കിളയപ്പാടത്തും കാട്ടാന; വാഴകൃഷി നശിപ്പിച്ചു
text_fieldsഅലനല്ലൂര്‍: ഉപ്പുകുളം കിളയപ്പാടത്ത് കാട്ടാനയിറങ്ങി വാഴകൃഷി നശിപ്പിച്ചു. ചക്കുപുരയ്ക്കല്‍ ഹംസ, സൈദ് എന്നിവരുടെ 20ഉം വടക്കേപീടിക മുഹമ്മദിന്റെ 30ഉം കുലക്കാറായ വാഴകളാണ് നശിപ്പിച്ചത്. ഞായറാഴ്ച പുലര്‍ച്ച നാലുമണിയോടെയാണ് പ്രദേശത്തേക്ക് കാട്ടാനകളെത്തിയത്. കാട്ടാനകളുടെ ശല്യമുണ്ടാകാത്ത മേഖലയാണിതെന്നാണ് കർഷകർ പറയുന്നത്.
കാടിറങ്ങി വീടുകളുടെ മുറ്റത്തുകൂടെയും റോഡു മുറിച്ചുകടന്നുമാണ് ആനകൾ കൃഷിയിടത്തേക്കെത്തിയത്. പുലര്‍ച്ച ടാപ്പിങ്ങിന് പോവുകയായിരുന്ന ഞെരിയാണിക്കല് നാസറിന് നേരെ ചൂളി ഭാഗത്തവെച്ച് ആനകള്‍ പാഞ്ഞടുത്തതായി പറയുന്നു. അപ്രതീക്ഷിതമായെത്തിയ കാട്ടാനകൾ കര്‍ഷകരുടെ പ്രതീക്ഷകളാണ് തകര്‍ത്തത്.
പാട്ടത്തിനെടുത്തും മറ്റും നടത്തിയ കൃഷി നശിപ്പിച്ചതിനാല്‍ പ്രതിസന്ധിയിലായതായും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും പ്രദേശത്ത് കാട്ടാന സാന്നിധ്യം പതിവാകും മുമ്പേ തുരത്താൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വീട്ടുമുറ്റം വരെ കാട്ടാനകളെത്തിയതോടെ കിളയപ്പാടം നിവാസികള്‍ ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.