തൂക്ക് വേലി തകർത്ത് കാട്ടാന ജനവാസ മേഖലയിൽ
text_fieldsകല്ലടിക്കോട്: വനാതിർത്തിയിലെ തൂക്ക് വേലി തകർത്ത് ജനവാസ മേഖലയിലിറങ്ങിയ കാട്ടാന വൻതോതിൽ കൃഷി നശിപ്പിച്ചു. നാല് ദിവസത്തിനകം 10 ലക്ഷം രൂപയുടെ നാശമുണ്ടായതായി കർഷകർ പറയുന്നു. മൂന്നേക്കർ കൂമംകുണ്ടിൽ മൂന്ന് വർഷം മുമ്പ് വനം വകുപ്പ് സ്ഥാപിച്ച തൂക്ക് വേലിക്ക് മുകളിൽ മരം പുഴക്കിയിട്ടാണ് കാട്ടാന കാടിറങ്ങിയത്. തൊട്ടടുത്ത സ്ഥലങ്ങളിൽ കൂമംകുണ്ട് എൻ.വി. ജോസഫ്, മീൻവല്ലത്ത് ടി.ആർ. രമേശ് എന്നിവർ സ്ഥാപിച്ച സൗരോർജ വേലിയും തകർത്തു.
200 തെങ്ങ്, 500 വാഴ, 1000 കമുക്, റബർ, ജാതി, കുരുമുളക് എന്നിവ പിഴുതും ചവിട്ടിയും നശിപ്പിച്ച നിലയിലാണ്. മൂന്നേക്കർ സ്വദേശികളായ ടി.വി. ജോസഫ്, സാജൻ തെക്കുംപുറം, ജോസ് ചെറുപറമ്പിൽ, കുര്യൻ ചെറുപറമ്പിൽ, സിജു കുര്യൻ എന്നിവരുടെ തോട്ടങ്ങളിലാണ് കൂടുതൽ നാശം.
ആക്രമണ സ്വഭാവമുള്ള കാട്ടാനക്ക് നൂതന രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങളും പരമ്പരാഗത രീതികളും പേടിയില്ലെന്ന് കർഷകർ പറയുന്നു. തൂക്കുവേലിയും സൗരോർജ വേലിയും പ്രവർത്തനരഹിതമായതോടെ കാട്ടാന ഏത് സമയത്തും ജനവാസ മേഖലയിലെത്താമെന്ന അവസ്ഥയാണ്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് പരിക്കേറ്റിരുന്നു.
മാസങ്ങൾക്ക് മുമ്പ് തോട്ടങ്ങളിലെ വാഹനവും ഷെഡ്ഡും തകർത്ത ആക്രമണസ്വഭാവമുള്ള കാട്ടാന തന്നെയാണ് നാട്ടിൽ പരാക്രമം അഴിച്ചുവിടുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇതിനെ മയക്ക് വെടിവെച്ച് പിടികൂടി നാട് കടത്തണമെന്നും കർഷകർ ആവശ്യപ്പെടുന്നു. ഇതിന് വനപാലകരും ദ്രുത പ്രതികരണ സേനയും രംഗത്തിറങ്ങണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.