കാറ്റിൽനിന്ന് വൈദ്യുതി; കോട്ടമല വീണ്ടും പരിഗണനയിൽ
text_fieldsആലത്തൂർ: കാറ്റിൽനിന്ന് വൈദ്യുതി എന്ന ആശയം ഉടലെടുത്തപ്പോൾ പരീക്ഷണമെന്ന നിലയിൽ സംസ്ഥാനത്ത് ആദ്യമായി കാറ്റാടിയന്ത്രം സ്ഥാപിച്ച കോട്ടമല വീണ്ടും പരിഗണനയിൽ എത്തുന്നു. വാളയാർ ചുരം വഴിയെത്തുന്ന പാലക്കാടൻ കോടക്കാറ്റ് ആഞ്ഞുവീശുന്ന കുന്നിൻ മുകളാണ് കോട്ടമല. ആലത്തൂർ താലൂക്കിലെ തേങ്കുറുശ്ശി പഞ്ചായത്തിലാണ് കോട്ടമലക്കുന്ന് സ്ഥിതിചെയ്യുന്നത്. പാലക്കാട്-തൃശൂർ ദേശീയപാതയിൽ ചിതലി പാലത്തിനും വെള്ളപ്പാറക്കുമിടയിൽനിന്ന് കിഴക്കുഭാഗത്തായി ദൂരെ കോട്ടമലയും അവിടെ സ്ഥാപിച്ച ആദ്യ കാറ്റാടിയന്ത്രം കാണാം. കെ.എസ്.ഇ.ബി തൃശൂർ സർക്കാൾ ജനറേറ്റിങ് െഡപ്യൂട്ടി ചീഫ് എൻജിനീയർ തയാറാക്കിയ 86.01 ലക്ഷത്തിെൻറ രൂപരേഖക്കാണ് സെപ്റ്റംബർ 30ന് ഭരണാനുമതി ലഭിച്ചത്. വിശദമായ പദ്ധതി രൂപരേഖ തയാറാക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്. പാരമ്പര്യേതര ഊർജോൽപാദനം വർധിപ്പിക്കാനുള്ള തീരുമാനത്തിെൻറ ഭാഗമായാണ് പദ്ധതി പുനരുജീവിപ്പിക്കുന്നത്. 100 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന പുതിയ കാറ്റാടിയും ജനറേറ്ററുമാണ് സ്ഥാപിക്കുക.
ആദ്യം ഏറ്റെടുത്ത തേങ്കുറുശ്ശി രണ്ട് വില്ലേജിലെ 0.0920 ഹെക്ടർ സ്ഥലവും വനം വകുപ്പിൽനിന്ന് പാട്ടത്തിനെടുത്ത പെരുങ്കുന്നത്തെ o.255 ഹെക്ടർ സ്ഥലവും ഇതിനായി ഉപയോഗപ്പെടുത്തും. കോട്ടമലയിൽ പരീക്ഷണ പദ്ധതി സ്ഥാപിച്ചത് 1988ലാണ്. അന്നത്തെ മുഖ്യമന്ത്രി ഇ.കെ. നായനാർ ഉദ്ഘാടനവും നിർവഹിച്ചു.
95മും 19മും കിലോവാട്ട് ഉൽപാദനശേഷിയുള്ള രണ്ട് ജനറേറ്ററുകളിൽനിന്ന് വൈദ്യുതി ലഭിക്കുന്ന സംവിധാനമാണ് സ്ഥാപിച്ചിരുന്നത്.
കാറ്റാടിയിൽനിന്ന് മിനിറ്റിൽ ഒരുയൂനിറ്റ് വൈദ്യുതിയെന്ന നിലയിൽ ദിവസം 1440 യൂനിറ്റ് ഉൽപാദനമായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ, പരീക്ഷണമായതുകൊണ്ട് കാര്യമായ പ്രയോജനമില്ലാതെ തുടക്കത്തിൽ തന്നെ പദ്ധതി കോട്ടമലയിൽ പരാജയപ്പെട്ടെങ്കിലും കാറ്റിൽനിന്ന് വൈദ്യുതിയെന്ന ആശയം പരീക്ഷണം വിജയം കണ്ടു. അങ്ങനെയാണ് ഇന്ന് കേരളത്തിലും പുറത്തും വലിയ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാവുന്ന വിധം കാറ്റാടികൾ സ്ഥാപിച്ചുതുടങ്ങിയത്.
െഡൻമാർക്കിലെ ബോണസ് കമ്പനി നിർമിച്ചതാണ് കോട്ടമലയിൽ സ്ഥാപിച്ച ആദ്യത്തെ കാറ്റാടി. പുനയിലെ ഒരു ഏജൻസിയാണ് ഇറക്കുമതി ചെയ്ത യന്ത്ര ഭാഗങ്ങൾ കോട്ടമലയിൽ കൂട്ടിയോജിപ്പിച്ചത്. പരീക്ഷണത്തിലെ ആദ്യത്തെ പദ്ധതി ആയതുകൊണ്ട് നിസ്സാര തകരാറുകൾക്കുപോലും പൂനയിലെ കമ്പനിയിൽനിന്ന് വിദഗ്ധർ എത്തിയാണ് നന്നാക്കിയിരുന്നത്. യന്ത്ര ഭാഗങ്ങൾ സ്േറ്റാക്ക് ചെയ്യാത്തതിനാൽ ഇടക്കിടെയുണ്ടാകുന്ന തകരാറുകൾ കാരണം പദ്ധതി മുന്നോട്ടുപോകുന്നതിന് തടസ്സം നേരിട്ടു. അതിനുശേഷം മറ്റ് എല്ലായിടത്തും കാറ്റാടി പാടങ്ങൾ വരെ സ്ഥാപിച്ച് വിജയകരമായി പ്രവർത്തിച്ചു വരുമ്പോഴും പരീക്ഷണ കാറ്റാടി സ്ഥാപിച്ച കോട്ടമലയെ പരിഗണിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.