കച്ചേരിപറമ്പിലെ കാട്ടാനശല്യം; കർഷകർ പ്രതിഷേധിച്ചു
text_fieldsഅലനല്ലൂർ: തിരുവിഴാംകുന്ന് കച്ചേരിപറമ്പിലെ കാട്ടാനശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കർഷകരും പ്രദേശവാസികളും വനംവകുപ്പ് ഓഫിസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. രാവിലെ ആരംഭിച്ച കർഷകരുടെ പ്രതിഷേധം അഞ്ച് മണിക്കൂറിലധികം നേരം നീണ്ടു.
ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിഹാരം കണ്ടശേഷമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലായിരുന്നു പ്രതിഷേധക്കാർ. 12 മണിയോടെ മണ്ണാർക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ എൻ. സുബൈർ സ്ഥലത്തെത്തി കർഷക പ്രതിനിധികളുമായി ചർച്ച നടത്തി.
കർഷകർ അവരുടെ നാശനഷ്ടവും ഭീതിയും റേഞ്ച് ഓഫിസറെ അറിയിച്ചു. വിള നഷ്ടപ്പെട്ട വിവരം രേഖാമൂലം അറിയിച്ച മുഴുവൻ കർഷകർക്കും നഷ്ടപരിഹാരം ലഭിക്കുമെന്നും ആനകളെ തുരത്താനുള്ള സംവിധാനം പരീക്ഷിക്കുമെന്നും റേഞ്ച് ഓഫിസർ എൻ. സുബൈർ പറഞ്ഞു. ആനകളെ ഉൾവനത്തിലേക്ക് തുരത്താനുള്ള തീവ്രശ്രമം വ്യാഴാഴ്ച മുതൽ നടത്തുമെന്ന വനംവകുപ്പിന്റെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. തുടരെ ഉണ്ടായ കാട്ടാനകളുടെ ആക്രമണത്തിൽ പ്രദേശത്തെ നിരവധി കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായി. കൂടാതെ ജനവാസ മേഖലയിലേക്കും ആനകൾ ഇറങ്ങുന്നുണ്ട്. വലിയ തോതിൽ കാട്ടാനകളുടെ ആക്രമണം ഉണ്ടായിട്ടും വനംവകുപ്പ് കാര്യക്ഷമമായി ഇടപെടാത്തത് ജനങ്ങളിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.