രാത്രിയിലും നെല്ലിയാമ്പതിയിൽ തീ അണക്കാൻ നെട്ടോട്ടമോടി വനം വകുപ്പ്
text_fieldsനെല്ലിയാമ്പതി ഓവുപാറ വനമേഖലയിൽ വ്യാഴാഴ്ച രാത്രിയിലും പടരുന്ന കാട്ടുതീ
നെല്ലിയാമ്പതി: വനമേഖലയിൽ വ്യാഴാഴ്ച രാത്രിയിലും തീ അണക്കലുമായി വനം വകുപ്പ് ദൗത്യം തുടരുന്നു. രണ്ടു ദിവസമായി കത്തിയിരുന്ന തീ അണച്ചെങ്കിലും ഓവുപാറ വനമേഖലയിൽ ബുധനാഴ്ച രാത്രി കാറ്റിൽ വീണ്ടും തീ പടരുകയായിരുന്നു. റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. ഷരീഫിന്റെ നേതൃത്വത്തിൽ തിരുവഴിയാട്, പോത്തുണ്ടി, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ ജൈനുലാബുദ്ദീൻ, സുധീഷ് എന്നിവരും ബി.എഫ്.ഒമാരും വിവിധ മേഖലകളിലെ വനം വാച്ചർമാരും ചേർന്ന് വ്യാഴാഴ്ച അതിരാവിലെ കാട്ടുതീ അണക്കൽ ദൗത്യം ആരംഭിച്ചു.
മണലൂർച്ചള്ള മുതൽ വേങ്ങവാരി വരെ കഴിഞ്ഞ ദിവസം പടർന്നുപിടിച്ച കാട്ടുതീ ബ്ലോവർ ഉപയോഗിച്ച് ഫയർ ബ്രേക്കറുകളും മറ്റും നിർമിച്ച് നിയന്ത്രണവിധേയമാക്കിയതായി നെല്ലിയാമ്പതി റേഞ്ച് ഫോറസ്റ്റ് ഓഫിസർ സി. ഷെരീഫ് പറഞ്ഞു. എന്നാൽ, ഓവുപാറക്കുന്നിൽനിന്ന് പൂഞ്ചേരികുന്നിൻ ചെരുവിലേക്ക് മറ്റൊരു വശത്തുകൂടി കാറ്റിൽ വീണ്ടും തീ പടർന്നു. വൈകീട്ട് അഞ്ചോടെ പത്ത്മലയുടെ തെക്കേ ചെരുവിലെ മണലൂർ ചള്ള വേങ്ങവാരി കുന്നിൻ ചെരുവുകളിലെ തീയണച്ച് വനത്തിന് പുറത്ത് താഴ്വരയിലെത്തിയ വനം ജീവനക്കാരാണ് ഇതേ മലയുടെ വടക്കുഭാഗത്തുള്ള പൂഞ്ചേരികുന്നിലേക്ക് തീ പടർന്നത് കണ്ടത്.
കടുത്ത ചൂടും വെള്ളക്ഷാമവും കാട്ടിൽ കരിയില വീണുകിടക്കുന്നതും ചെങ്കുത്തായ ഭാഗത്തെ പാറക്കൂട്ടങ്ങൾക്ക് അരികിലെ ഉണങ്ങിയ പുല്ലുകളും കാട്ടുതീ അതിവേഗം പടരുന്നതിന് കാരണമായി. ചെങ്കുത്തായ പ്രദേശവും മുൾച്ചെടികളും കാട്ടുതീ അണക്കുന്നതിന് തടസ്സമാകുന്നതായി വനം വാച്ചർമാർ പറയുന്നു. ബ്ലോവറുകളും ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളുമായി വനമേഖലയിലെ ദുർഘട വഴികൾ താണ്ടി കാട്ടുതീ അണക്കുന്ന പ്രവർത്തനം രാത്രിയിലും തുടരുകയാണ്. ചെങ്കുത്തായ മലകൾക്ക് താഴ്ഭാഗത്ത് കൂടി ഫയർ ബ്രേക്കർ ലൈനുകൾ സൃഷ്ടിച്ചും തീയണക്കാൻ ശ്രമമുണ്ട്. വനപാലകർക്ക് മുള്ളുകൾ തട്ടിയും മറ്റും പരിക്കേൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാരെ എത്തിച്ച് കാട്ടുതീ അണക്കാനാണ് തീവ്രശ്രമം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.