ചികിത്സ നൽകി കാട്ടിലേക്ക് വിട്ട മോഴയാന െചരിഞ്ഞു
text_fieldsഅഗളി: അട്ടപ്പാടിയിൽ വനംവകുപ്പ് മയക്കുവെടിവെച്ച് ചികിത്സ നൽകി കാട്ടിലേക്ക് തിരികെവിട്ട മോഴയാന െചരിഞ്ഞു. ബുധനാഴ്ച പുലർച്ച ഏഴോടെയാണ് ആന തമിഴ്നാട് അതിർത്തിക്ക് സമീപം ആനക്കട്ടി-ഷോളയൂർ റോഡിൽ മരപ്പാലം ഭാഗത്ത് റോഡരികിൽ െചരിഞ്ഞത്.
ഏറെ ക്ഷീണിച്ച ആന രണ്ടു ദിവസം മരപ്പാലം ഭാഗത്തുണ്ടായിരുന്നു. ബുധനാഴ്ച പുലർച്ച ആറോടെ റോഡരികിലെത്തുകയും പിന്നീട് കിടക്കുകയുമായിരുന്നു. ഏഴ് മണിയോടെ െചരിഞ്ഞു. അട്ടപ്പാടിയിൽ ആദിവാസി വിഭാഗക്കാരുടെതടക്കം 24 വീടുകളാണ് ഈ ആന തകർത്തത്. ഒരു റേഷൻ കടയും പാൽ സൊസൈറ്റി ഗോഡൗണും ആക്രമണത്തിനിരയായി. ഏതാനും മാസങ്ങളായി ഷോളയൂർ ഭാഗത്ത് സജീവ സാന്നിധ്യമായിരുന്നു ഈ മോഴയാന. ശല്യം പതിവായപ്പോൾ പ്രദേശവാസികൾ ആനക്ക് 'ബുൾഡോസർ' എന്ന പേര് നൽകി.
ശല്യം തുടർന്നപ്പോൾ വനം വകുപ്പ് അധികൃതർ റേഡിയോ കോളർ ഘടിപ്പിക്കാനുള്ള അനുമതിക്കായി മേലധികൃതർക്ക് അപേക്ഷ നൽകി. ശല്യം രൂക്ഷമായപ്പോൾ റബ്ബർ ബുള്ളറ്റുപയോഗിച്ച് കാട് കയറ്റി. തുടർന്ന് ആന തമിഴ്നാട് വനത്തിലേക്ക് ചേക്കേറി. ഒരാഴ്ചക്കു ശേഷം തിരികെയെത്തിയത് താടിയെല്ല് തകർന്നും നാവ് മുറിഞ്ഞും ഗുരുതര പരിക്കുകളോടെയായിരുന്നു. തുടർന്ന് വനം വകുപ്പ് സീനിയർ വെറ്ററിനറി ഓഫിസർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ മയക്കുവെടിവെച്ച് മയക്കി വിദഗ്ധ ചികിത്സ നൽകി വിട്ടു. എന്നാൽ, മോണയും താടിയെല്ലും തകർന്ന ആന ഭക്ഷണം കഴിക്കാനാകാതെ വീണ്ടും അലഞ്ഞു.
പിന്നീട്, തമിഴ്നാട് ഭാഗത്ത് നിന്നെത്തിയ കൊമ്പനൊപ്പം തമിഴ്നാട് ഭാഗത്തേക്ക് കടന്നു. വീണ്ടുമെത്തിയ ആനയുടെ ആരോഗ്യനില ഏറെ മോശമായിരുന്നു. അവശനിലയിലുണ്ടായിരുന്ന ആനയെ ജെ.സി.ബി.യുടെ സഹായത്തോടെ തമിഴ്നാട് അധികൃതർ കേരളത്തിലേക്ക് മലകയറ്റിവിടുകയായിരുന്നെന്നും ദേഹത്ത് കൂടുതൽ ക്ഷതങ്ങളുണ്ടായിരുന്നെന്നും പറയുന്നുണ്ട്. അതേസമയം, നിരവധി വീടുകൾ തകർത്തെങ്കിലും ആനയുടെ അന്ത്യം ആദിവാസി വിഭാഗത്തിന് വേദനയായി. പട്ട് പുതപ്പിച്ചും നിലവിളക്ക് കൊളുത്തിയും അവർ അന്ത്യകർമമൊരുക്കി. താടിയെല്ല് തകർന്നതിനാൽ റോഡിലൂടെ ആന കണ്ണീർ വാർത്ത് ദിവസങ്ങൾ നടന്നിരുന്നു. വനം വകുപ്പ് വെറ്ററിനറി ഓഫിസർ അരുൺ ഗോപിയുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി ജഡം സംസ്കരിച്ചു.
മരണകാരണത്തിൽ ദുരൂഹത
അഗളി: ആനയുടെ മരണത്തിനിടയാക്കിയ കാരണവുമായി ബന്ധപ്പെട്ട ദുരൂഹതയേറുന്നു. ആനകൾ തമ്മിൽ സംഘർഷത്തിലേർപ്പെട്ടതാണ് നാവിനും മറ്റും മുറിവേൽക്കാനിടയാക്കിയതെന്നാണ് തമിഴ്നാട് വനംവകുപ്പ് അധികൃതർ പറയുന്നത്.എന്നാൽ, കൊമ്പുകളില്ലാത്ത മോഴയാന കൊമ്പനാനകളോട് പൊതുവെ ഏറ്റുമുട്ടലിലേർപ്പെടാറില്ലെന്നാണ് വിദഗ്ധ അഭിപ്രായം. തമിഴ്നാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ നിന്നാണ് പരിക്കേതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
കേരള അതിർത്തിയിലെ കോയമ്പത്തൂർ വനമേഖലയിൽ അടുത്തിടെ ദുരൂഹമായി ചരിഞ്ഞത് പതിനാറ് കാട്ടാനകളാണ്. സ്ഫോടകവസ്തു നൽകിയതാണ് മരണത്തിനിടയാക്കിയതെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.