കഞ്ചിക്കോട് മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം
text_fieldsപാലക്കാട്: ഇടവേളക്കുശേഷം കഞ്ചിക്കോട്-മലമ്പുഴ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം. ഇമേജ് പ്ലാന്റിന്റെ സമീപവും പന്നിമട, വേനോലി മേഖലയിലുമാണ് 16 ആനകളടങ്ങുന്ന കൂട്ടമെത്തിയത്. ഉൾവനത്തിൽ നിന്ന് കൃഷിയിടങ്ങളിലേക്ക് എത്തുന്ന കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചാണ് മടങ്ങുന്നത്.
വിളവെടുപ്പിന് പാകമായ നെൽവയലുകളാണ് ആന നശിപ്പിക്കുന്നത്. 12 ഏക്കറോളം നെൽവയലുകൾ നശിപ്പിച്ചതായി കർഷകർ പറഞ്ഞു.
പന്നിമട-മലമ്പുഴ റോഡിലും രാപകൽ വ്യത്യാസമില്ലാതെ കാട്ടാനക്കൂട്ടം തമ്പടിച്ചതോടെ ഇതിലൂടെയുള്ള യാത്ര പോലും ഭീതിയിലാണ്. ഇമേജ് മാലിന്യ സംസ്കരണ പ്ലാന്റിനു സമീപത്തെ ക്വാറിയുടെ പരിസരത്താണ് ആനക്കൂട്ടം പകൽ സമയങ്ങളിൽ തമ്പടിക്കുന്നത്. ഐ.ഐ.ടി കാമ്പസിന് തൊട്ടടുത്തും ഇവ കൂട്ടമായി നിലയുറപ്പിക്കുന്നത് ഭീഷണിയാണ്.
ഒരു മാസത്തിനിടെ പന്നിമട, കൊട്ടേക്കാട്, വലിയേരി, ആറങ്ങോട്ടുകുളമ്പ് എന്നിവിടങ്ങളിൽ ആനകൾ ഏക്കർ കണക്കിനു കൃഷിയാണ് നശിപ്പിച്ചത്.
കൊയ്യാറായ പാടങ്ങളിലേക്ക് കാട്ടാനക്കൂട്ടം എത്താതിരിക്കാൻ തീപ്പന്തവും പടക്കവുമായി കർഷകർ പാടങ്ങളിൽ കാവൽ നിൽക്കുകയാണ്. വനംവകുപ്പ് വാച്ചർമാർ പ്രദേശത്ത് നിരീക്ഷണത്തിനുണ്ടെങ്കിലും കാട്ടാനക്കൂട്ടം ഒന്നിച്ചെത്തുന്നതോടെ പ്രതിരോധം പാളും.
അയ്യപ്പൻമല ഇറങ്ങിയാണ് കാട്ടാനക്കൂട്ടമെത്തിയിട്ടുള്ളത്. പലയിടത്തും ഫെൻസിങ്ങും ആനക്കൂട്ടം തകർത്തിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ വാച്ചർമാരെ നിയോഗിച്ച് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.