കാട്ടാന ഭീതിയൊഴിയാതെ മലയോര മേഖല
text_fieldsനെന്മാറ: അയിലൂർ പഞ്ചായത്തിലെ മലയോര മേഖലകളായ ചള്ള, പൂഞ്ചേരി, ഓവുപാറ, മണലൂർച്ചള്ള പ്രദേശങ്ങളിൽ രാത്രിയും പകലും കാട്ടാനക്കൂട്ടം വിലസുന്നു. കൃഷിയിടങ്ങളിലും വീടുകൾക്ക് സമീപവും വരുന്നത് ജനജീവിതത്തിന് ഭീഷണിയായി മാറിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് ഓവുപാറ ഭാഗത്ത് സൗരോർജ വേലി തകർത്ത് എത്തിയ കാട്ടാനക്കൂട്ടം ഒച്ചവെച്ചും കൃഷിയിടങ്ങളിൽ ഇറങ്ങിയും പ്രദേശവാസികളെ ഭീതിയിലാക്കിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഓവുപാറ ഭാഗത്ത് കൃഷിയിടത്തിൽ കാട്ടാന എത്തിയതോടെ പ്രദേശവാസികൾ വനം വാച്ചർമാരെ അറിയിക്കുകയും രാവിലെ ഒമ്പത് മുതൽ പടക്കം ഉപയോഗിച്ച് കാട്ടാനക്കൂട്ടത്തെ വനമേഖലയിലേക്ക് കയറ്റിവിടാൻ ശ്രമിക്കുകയും ചെയ്തു.
കുട്ടിയാന ഉൾപ്പെടെ അഞ്ചംഗ കാട്ടാനസംഘം രണ്ടു ഭാഗങ്ങളിലേക്കായി പിരിഞ്ഞാണ് വനമേഖലയിലേക്ക് കയറിയത്. പൂഞ്ചേരിയിലുള്ള തേക്ക് പ്ലാന്റേഷന് സമീപം പണിയിലേർപ്പെട്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾക്ക് സമീപം ഉച്ചക്ക് രണ്ടു മണിയോടെ കാട്ടാനകൾ വീണ്ടും പ്രത്യക്ഷപ്പെട്ടത് നാട്ടുകാരെ ആശങ്കയിലാക്കി. പ്രദേശവാസികളും തൊഴിലാളികളും ശബ്ദമുണ്ടാക്കിയപ്പോൾ കാട്ടിനുള്ളിലേക്ക് കയറിപ്പോയതായി വനം വാച്ചർമാർ പറഞ്ഞു.
കഴിഞ്ഞയാഴ്ച കൽച്ചാടി, നിരങ്ങമ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം തന്നെയാണ് മൂന്ന് കിലോമീറ്റർ അപ്പുറത്ത് വീണ്ടും എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞവർഷവും കാട്ടാനക്കൂട്ടം വേനൽക്കാലമായതോടെ മരുതഞ്ചേരി ഉൾപ്പെടെ ജനവാസ മേഖലയിൽ തുടർച്ചയായി രാത്രിയിൽ എത്തിയത് ഏറെ കൃഷിനാശത്തിന് വഴിവെച്ചിരുന്നു. കൊയ്ത്താവാറായ നെൽപ്പാടങ്ങളിലേക്ക് കാട്ടാനകൾ ഇറങ്ങുന്നത് തടയാൻ ആർ.ആർ.ടി. സംഘത്തെയോ സ്ഥിരമായി വാച്ചർമാരെയോ പ്രദേശത്ത് നിയോഗിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.