കാട്ടാനശല്യം; 21ന് കലക്ടറേറ്റ് മാർച്ച്
text_fieldsകൊല്ലങ്കോട്: തെന്മലയിൽ കാട്ടാന ശല്യത്തിൽ പ്രതിഷേധിച്ച് കലക്ടറേറ്റ് മാർച്ചുമായി കർഷകർ. 21ന് കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്താൻ കർഷക സംരക്ഷണ സമിതി യോഗത്തിൽ തീരുമാനമായി. കർഷക സംരക്ഷണ സമിതി രക്ഷാധികാരി കെ. ചിദംബരൻ കുട്ടി അധ്യക്ഷത വഹിച്ചു. സി. വിജയൻ, സി. പ്രഭാകരൻ, കെ. ഗോവിന്ദൻ, ബി. രാമദാസ്, പി. ചെന്താമരാക്ഷൻ, ഹരിദാസ് ചുവട്ടുപാടം, കെ.സി. പുഷരാജൻ, കെ. സുബ്രമണ്യൻ, എ. സാദിഖ് എന്നിവർ സംസാരിച്ചു.
ദ്രുതകർമസേനക്കായി ശ്രമിക്കുമെന്ന്
കൊല്ലങ്കോട്: കാട്ടാനകളെ തുരത്താൻ ദ്രുതകർമ സേനക്കായി വീണ്ടും ശ്രമിക്കുമെന്ന് ഡി.എഫ്.ഒ. കർഷക സംരക്ഷണ സമിതി ഭാരവാഹികളുമായുള്ള ചർച്ചയിലാണ് നെന്മാറ ഡി.എഫ്.ഒ കെ. മനോജ് ഇതുപറഞ്ഞത്. കാട്ടാനകൾ മൂന്നു പതിറ്റാണ്ടിനിടെ കൂടുതലായി തെന്മലയോരത്ത് എത്തി കൃഷി നശിപ്പിക്കുന്നതിന്റെ കാരണം ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പഠിക്കുകയാണെന്നും കാരണം കണ്ടെത്തിക്കഴിഞ്ഞാൽ ആനകൾ എത്താതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഡി.എഫ്.ഒ പറഞ്ഞു.
സ്പിങ് വൈദ്യുതി വേലി സ്ഥാപിക്കാൻ നിലവിൽ അനുവദിച്ച 75 ലക്ഷം ഫലപ്രദമായി ഉപയോഗിക്കുമെന്നും നിലവിലെ വൈദ്യുതി വേലി തകർക്കാതിരിക്കാൻ വേലിയുടെ ഇരുവശത്തുമുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റുന്ന പണികൾ നടത്തുമെന്നും ഡി.എഫ്.ഒ കർഷകരെ അറിയിച്ചു. കെ. ചിദംബരൻകുട്ടി, സി. വിജയൻ, എ. സാദിഖ്, കെ. ശിവാനന്ദൻ എന്നിവരടങ്ങുന്ന സംഘമാണ് സി.എഫ്.ഒയുമായി ചർച്ച നടത്തിയത്. കൊല്ലങ്കോട് റേഞ്ച് ഓഫിസർ പ്രമോദ് കൃഷ്ണൻ, സെക്ഷൻ ഫോറസ്റ്റ്ർ മണിയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
പന്തപ്പാറയിൽ കാട്ടാന കൃഷി നശിപ്പിച്ചു
കൊല്ലങ്കോട്: പന്തപ്പാറയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. പ്രദേശവാസിയായ ദുരൈസ്വാമിയുടെ ഒരേക്കറോളം വരുന്ന പ്രദേശത്തെ തീറ്റപ്പുല്ല് കാട്ടാന നശിപ്പിച്ചു. ചപ്പക്കാട്ടിൽ കഴിഞ്ഞ ഒരാഴ്ചയിലധികമായി നൂറിലധികം തെങ്ങുകളാണ് കാട്ടാനകൾ നശിപ്പിച്ചിട്ടുള്ളത്.
തുടർന്നാണ് കാട്ടാനകൾ പന്തപ്പാറയിലെത്തി കൃഷിനാശം വരുത്തിയത്. കാട്ടാനകളെ വനാന്തരത്തിലേക്ക് എത്തിക്കണമെന്ന ആവശ്യം നടപ്പാക്കാത്തതിനാൽ ചപ്പക്കാട്ടിലും പന്തപ്പാറയിലും വസിക്കുന്നവർ ഭീതിയിലാണ് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.