പാലക്കാട് ഡിവിഷന് മംഗളൂരു നഷ്ടമാവുമോ?, ആശങ്ക ബാക്കിയാക്കി റെയിൽവേ വികസന യോഗം
text_fieldsപാലക്കാട്: മംഗലാപുരം റെയിൽവേ വികസനം സംബന്ധിച്ച് സ്വന്തംനിലക്ക് വരുമാന-അടിസ്ഥാന വികസന ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള പദ്ധതി തയാറാക്കി മന്ത്രാലയത്തെ അറിയിക്കാൻ കേന്ദ്ര റെയിൽവേ സഹമന്ത്രി വി. സോമണ്ണ റെയിൽവേ ഡിവിഷനൽ അധികൃതർക്ക് നിർദേശം നൽകി. മംഗളൂരു കേന്ദ്രീകരിച്ച് റെയിൽവേ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുത്ത ചർച്ചയിലാണ് തീരുമാനം. പാലക്കാട് ഡിവിഷനിൽനിന്ന് അടർത്തിമാറ്റി റെയിൽവേ ഡിവിഷൻ രൂപവത്കരിക്കാനുള്ള സാധ്യത ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെത്തിയത്. ഇതോടെ മംഗളൂരു ഡിവിഷൻ പ്രഖ്യാപനമുണ്ടായില്ലെങ്കിലും പാലക്കാട് ഡിവിഷന് ഏറ്റവും വരുമാനം ലഭിക്കുന്ന മംഗളൂരു സെൻട്രൽ, മംഗളൂരു ജങ്ഷൻ എന്നിവ നഷ്ടമാകുമെന്ന ആശങ്ക വർധിക്കുകയാണ്.
മംഗലാപുരം മേഖലയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും സംബന്ധിച്ച നിരവധി വിഷയങ്ങളാണ് ചർച്ചക്കു വന്നത്. മംഗളൂരു കേന്ദ്രീകരിച്ച് റെയിൽവേ ഡിവിഷനുവേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെ വാദിച്ചെങ്കിലും റെയിൽവേ സഹമന്ത്രി അനുകൂല തീരുമാനമൊന്നും പറഞ്ഞില്ല. സതേൺ, സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ജനറൽ മാനേജർമാരും കൊങ്കൺ റെയിൽവേയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുൾപ്പെടെയുള്ളവർ ചർച്ചയിൽ പങ്കെടുത്തിരുന്നു.
പാലക്കാട് ഡിവിഷനിൽനിന്ന് മംഗലാപുരം അടർത്തിമാറ്റി പുനഃക്രമീകരണം നടത്തുന്നത് റെയിൽവേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. പാലക്കാട് ഡിവിഷനിലെ പയ്യന്നൂർ മുതൽ മറ്റൊരു ഡിവിഷനുമായി കൂട്ടിച്ചേർക്കാനും പകരം തിരുവനന്തപുരം ഡിവിഷനിലെ ആലുവ മുതൽ വള്ളത്തോൾ നഗർ വരെ പാലക്കാടിനോട് ചേർക്കാനുമുള്ള നിർദേശവും വന്നിരുന്നു. മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽനിന്ന് വേർപെടുത്തി കൊങ്കൺ റെയിൽവേ ശൃംഖല കർണാടകയിൽ കൊണ്ടുവരണമെന്ന് ഡി.വി. സദാനന്ദ ഗൗഡ കർണാടക മുഖ്യമന്ത്രിയായിരുന്നപ്പോൾ ആവശ്യപ്പെട്ടതാണ്. മംഗളൂരു മേഖലയെ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ കീഴിലാക്കി ഡിവിഷനായി പ്രഖ്യാപിക്കണമെന്നതും ഏറെക്കാലത്തെ ആവശ്യമാണെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.
2007ലാണ് ജോലാർപേട്ടയിൽനിന്ന് പോത്തന്നൂരിലേക്കുള്ള 623 കിലോമീറ്റർ റൂട്ട് വെട്ടിക്കുറച്ച് കോയമ്പത്തൂർ മേഖല ഉൾപ്പെടെ പാലക്കാട് ഡിവിഷനിൽനിന്ന് നീക്കംചെയ്ത് സേലം ഡിവിഷൻ രൂപവത്കരിച്ചത്. ഇതിനുശേഷം പലപ്പോഴായി പാലക്കാട് ഡിവിഷനെ വെട്ടിച്ചുരുക്കാൻ ശ്രമം നടന്നെങ്കിലും പ്രതിഷേധംമൂലം വിജയിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.