കൂട്ടത്തോടെ കാടിറങ്ങി കാട്ടാനകൾ
text_fieldsഅകത്തെത്തറ: നാടും നഗരവും കാട്ടാന ഭീതിയിൽ. ഒരു ഇടവേളക്ക് ശേഷം നാട്ടിലിറങ്ങുന്ന കാട്ടാനകളുടെ എണ്ണത്തിൽ വർധനവുണ്ടായതോടെ അകത്തേത്തറ ഗ്രാമപഞ്ചായത്തിലെ ധോണിയിലും പരിസരപ്രദേശങ്ങളിലും കാട്ടാന പേടിയിലാണ് നാട്ടുകാർ. രാത്രിയിൽ എപ്പോഴൂം കാട്ടാനകൾ ജനവാസ മേഖലയിലെത്തുമെന്ന പേടിയിലാണ്.
ഒരാഴ്ചയായി ധോണി മായാപുര ക്വാറിക്ക് സമീപം കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലിറങ്ങുന്നത് പതിവായിരിക്കുകയാണ്. ബുധനാഴ്ച അർധരാത്രി മായാപുരം മേരിമാത ക്വാറിയുടെ വേലി തകർത്താണ് ആനകൾ ഇറങ്ങിയത്.
പുറത്തെത്തിയ കാട്ടാനയെ പിന്നെ കണ്ടെത്തിയിട്ടില്ല. കഴിഞ്ഞവർഷം ഇതേ സീസണിൽ കാട്ടാന ശല്യം മേഖലയിൽ രൂക്ഷമായിരുന്നു. വയലേലകളിലും സ്വകാര്യവ്യക്തികളുടെ പറമ്പിലും തഴച്ചുവളരുന്ന പുൽച്ചെടികളും തിന്നാനും വെള്ളം കുടിക്കാനും കൂട്ടമായെത്തുന്ന കാട്ടാനകൾ ജനവാസ മേഖലയിൽ സ്വൈര്യ ജീവിതത്തിന് ഭീഷണിയാകുന്നു.
കാട്ടാനശല്യം തടയാൻ ഫലപ്രദമായ പദ്ധതികൾ ആവിഷ്കരിക്കണമെന്ന തദ്ദേശവാസികളുടെ ആവശ്യം ഇനിയും പ്രാവർത്തികമായിട്ടില്ല. ജനവാസ മേഖലയോട് ചേർന്ന വനാതിർത്തി പ്രദേശങ്ങളിൽ റെയിൽവേലി നിർമിക്കണമെന്ന ആവശ്യവും അധികൃതർ അവഗണിച്ച മട്ടാണ്.
ഉൾക്കാട്ടിൽനിന്ന് നാട്ടിലെത്തുന്ന കാട്ടാനകൾ ഇടതൂർന്ന് വളരുന്ന സ്ഥലങ്ങളിൽ പകൽ തമ്പടിച്ച് രാത്രി ഇരുട്ടിയാൽ ജനവാസമേഖലയിൽ ഇറങ്ങുന്ന പ്രവണതയുണ്ട്. ധോണിയിലും പരിസരപ്രദേശങ്ങളിലും രുദ്രപ്രതികരണ സംഘത്തിന്റെ സേവനം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.