കാട്ടാനകൾ നാട്ടിൽ വിലസുന്നു; ആധി പെരുത്ത് കർഷകർ
text_fieldsമുണ്ടൂർ: പി.ടി ഏഴാമനെ കൂട്ടിലടച്ചിട്ടും ധോണി മേഖലയിലെ ആനശല്യത്തിന് അറുതിയില്ലാത്തത് കർഷകരിൽ ആശങ്കയേറ്റുന്നു. കയ്യറ മേഖലയിലെ നെൽപാടങ്ങൾ കൊയ്ത്തിനൊരുങ്ങുമ്പോൾ ധോണി എന്ന പി.ടി ഏഴാമന്റെ ഒപ്പമുണ്ടായിരുന്ന മറ്റ് ആനകൾ നാട്ടിൽ വിലസുന്നതാണ് കർഷകർക്ക് ആധി കൂട്ടുന്നത്. വിളവെടുക്കാൻ പാകമാവുന്ന നെൽപാടങ്ങളിൽ നെൽചെടി പിഴുത് തിന്നാനെത്തുന്ന കാട്ടാനകൾ കർഷകരുടെ ഉറക്കം കെടുത്തുകയാണ്.
കഴിഞ്ഞ ദിവസം അരുമണിയിൽ രണ്ട് കാട്ടാനകൾ രാത്രി കൃഷിയിടങ്ങളിലെത്തി കൃഷി നശിപ്പിച്ചിരുന്നു. കൃഷിക്ക് കാവൽ നിൽക്കുന്നവരാണ് കാട്ടാനകളെ പടക്കം പൊട്ടിച്ച് തുരത്തിയത്. പോകുന്ന വഴിയിൽ തെങ്ങും നശിപ്പിച്ചു. ഒരാഴ്ചയായി പുതുപ്പരിയാരം, മുണ്ടൂർ, അകത്തേത്തറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പ്രദേശങ്ങളിൽ ഒറ്റക്കും കൂട്ടായും എത്തുന്ന കാട്ടാനകൾ നെൽപാടങ്ങളിലിറങ്ങിയാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം അരുമണിയിൽ മഹാളി വേലായുധൻകുട്ടി, പത്മനാഭൻ എന്നിവരുടെ തെങ്ങ് കാട്ടാന നശിപ്പിച്ചിരുന്നു.
മുണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഒടുവൻകാട്, പൂത്രംപാടം, പുതുപ്പരിയാരം അരുവറ, അരുമണി എന്നിവിടങ്ങളിലും വിളവെടുപ്പിന് പാകമായ നെൽകൃഷിയാണ് നശിപ്പിച്ചത്. ധോണി ഉൾക്കാട്ടിൽനിന്ന് ഒന്നര കിലോമീറ്റർ മാത്രം ദൂരമുള്ള കയ്യറയിലും പരിസരങ്ങളിലും കാട്ടാനകൾക്ക് നാട്ടിലിറങ്ങാൻ നാട്ടുപാതയുണ്ട്. നൊച്ചുപ്പുള്ളി കനാൽ പരിസരം, വേളേക്കാട്, കൊളക്കണ്ടാം പറ്റം, അരുമണി എന്നിവിടങ്ങളിലും കാട്ടാന ശല്യം പതിവാണ്.
രണ്ട് വർഷം മുമ്പ് പ്രഖ്യാപിച്ച പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും പ്രാവർത്തികമായിട്ടില്ലെന്നാണ് കർഷകർ പറയുന്നത്. വഴിവിളക്കുകളില്ലാത്ത സ്ഥലങ്ങൾ നിരവധി. കിടങ്ങ് മിക്കയിടങ്ങളിലും മണ്ണടിഞ്ഞുതൂർന്നു. വാണിജ്യാടിസ്ഥാനത്തിൽ കൈതച്ചക്കയും മറ്റും കൃഷി ചെയ്യുന്നവർ ഉയർന്ന ക്ഷമതയുള്ള വൈദ്യുതി വേലിയാണ് പ്രതിരോധത്തിന് സ്ഥാപിച്ചിട്ടുള്ളത്. ഇത്തരം വേലികൾ തട്ടി അകലുന്ന കാട്ടാനകൾ വനം വകുപ്പ് നിർമിച്ച വനാതിർത്തിയിലെ പ്രവർത്തനക്ഷമത കുറഞ്ഞ സൗരോർജ വേലി മറിച്ചിട്ടും കിടങ്ങ് ചാടി കടന്നും വീണ്ടുമെത്തുകയാണ്.
പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ അരുമണിയിൽ കാട്ടാനകൾ പകൽ തമ്പടിച്ച് രാത്രിയിൽ നാട്ടിലിറങ്ങുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജനവാസ മേഖലയിലും വനാതിർത്തിയിലുമുള്ള കുറ്റിക്കാട് വെട്ടി നീക്കുമെന്ന് വനപാലകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.