വർഗീസ്, ജോസ്, തങ്കച്ചൻ എന്നിവരുടെ വീട്ടുവളപ്പിലും റബർ തോട്ടങ്ങളിലൂടെയും ഓടി നടന്നു നാശംവരുത്തി. നേരം വെളുത്ത സമയമായതിനാൽ സ്ത്രീ-പുരുഷന്മാർ അടക്കം വീട്ടുപരിസരത്ത് ഇറങ്ങിനിന്ന് ഒച്ചവെച്ചു. പടക്കവുമായി വനപാലകർ ആനക്ക് പിന്നാലെ എത്തിയതോടെ ഒരുകിലോമീറ്റർ അപ്പുറത്തുള്ള കൽച്ചാടി പുഴയുടെ സമീപത്ത് ആന നിലയുറപ്പിച്ചു.
പടക്കം പൊട്ടിച്ചതിനെ തുടർന്നാണ് ആന പുഴിയിൽ ഇറങ്ങി നിന്നെങ്കിലും മറുകര കയറാൻ കൂട്ടാക്കിയില്ല. പടക്കം പൊട്ടിച്ചും ബഹളംവെച്ചുമാണ് ആന പുഴ ഇറങ്ങി മറുകരയിലുള്ള ബാലചന്ദ്രൻ, ചെന്താമരാക്ഷൻ എന്നിവരുടെ റബർ തോട്ടങ്ങളിലൂടെ ചള്ള ഭാഗത്തുള്ള വനമേഖല ലക്ഷ്യമാക്കി കാട്ടാന വിവിധ കൃഷിയിടങ്ങളിലൂടെ നടന്ന് കൽച്ചാടി കോളനി റോഡിലേക്ക് കയറി. തുടർന്ന് കനാൽ ബണ്ടു റോഡ് വഴി ഏറെ ദൂരം സഞ്ചരിച്ചശേഷമാണ് കനാൽ മുറിച്ചുകടന്ന ആന വനമേഖലയിലേക്ക് പോകാൻ തയാറായത്. ഇതിനിടെ റോഡിൽനിന്ന് കനാൽ ബണ്ടിൽനിന്ന് ആന വനപാലകർക്ക് നേരെ നാലുതവണ തിരിഞ്ഞുനിന്ന് അക്രമസ്വഭാവം കാണിച്ചു.
എട്ടുമണിയോടെയാണ് ആനയെ വനമേഖലയിലേക്ക് എത്തിക്കാൻ കഴിഞ്ഞത്. പകൽ സമയത്ത് ആനയുടെ സഞ്ചാരം കാണാൻ നിരവധിയാളുകളാണ് വനപാലകർക്കൊപ്പം ഉണ്ടായിരുന്നത്. ആന വരുന്നത് മുൻകൂട്ടി വിളിച്ചു പറഞ്ഞതിനാൽ ആന പോകുന്ന വഴിയിലെ വീട്ടുകാരും ടാപ്പിങ് തൊഴിലാളികളും പുറത്തിറങ്ങാതെ സുരക്ഷിതരായി മാറിനിന്നു. സ്ഥിരമായി കാട്ടാന ഇറങ്ങുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. കാട്ടാനയെ നിയന്ത്രിച്ച് വനമേഖലയിലേക്ക് കയറ്റാൻ നാമമാത്രമായ വനപാലകർ മാത്രമുള്ളത്. പ്രകോപിതനാകുന്ന ആനക്ക് മുന്നിൽനിന്ന് തൊഴിലാളികൾ രക്ഷപ്പെടുന്നത് ഭാഗ്യം കൊണ്ടുമാത്രമാണ്.
ഒരാഴ്ച മുമ്പ് മണലൂർ ചള്ളയിൽ ഇതേ മോഴയാന ഓടിച്ച് പരിക്കേറ്റ രണ്ട് ടാപ്പിങ് തൊഴിലാളികൾ എല്ലിന് ക്ഷതമേറ്റ് ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ തിങ്കളാഴ്ച പോത്തുണ്ടിയിൽനിന്ന് ആരംഭിച്ച മോഴയാനയുടെ പ്രയാണം തളിപ്പാടം, കരിമ്പാറ, ചേവിണി, കൽച്ചാടി, കോപ്പൻകുളമ്പ്, ചള്ള ഭാഗങ്ങളിൽ തുടർച്ചയായി എത്തുന്നു. മോഴയാന വാഴയുടെ ഉണ്ണിപ്പിണ്ടി, തെങ്ങ്, ഈറമ്പന എന്നിവ തിന്നാനായാണ് കൃഷിയിടങ്ങളിൽ എത്തുന്നത്.
കാടുകയറാത്ത മോഴയാനയെ പിടികൂടി സ്ഥലം മാറ്റണമെന്നാണ് മേഖലയിലെ ജനങ്ങളുടെ നിരന്തര ആവശ്യം. കുങ്കിയാനകളെ എത്തിച്ച് മോഴയാനയെ തുരത്താനുള്ള നടപടി വേണമെന്നും കർഷക സംഘടനയായ കിഫ ഭാരവാഹികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.